Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പോളോ ജി ടി ഐ’ വിലയിൽ 6 ലക്ഷം കിഴിവ്

Polo GTI Polo GTI

പ്രകടനക്ഷമതയേറിയ ‘പോളോ ജി ടി ഐ’യ്ക്കു വമ്പൻ വിലക്കിഴിവുമായി ഫോക്സ്‌വാഗൻ‌. കാറിന്റെ വിലയിൽ ആറു ലക്ഷം രൂപയുടെ ഇളവാണ് കമ്പനി അനവുദിച്ചിരിക്കുന്നത്; കഴിഞ്ഞ നവംബറിൽ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമ്പോൾ 25.99 ലക്ഷം രൂപയായിരുന്നു വില. വില കുറച്ചെങ്കിലും കാഴ്ചയിൽ സാധാരണ ഹാച്ച്ബാക്കിനെ ഓർമിപ്പിക്കുന്ന ‘പോളോ ജി ടി ഐ’യ്ക്ക് ഇത്രയും പണം മുടക്കാൻ ഇന്ത്യയിൽ എത്ര പേർ മുന്നോട്ടു വരുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അതേസമയം കാറിന്റെ തകർപ്പൻ പ്രകടനത്തിൽ ആകൃഷ്ടരായി ‘പോളോ ജി ടി ഐ’ സ്വന്തമാക്കാൻ മോഹിച്ചിരുന്നവരെ  സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ വില ഏറെ ആകർഷകമാണ്. 

ഗ്രാൻഡ് ടൂറിങ് ഇഞ്ചക്ഷൻ സ്പോർട്സ് എന്നതിന്റെ ചുരുക്കെഴുത്താണു കാറിന്റെ പേരിലെ ‘ജി ടി ഐ’. റാലികളിൽ മിന്നൽ പ്രകടനം കാഴ്ചവച്ചു മുന്നേറുന്ന ‘പോളോ ഡബ്ല്യു ആർ  സി’യുടെ അടിസ്ഥാന മോഡലും ‘ജി ടി ഐ’ തന്നെ; ലോകമെങ്ങുമുള്ള റാലി സർക്യൂട്ടുകളിൽ വിജയക്കൊടി പാറിച്ച ചരിത്രമാണു ‘ഡബ്ല്യു ആർ സി’യുടേത്.

ഇന്ത്യയിൽ 1.8 ലീറ്റർ ടർബോ ചാർജ്ഡ് ടി എസ് ഐ പെട്രോൾ എൻജിനുമായാണു ‘പോളോ ജി ടി ഐ’ എത്തുന്നത്; പരമാവധി 190 പി എസ് കരുത്തും 250 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുന്നത്. ഫ്രണ്ട് വീൽഡ്രൈവ് ലേ ഔട്ടുള്ള കാറിന്റെ ട്രാൻസ്മിഷൻ ഏഴു സ്പീഡ് ഡി എസ് ജി ഗീയർബോക്സാണ്. അതേസമയം വിദേശ വിപണികളിൽ മാനുവൽ ഗീയർബോക്സുള്ള ‘ജി ടി ഐ’യും വിൽപ്പനയ്ക്കുണ്ട്. 320 എൻ എം ടോർക്കാണ് ഈ കാറിലെ എൻജിൻ സൃഷ്ടിക്കുക.

ഡേ ടൈം റണ്ണിങ് ലാംപ് സഹിതം എൽ ഇ ഡി ഹെഡ്ലാംപ്, വീതിയേറിയ 215/40 ടയർ സഹിതം അഞ്ച് സ്പോക്ക് അലോയ് വീൽ, സൺ റൂഫ്, ക്രോമിയം പൂശിയ ഇരട്ട എക്സോസ്റ്റ്, മൂന്നു സ്പോക്ക് — ഫ്ളാറ്റ് ഭോട്ടം സ്റ്റീയറിങ് വീൽ, അലൂമിനിയം പെഡൽ, ചുവപ്പ് കോൺട്രാസ്റ്റ് സ്റ്റിച്ചിങ്ങോടെ ‘ജകാര’ അപ്ഹോൾസ്ട്രി, വലിയ ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ആറ് എയർബാഗ്, ക്രൂസ് കൺട്രോൾ, എ ബി എസ്, ഹിൽ ഹോൾഡ്, ഇ എസ് പി തുടങ്ങിയവയെല്ലാമായാണു ‘പോളോ ജി ടി ഐ’യുടെ വരവ്. ഫിയറ്റ് ‘പുന്തൊ അബാർത്ത്’, ‘മിനി കൂപ്പർ എസ്’, ‘അബാർത്ത് 595 കോംപെറ്റീസൻ’ തുടങ്ങിയ പ്രീമിയം ഹാച്ച്ബാക്കുകളോടാണ് ‘പോളോ ജി ടി ഐ’യുടെ മത്സരം. 

Read More: Auto News in Malayalam | Car News | Bike News | Upcoming Car and Bikes