Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതിയെ തോൽപ്പിക്കാൻ ഹ്യുണ്ടേയ്

carlino Carlino Concept

ഇന്ത്യൻ വിപണിയിൽ പ്രകടനം മെച്ചപ്പെടുത്താൻ മാരുതി സുസുക്കി അരയും തലയും മുറുക്കുന്ന സാഹചര്യത്തിൽ അതേ നാണയത്തിൽ മറുപടി നൽകാൻ എതിരാളികളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയും ഒരുങ്ങുന്നു. വരും വർഷങ്ങളിൽ ഈ രണ്ടു പുതിയ മോഡൽ അവതരണങ്ങൾ വീതം നടത്താനാണു ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയിയുടെ പദ്ധതി. ഇതിനു പുറമെ നിലവിലുള്ള മോഡലുകളുടെ പരിഷ്കരിച്ച പതിപ്പുകളും പുത്തൻ വകഭേദങ്ങളുമൊക്കെ കമ്പനി ഇന്ത്യൻ വിപണിയിൽ ഇടയ്ക്കിടെ അവതരിപ്പിക്കും. 

ഇടത്തരം സെഡാനായ ‘വെർണ’യുടെ അഞ്ചാം തലമുറ മോഡലായിരുന്നു ഇക്കൊല്ലത്തെ ആദ്യ അവതരണം; വർഷം അവസാനിക്കുംമുമ്പ് മറ്റൊരു പുതുമുഖം കൂടി ഹ്യുണ്ടേയ് ഇന്ത്യ ശ്രേണിയിൽ അരങ്ങേറ്റം കുറിക്കും. അടുത്ത നാലു വർഷത്തിനിടെ പുതിയ മോഡൽ അവതരണങ്ങൾക്കായി 5000 കോടി രൂപയാണു നീക്കിവയ്ക്കുകയെന്നു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ഡയറക്ടർ(സെയിൽസ് ആൻഡ് മാർക്കറ്റിങ്) രാകേഷ് ശ്രീവാസ്തവ വെളിപ്പെടുത്തുന്നു. നിലവിലുള്ള മോഡലുകളുടെ പരിഷ്കരിച്ച പതിപ്പുകൾക്കു പുറമെ പൂർണമായും പുതിയ രണ്ടു മോഡൽ അവതരണങ്ങളും വരും വർഷങ്ങളിൽ പ്രതീക്ഷിക്കാം. ഇന്ത്യയിലെ വിൽപ്പന സാധ്യത പരിഗണിക്കുമ്പോൾ പുത്തൻ മോഡൽ അവതരണങ്ങൾ അനിവാര്യതയാണെന്നും അദ്ദേഹം കരുതുന്നു.

ഉപസ്ഥാപനമായ കിയ മോട്ടോറിന്റെ ഇന്ത്യൻ അരങ്ങേറ്റം കൂടി മുന്നിൽ കണ്ടാണു ഹ്യുണ്ടേയ് വരുംവർഷങ്ങളിലേക്കുള്ള തന്ത്രങ്ങൾ മെനയുന്നത്. ആഗോളതലത്തിലെ ഇതര വിപണികളിലെ പോലെ ഇന്ത്യയിലും വിട്ടുവീഴ്ചയില്ലാത്ത മത്സരത്തിനു തന്നെയാണു തങ്ങൾ ഒരുങ്ങുന്നതെന്നു ഹ്യുണ്ടേയിയും കിയയും വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാവണം ഇന്ത്യയിലെ വാഹന ഉൽപ്പാദനശേഷി ഗണ്യമായി ഉയർത്താൻ ഹ്യുണ്ടേയ് തയാറെടുക്കുന്നത്.ഇന്ത്യയിൽ ഇതുവരെയുള്ള മൊത്തം ഉൽപ്പാദനം 70 ലക്ഷം യൂണിറ്റാണെന്നു ശ്രീവാസ്തവ വെളിപ്പെടുത്തുന്നു. 2021 മധ്യത്തോടെ മൊത്തം ഉൽപ്പാദനം ഒരു കോടിയിലെത്തുമെന്നാണു പ്രതീക്ഷ. അടുത്ത 18 മാസത്തിനകം 10 ലക്ഷം യൂണിറ്റ് ഉൽപ്പാദനമാണു കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.

സങ്കര ഇന്ധന സെഡാനായ ‘അയോണിക്കും’ ‘ട്യുസൊണി’ന്റെ സങ്കര ഇന്ധന വകഭേദവും ഇന്ത്യയിൽ അവതരിപ്പിക്കാൻ ഹ്യുണ്ടേയ് ആലോചിച്ചിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിന്റെ പരിഗണന വൈദ്യുത വാഹന മേഖലയിലേക്കു തിരിഞ്ഞതോടെ ഹ്യുണ്ടേയിയും മനസ്സു മാറ്റി. സങ്കര ഇന്ധന മോഡലുകൾക്കുള്ള നികുതി ഇളവ് ഇല്ലാതായതാണു ഹ്യുണ്ടേയിയുടെ പദ്ധതികൾക്കു തടസ്സമായത്. 

കോംപാക്ട് സെഡാനും കോംപാക്ട് എസ് യു വിക്കും സങ്കര ഇന്ധന പതിപ്പെന്ന മുൻതീരുമാനം അപ്രസക്തമായെന്നു ശ്രീവാസ്തവ സ്ഥിരീകരിക്കുന്നു. പകരം വൈദ്യുത വാഹന സാങ്കേതികവിദ്യ അവതരിപ്പിക്കാനുള്ള ആലോചനകളാണു നിലവിൽ പുരോഗമിക്കുന്നത്. ആഗോളതലത്തിൽ കമ്പനി ഇത്തരം വാഹനങ്ങൾ വിൽക്കുന്നുണ്ട്. ഇവ ഇന്ത്യയ്ക്ക് അനുയോജ്യമായ തരത്തിൽ പരിഷ്കരിക്കാനാണു നീക്കമെന്നും ശ്രീവാസ്തവ വെളിപ്പെടുത്തുന്നു. നിലവിൽ ഇന്ത്യൻ കാർ വിപണിയിൽ 17% വിഹിതമാണു ഹ്യുണ്ടേയിക്കുള്ളത്; 2020 ആകുമ്പോഴേക്ക് ഇത് 20% ആക്കി ഉയർത്തുകയാണു കമ്പനിയുടെ ലക്ഷ്യം.