ലക്ഷത്തിലേറെ കാർ തിരിച്ചുവിളിക്കാൻ മസ്ദ

Madza RX 8

ഇന്ധന പമ്പിലേക്കുള്ള പൈപ്പിലെ ചോർച്ചയുടെയും മുൻ സസ്പെൻഷനിലെ പ്രശ്നങ്ങളുടെയും പേരിൽ ആയിരക്കണക്കിനു പഴയ സ്പോർട്സ് കാറുകൾ തിരിച്ചുവിളിക്കാൻ ജാപ്പനീസ് നിർമാതാക്കളായ മസ്ദ ഒരുങ്ങുന്നു. 2004നും 2008നുമിടയിൽ നിർമിച്ച ‘ആർ എക്സ് — 8’ കാറുകൾക്കാണു പരിശോധന ആവശ്യമായി വരിക. ഇത്തരത്തിലുള്ള 69,000 കാറുകൾ തിരിച്ചുവിളിക്കേണ്ടി വരുമെന്നാണു കണക്ക്.

കാറിന്റെ ഇന്ധന പമ്പിലേക്കുള്ള പൈപ്പിൽ വിള്ളൽ വീഴാനും അതുവഴി പെട്രോൾ ചോരാനുമുള്ള സാധ്യത മുൻനിർത്തിയാണു മസ്ദയുടെ കരുതൽ നടപടി. ഇന്ധനം ചോരാനിടായയാൽ അഗ്നിബാധയ്ക്കും സാധ്യതയുണ്ടെന്നു കമ്പനി മുന്നറിയിപ്പ് നൽകുന്നു. എന്നാൽ പൈപ്പിൽ വിള്ളൽ മൂലം അപകടങ്ങളോ അഗ്നിബാധയോ സംഭവിച്ചിട്ടുണ്ടോ എന്നും ആളപായമോ പരുക്കോ നേരിട്ടോയെന്നും മസ്ദ വ്യക്തമാക്കിയിട്ടില്ല. ജൂലൈ 30 മുതൽ വാഹന പരിശോധന ആരംഭിക്കാനാണു നീക്കം. തകരാറുള്ള ഇന്ധന പമ്പ് ഫിൽറ്റർ കിറ്റുകൾ മസ്ദ ഡീലർമാർ സൗജന്യമായി മാറ്റി നൽകും. 

ഇതിനു പുറമെ സസ്പെൻഷനിലെ തകരാറിന്റെ പേരിൽ 35,000 കാറുകൾ തിരിച്ചുവിളിക്കാനും മസ്ദ തീരുമാനിച്ചിട്ടുണ്ട്. 2004 മോഡൽ ‘ആർ എക്സ് — 8’ കാറുകൾക്കാണ് ഈ പരിശോധന ബാധകമാവുക. മുന്നിൽ ബോൾ ജോയിന്റ് സോക്കറ്റുകളിൽ വിള്ളൽ വീഴാനും അതോടെ സോക്കറ്റിൽ നിന്നു ജോയിന്റ് വിട്ടുപോകാനുമുള്ള സാധ്യതയുണ്ടെന്നാണു മസ്ദയുടെ കണ്ടെത്തൽ. ഇങ്ങനെ സംഭവിച്ചാൽ കാറിൽ സ്റ്റീയറിങ്ങിനുള്ള നിയന്ത്രണം നഷ്ടമായി അപകടസാധ്യത സൃഷ്ടിക്കപ്പെടും. ഈ പിഴവുള്ള കാറുകളുടെ ഉടമകളെയും ജൂലൈ 30നകം വിവരം അറിയിക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.