Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

170 കിലോമീറ്റർ വേഗത്തിൽ പറന്ന ഡ്യൂക്ക് അപകടത്തിൽപെട്ടപ്പോൾ: വിഡിയോ

Image Captured From Youtube video Image Captured From Youtube video

അമിത വേഗം മൂലമുണ്ടാകുന്ന അപകടത്തിന്റെ വാർത്തകൾ നാം നിരന്തരം കേൾക്കാറുണ്ട്. ഇരുചക്രവാഹനങ്ങൾ‌ക്കാണ് അമിതവേഗം കൂടുതൽ കുഴപ്പങ്ങളുണ്ടാക്കാറ്. നിയന്ത്രണം വിട്ടുന്ന ബൈക്കുകളിലെ യാത്രക്കാർക്ക് എന്തു സംഭവിക്കുമെന്ന് പറയാനാകില്ല. അത്തരത്തിലൊരു അപകടത്തിന്റെ വിഡിയോയാണിപ്പോള്‍ യൂട്യുബിൽ വൈറൽ ആയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം അരങ്ങേറിയത്.

Road Accident in Visakhapatnam

170 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞ ഡ്യൂക്ക് 390 യാണ് അപകടത്തിൽപെട്ടത്. ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് ബൈക്ക് യാത്രികരായ ഹൃത്വിക് ചൗധരി(19), യശ്വന്ത്(21) എന്നിവർ‌ മരിച്ചു. സമീപത്തെ വ്യാപാര സമുച്ചയത്തിലെ സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. വിജയവാഡയില്‍ ബിബിഎ, ബി.ടെക് പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഹരിയാന സ്വദേശിയായ യശ്വന്തും ആന്ധ്രാ സ്വദേശിയായ ഹൃത്വികും.

സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് ഞായറാഴ്ച പുലർച്ചെ മടങ്ങവെയാണ് അപകടം നടന്നത്. അമിത വേഗമായിരുന്നു അപകട കാരണമെന്നും 170 കി.മീ വേഗത്തിൽ വന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടി ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. കൂടാതെ ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.

റോഡ് റേസ് ട്രാക്കല്ല‌

ദിനംപ്രതി റോഡുകളിൽ മരണപ്പെടുന്ന യുവാക്കളുടെ എണ്ണം കൂടിവരുന്നു എന്നതു തന്നെയാണ്. ബൈക്ക് അപകടങ്ങളിൽ യഥാർഥത്തിൽ ആരാണു വില്ലൻ? ബൈക്കോ അതോ ഒാടിച്ചിരുന്ന ആളോ? ഭൂരിപക്ഷം കേസുകളിലും ഒാടിച്ചിരുന്ന ആളാണു കുറ്റക്കാർ. അൽപം ശ്രദ്ധിച്ചാൽ വലിയ അപകടങ്ങൾ നമുക്ക് ഒഴിവാക്കാനാകും.

റേസ് ട്രാക്കിലെ വളവുകളിൽ വിദഗ്ധരായ ഡ്രൈവർമാർ ബൈക്ക് കിടത്തിയെടുക്കുന്നതു കണ്ട് രോമാഞ്ചമണിഞ്ഞ് അതുപോലെ എനിക്കും കഴിയും എന്നു പറഞ്ഞാണ് മിക്കവരും റോഡിലിറങ്ങുന്നത്. ഒന്നോർക്കുക. റോ‍ഡ് വേറെ ട്രാക്ക് വേറെ. ട്രാക്കിന്റെ നിർമാണരീതിയല്ല റോഡിന്റേത്. ട്രാക്കിൽ എതിരേ വാഹനങ്ങളില്ല. പൊടിയില്ല മറ്റു തടസങ്ങൾ ഒന്നുമില്ല. റോഡിലോ അങ്ങോട്ടു പോയപ്പോൾ ഉള്ള അവസ്‌ഥയായിരിക്കില്ല തിരിച്ചു വരുമ്പോൾ. 

