‘എക്സ് ക്ലാസ്’ ബെൻസിന്റെ അത്യാഡംബര പിക്ക് അപ്പ്

Mercedes-Benz X-Class

ഇന്ത്യക്കാർ‌ക്ക് അത്ര താൽപര്യമില്ലെങ്കിലും രാജ്യാന്തര വിപണികളിൽ ഏറ്റവുമധികം വിൽപ്പനയുള്ള മോ‍ഡലുകളാണ് പിക്ക് അപ്പുകൾ. എസ്‌യു‌വികളുടെ കരുത്തും കാറുകളുടെ ലക്ഷ്വറിയും ഉപയോഗക്ഷമതയും ഒരുപോലെ ഒത്തു ചേർന്ന ഇവരെ മിനി ട്രക്കുകൾ എന്ന ഓമനപ്പേരിലാണ് ചില രാജ്യങ്ങളിൽ അറിയപ്പെടുന്നത്. ഫോഡ് എഫ് സീരിസ്, ഷെവർലെ സിൽവറാഡോ, ഡോഡ്ജ് റാം, ജിഎംസി സിയാറ, നിസാൻ ഫോർച്യൂണർ തുടങ്ങി വാഹനങ്ങൾ അരങ്ങു വാഴുന്ന പിക്ക് അപ്പ് സെഗ്‌മെന്റിലേക്ക് ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെഴ്സഡീസ് ബെൻസുമെത്തുന്നു.

Mercedes-Benz X-Class

ഓൺ–ഓഫ് റോഡ് മികവും ആ‍ഢംബരവും സ്റ്റൈലും ഒത്തുചേർന്ന് ഈ കരുത്തന് കമ്പനി നൽകിയിരിക്കുന്ന പേര് എക്സ്–ക്ലാസ്. ലോകത്തിലെ ആദ്യ പ്രീമിയം പിക്ക് അപ്പ് എന്ന വിശേഷണത്തോടെയാണ് മെഴ്സഡീസ് ബെൻസ് നിരയിലെ ആദ്യ മിനി ട്രക്കിനെ പ്രദർശിപ്പിച്ചത്. കുറച്ചു നാളുകൾക്ക് മുമ്പ് കമ്പനി പ്രദർശിപ്പിച്ച കൺസെപ്റ്റ് മോഡലിൽ നിന്ന് അധികം വ്യത്യസമില്ലാതെയാണ് പുതിയ എക്സ്– ക്ലാസ് അവതരിപ്പിച്ചിരിക്കുന്നത്.  ഈ വർഷം അവസാനം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനത്തിന്റെ വില ഏകദേശം 37,294 യൂറോ (ഏകദേശം 27.64 ലക്ഷം രൂപ) ആണ് വില. തുടക്കത്തിൽ അർജന്റീന, സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ, ബ്രസീൽ, ന്യൂസിലാൻഡ് തുടങ്ങിയ വിപണികളിലായിരിക്കും എക്സ് ക്ലാസിനെ പുറത്തിറക്കുക.

Mercedes-Benz X-Class

മെഴ്സഡീസിന്റെ ഏറ്റവും മികച്ച ഓഫ് റോ‍ഡ് ശേഷിയുള്ള വാഹനങ്ങളിലൊന്നാകും എക്സ്–ക്ലാസ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 163 ബിഎച്ച്പി കരുത്തും 190 ബിഎച്ച്പി കരുത്തുമുള്ള ഡീസൽ എൻജിൻ വകഭേദങ്ങളും 165 ബിഎച്ച്പി കരുത്തുള്ള പെട്രോൾ എൻജിൻ വകഭേദവുമാണ് എക്സ്–ക്ലാസിനുണ്ടാകുക. കൂടാതെ  258 ബിഎച്ച്പി ശേഷിയുള്ള ആറ് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുള്ള വകഭേദം 2018 പകുതിയോടെയാണ് വിപണിയിലെത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഫോർ വീൽ, ടൂ വീൽ ഡ്രൈവ് വകഭേദങ്ങളിലായി ആറു സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഓട്ടമാറ്റിക്ക് പതിപ്പുകൾ എക്സ്– ക്ലാസിന് ലഭ്യമാണ്. 

Mercedes-Benz X-Class

ലാഡര്‍ ഫ്രെയിം ഉപയോഗിക്കുന്ന എക്സ്‍ ക്ലാസിന്റെ പേലോഡ് കപ്പാസിറ്റി 1.1 ടണ്‍ ആണ്. 3.50 ടണ്‍ വരെ കെട്ടി വലിക്കാനും ശേഷിയുണ്ട്. 5340 എംഎം നീളവും 1920 എംഎം വീതിയും 1819 എംഎം പൊക്കവുമുണ്ട് വാഹനത്തിന്. 3150 മിമീ ആണ് വീല്‍ബേസ്. ആ‍ഢംബരം നിറഞ്ഞ ഇന്റീരിയറാണ്. രണ്ടു നിരയിലായി അഞ്ചു പേർക്ക് സഞ്ചരിക്കാം. ഈ വർഷം തന്നെ രാജ്യാന്തര വിപണിയിലെത്തുമെങ്കിലും പുതിയ പിക്ക് അപ്പ് ഉടൻ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷയില്ല. 

കൂടുതൽ ചിത്രങ്ങൾ

Read More: Auto News in Malayalam | Car News | Bike News | Upcoming Car and Bikes