ഏഴാം നിലയിലെ പാർക്കിങ്ങിൽ നിന്ന് ബിഎം‍ഡബ്ല്യു താഴേക്ക്, ഡ്രൈവറുടെ രക്ഷപെടൽ അത്ഭുതകരം

Image Captured From Youtube Video

ഏഴാം നിലയിലുള്ള പാർക്കിങ്ങിൽ നിന്നു താഴത്തേക്കു കാർ പതിച്ചാൽ എന്തായിരിക്കും അവസ്ഥ? ജീവനോടെ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ് അല്ലേ? എന്നാൽ അമേരിക്കയിലെ ടെക്സസിലെ യുവതിക്കു പറയാനുള്ളതു വിഭിന്നമായ കഥയായിരിക്കും, കാരണം ഏഴാം നിലയിലെ പാർക്കിങ്ങിൽ നിന്നു താഴേക്കു പതിച്ച ബിഎം‍ബ്ല്യു കാറിൽ നിന്ന് അവർ രക്ഷപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ‌ വൈറലാകുകയാണ്.

അമേരിക്കയിലെ ടെക്സസിന്റെ തലസ്ഥാനമായ ഓസ്റ്റിനിലാണു സംഭവം നടന്നത്. കെട്ടിടത്തിലുള്ള സിസിടിവി ക്യാമറയിലാണു അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ഏഴാം നിലയിൽ കാർ പാർക്ക് ചെയ്യാനെത്തിയ യുവതി ബ്രേക്കിനു പകരം ആക്സിലേറ്ററിൽ കാൽ അമർത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

താഴത്തെ നിലയിൽ പാർക്ക് ചെയ്യാൻ ശ്രമിക്കുന്ന ഒരു എസ്‌യുവിയുടെ മുകളിലേക്കു വീണതു മൂലമാണ് യുവതി മരണത്തിൽ നിന്നു അത്ഭുതകരമായി രക്ഷപ്പെട്ടതെന്നു കരുതപ്പെടുന്നു. ഇത് ഇവിടെ സംഭവിക്കുന്ന ആദ്യത്തെ അപകടമല്ലിത്. മുൻപും സമാന അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് വെളിപ്പെടുത്തുന്നു. കാർ പതിക്കുന്നതുകണ്ട് ഓടിക്കൂടിയവരാണു പൊലീസിനെ വിവരം അറിയിച്ചത്.