കടലിലെ കൊട്ടാരവുമായി റിറ്റ്സ് കാൾട്ടൻ

Ritz Carlton

ഹോട്ടൽ വ്യവസായ മേഖലയിലെ പ്രമുഖരായ യു എസിലെ മാരിയറ്റ് ഇന്റർനാഷനലിന്റെ ഭാഗമായ റിറ്റ്സ് കാൾട്ടൻ ഹോട്ടൽ ആഡംബര നൗക, ക്രൂസ് മേഖലകളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നു. സമുദ്രമേഖല വിദഗ്ധരായ ഡഗ്ലസ് പ്രൊത്തേറൊയും ലാഴ്സ് ക്ലാസനും ചേർന്നു റിറ്റ്സ് കാൾട്ടനു വേണ്ടി ആവിഷ്കരിച്ച പുതു സംരംഭത്തിനു മൂലധനം കണ്ടെത്തുന്നത് ഓക്ട്രീ കാപിറ്റൽ മാനേജ്മെന്റിന്റെ മേൽനോട്ടത്തിലുള്ള ഫണ്ടുകളിൽ നിന്നാവും. ദീർഘകാല കരാറിലൂടെയാവും പുതുസംരംഭത്തിന് ആവശ്യമായ ആഡംബര യാനങ്ങളും ക്രൂസ് ഷിപ്പുകളും പോലുള്ള അടിസ്ഥാന സൗകര്യം കണ്ടെത്തുകയെന്നും യു എസ് ആസ്ഥാനമായ റിറ്റ്സ് കാൾട്ടൻ വ്യക്തമാക്കി.

ആഡംബര യാത്രയ്ക്കു പുതിയ മാനങ്ങൾ സമ്മാനിക്കാൻ ലക്ഷ്യമിട്ടാണ് ആഡംബര നൗകകളും ക്രൂസും സമന്വയിക്കുന്ന ദ് റിറ്റ്സ് കാൾട്ടൻ യോട്ട് കലക്ഷന്റെ വരവെന്ന് റിറ്റ്സ് കാൾട്ടൻ ഹോട്ടൽ കമ്പനി പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ ഹെർവെ ഹംലർ വിശദീകരിച്ചു. വ്യക്തിഗത സേവനത്തിലെ അത്യുന്നത നിലവാരം ആസ്വദിച്ച് സഞ്ചാരപ്രിയർക്കു ലോകം കാണാനുള്ള അവസരമാണ് ഒരുങ്ങുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.  

കമ്പനിയുടെ ആദ്യ ഉല്ലാസക്കപ്പൽ മെഡിറ്ററേനിയൻ, ഉത്തര യൂറോപ്പ്, കരീബിയൻ, ലാറ്റിൻ അമേരിക്ക മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാവും സർവീസ് നടത്തുക. അതതു കേന്ദ്രങ്ങളിലെ കാലാവസ്ഥ അടിസ്ഥാമാക്കിയാവും അന്തിമ യാത്രാക്രമം റിറ്റ്സ് കാൾട്ടൻ തയാറാക്കുക. 190 മീറ്റർ നീളമുള്ള ചെറുകപ്പലിൽ 298 പേർക്കാണ് ആഡംബര യാത്ര സാധ്യമാവുക; ഇവർക്കായി ആകെ 149 സ്വീറ്റുകളാണ് നൗകയിൽ സജ്ജീകരിക്കുക. മാരിയറ്റ് ഇന്റർനാഷനലിന്റെ ഭാഗമായ റിറ്റ്സ് കാൾട്ടൻ ഹോട്ടൽ കമ്പനിക്ക് 30 രാജ്യങ്ങളിലായി  90 ഹോട്ടലുകളും 40 പാർപ്പിട സൗകര്യങ്ങളുമാണു നിലവിലുള്ളത്. ഇന്ത്യയിൽ ബെംഗളൂരുവിലാണ് റിറ്റ്സ് കാൾട്ടന് ഹോട്ടലുള്ളത്.