എന്തുകൊണ്ട് തലയ്ക്കിണങ്ങിയ ഹെല്‍മെറ്റ് ധരിക്കണം? കാണുക ഈ അപകട വിഡിയോ

പൊലീസ് പിടിക്കാതിരിക്കാന്‍ ഏതെങ്കിലുമൊരു ഹെല്‍മെറ്റ് വെച്ചാല്‍ മാത്രം മതി എന്നു കരുതുന്നവരാണ് ഭൂരുഭാഗം ആളുകളും. മൊബൈല്‍ ഫോണിന് നല്‍കുന്ന വിലപോലും ആരും സ്വന്തം തലയ്ക്ക് നല്‍കുന്നില്ല. ഏതെങ്കിലുമൊരു ഹെല്‍മെറ്റ് ധരിച്ചാല്‍ പോര സുരക്ഷിതമായ ഹെല്‍മെറ്റ് ധരിക്കണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് ഈ വിഡിയോ പറയും. തലയ്ക്ക് ഇണങ്ങാത്ത ഹെല്‍മെറ്റ് ധരിച്ചാലും സ്റ്റാപ്പിടാത്തെ ഹെല്‍മെറ്റ് ധരിച്ചാലും അപകടം ഒഴിയുന്നില്ല എന്നതിന് ഉത്തമ ഉദാഹരണമാണീ വിഡിയോ.

അമേരിക്കയിലെ ന്യൂജേഴ്‌സി മോട്ടോര്‍സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ അമേരിക്കന്‍ സ്‌പോര്‍ട്‌സ്‌ബൈക്ക് റേസിങ്ങിനിടെയാണ് സംഭവം അരങ്ങേറിയത്. മത്സരത്തില്‍ പങ്കെടുത്ത ലൂസ് ഫ്രാഞ്ചിയാണ് അപകടത്തില്‍ പെട്ടത്. മുന്നില്‍ പോയ ജെര്‍മി വൈറ്റ്ഹസ്റ്റിന്റെ ബൈക്കില്‍ ഇടിച്ച് ഫ്രാഞ്ചി വീഴുന്ന വിഡിയോ വൈറ്റ്ഹസ്റ്റിന്റെ ബൈക്ക് ക്യാമറയിലാണ് പതിഞ്ഞത്. ഫ്രാഞ്ചിക്ക് പരിക്കുകളൊന്നുമില്ലെങ്കിലും വീണ ഉടനെ ഹെല്‍മെറ്റ് തെറിച്ചു പോകുന്നത് കാണാം. അപകടത്തിന് കാരണം തന്റെ പിഴവാണെന്നും നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും വൈറ്റ്ഹസ്റ്റ് പറയുന്നുണ്ടെങ്കിലും ഹെല്‍മറ്റ് ഊരിത്തെറിക്കുന്നത് പുതിയ ചര്‍ച്ചയ്ക്ക് വഴി വെച്ചിരിക്കുകയാണ്.

കൃത്യമായ അളവിലുള്ള ഹെല്‍മെറ്റ് ധരിക്കാത്തതിനാലാണ് ഫ്രാഞ്ചിയുടെ തലയില്‍ നിന്ന് ഹെല്‍മെറ്റ് ഊരിപ്പോയത് എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. സാധാരണയായി റേസ് ട്രാക്കില്‍ മത്സരിക്കുന്നവരുടെ ഹെല്‍മെറ്റ് അവരുടെ തലയ്ക്ക് കൃത്യമായി ഇണങ്ങുന്നതായിരിക്കും, വീഴ്ചയില്‍ അത് ഊരിപ്പോകാന്‍ ഒരു സാധ്യതയുമില്ല. എന്നാല്‍ ഫ്രാഞ്ചിയുടെ ഹെല്‍മെറ്റ് ഊരിത്തെറിച്ചത് തലയുടെ അളവിന് ചേരാത്തതായതുകൊണ്ടാണെന്നും ക്യത്യമായ സൈസിലുള്ള ഹെല്‍മെറ്റ് ധരിക്കാത്തവര്‍ ഈ വിഡിയോ കാണണമെന്നും ചര്‍ച്ചയില്‍ പറയുന്നു.