ഹോണ്ടയെ വിടാൻ മക്ലാരൻ; ഇനി റെനോ

പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ പോയ പ്രകടനങ്ങൾ നിറം കെടുത്തിയ മൂന്നു സീസണുകൾക്കു ശേഷം മക്ലാരനും ഹോണ്ടയും വഴി പിരിയുന്നു. ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിലെ സിംഗപ്പൂർ ഗ്രാൻപ്രിയോടെ ബ്രിട്ടീഷ് ടീമായ മക്ലാരനും ജപ്പാനിൽ നിന്നുള്ള എൻജിൻ ദാതാക്കളായ ഹോണ്ടയുമായുള്ള സഖ്യം അവസാനിപ്പിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നാണു സൂചന. 

മക്ലാരനും ഹോണ്ടയുമായുള്ള ആദ്യ സഖ്യം 1980 — 90 കാലഘട്ടത്തിലായിരുന്നു; ട്രാക്കുകളെ അടക്കിവാണ ഈ കാലത്തിന്റെ സ്മരണകളുണർത്തിയാണ് 2015ൽ ഇരുവരും വീണ്ടും ഒന്നിച്ചത്. എന്നാൽ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതും വിശ്വാസ്യതയിലെ ഗുരുതര വീഴ്ചകളുമായിരുന്നു രണ്ടാമങ്കത്തിൽ ഹോണ്ട എൻജിനുകളുടെ മുഖമുദ്ര. 

അതുകൊണ്ടുതന്നെ ഒറ്റ ഗ്രാൻപ്രി പോലും ജയിക്കാനോ ഒറ്റത്തവണ പോലും വിജയപീഠത്തിൽ ഇടംപിടിക്കാനോ ഈ കൂട്ടുകെട്ടിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മാത്രമല്ല വാശിയേറിയ പോരാട്ടത്തിനിടെ എൻജിൻ കത്തിയമർന്നു പലതവണ മക്ലാരൻ കാറുകൾക്കു കളം വിടേണ്ടിയും വന്നു. ഈ സീസണിൽ നിർമാതാക്കളുടെ ചാംപ്യൻഷിപ്പിലാവട്ടെ അവസാന സ്ഥാനത്താണു മക്ലാരൻ. 

ഹോണ്ടയുമായി തീർത്തും അസുഖകരമായി തുടരുന്ന വിച്ഛേദിക്കുന്നതിനൊപ്പം ഫ്രഞ്ച് എൻജിൻ നിർമാതാക്കളായ റെനോയുമായുള്ള പുതിയ സഖ്യവും മക്ലാരൻ സിംഗപ്പൂർ ഗ്രാൻപ്രിയിൽ പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ. അടുത്ത സീസൺ മുതലാവും റെനോ എൻജിനുകളുമായി മക്ലാരൻ മത്സരത്തിനിറങ്ങുക.  അതേസമയം റെനോയുമായുള്ള എൻജിൻ വിതരണ കരാറിൽ നിന്നു പിൻമാറാൻ ചെറുടീമായ ടോറൊ റോസൊയും തയാറെടുക്കുന്നുണ്ട്. മക്ലാരൻ കൈവിട്ട ഹോണ്ടയുമായിട്ടാവും അടുത്ത സീസൺ മുതൽ ടോറൊ റോസൊയുടെ സഖ്യം.