∙അമിത വേഗം വേണ്ട

അനുവദനീയമായതിൽ കൂടുതൽ വേഗം ബൈക്കിൽ എടുക്കേണ്ട. സുരക്ഷിതമായി മാത്രമേ വേഗം വർധിപ്പിക്കാവൂ. ബൈക്കുകൾക്ക് മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗമാണ് സുരക്ഷിതം. മികച്ച മൈലേജ് നേടാനും ഇതുപകരിക്കും. മുന്നിൽ പോകുന്ന വാഹനത്തിനു തൊട്ടു പിന്നാലെ അമിത വേഗത്തിൽ പാഞ്ഞാൽ അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.

∙ബ്രേക്ക് ഉപയോഗിക്കാം, പക്ഷേ..

ഒട്ടുമിക്ക ബൈക്ക് യാത്രക്കാരും ബ്രേക്ക് കാര്യക്ഷമമായി ഉപയോഗിക്കുന്നതിൽ അ‍ജ്ഞരാണ്. മിക്ക ബൈക്കുകളുടെയും മുന്നിൽ ഇപ്പോൾ ഡിസ്ക്ക് ബ്രേക്കുകളാണ്. ബ്രേക്ക് പിടിച്ച് തെന്നി വീണുണ്ടാകുന്ന അപകടങ്ങളും നിരവധി. വാഹനം നേർരേഖയിൽ അല്ലാത്തപ്പോൾ മുന്നിലെ ഡിസ്ക്ക് ബ്രേക് പിടിക്കുന്നത് അപകടമുണ്ടാക്കും. മുൻ- പിൻ ബ്രേക്കുകൾ ഒരുമിച്ചു പിടിക്കുന്നതാണ് കൂടുതല്‍ കാര്യക്ഷമം. കൂടാതെ വളവുകളിൽ കഴിവതും പെട്ടെന്നുള്ള ബ്രേക്കിങ് ഒഴിവാക്കുക. പരിചിതമല്ലാത്ത വഴികളിൽ അധികം വേഗമെടുക്കരുത്. വലിയ ഗട്ടറും ഹംപുമൊക്കെ ഏതുറോഡിലും പ്രതീക്ഷിക്കാം. റോഡിന്റെ എഡ്ജ് എപ്പോഴും അപകടകരമാണ്. ഇതിലൂടെ ഓടിച്ചുകയറ്റുമ്പോൾ ബാലൻസ് നഷ്ടമാകാതെ സൂക്ഷിക്കുക.

∙ഹെൽമെറ്റ് നിർബന്ധം

സ്വന്തം ജീവനാണ് ഏറ്റവും വലുത് എന്ന ചിന്ത ബൈക്ക് യാത്രികർക്കുണ്ടാകണം. ബൈക്ക് യാത്രയില്‍ ഹെൽമെറ്റ് നിർബന്ധമായും ധരിക്കണം. ടൂവീലർ അപടങ്ങളിലെ മരണസാധ്യത 29 ശതമാനം കുറയ്ക്കാൻ ഹെൽമെറ്റുകൾക്കു കഴിയും. തലയ്ക്കു ഗുരുതരമായി പരുക്കേൽക്കാനുള്ള സാധ്യത 67 ശതമാനം ഇതില്ലാതാക്കും. ഹെൽമെറ്റ് ഉപയോഗിക്കുമ്പോഴുള്ള കുഴപ്പങ്ങളെപ്പറ്റി പലരും പരാതി പറയാറുണ്ട്. എന്നാൽ സ്വന്തം ജീവനെക്കാൾ വലുതല്ല ഈ കുഴപ്പങ്ങളെന്നു മനസ്സിലാക്കുക. പൊലീസ് പിടിക്കാതിരിക്കാൻ വേണ്ടി മാത്രമല്ല ഹെൽമെറ്റ് ധരിക്കേണ്ടത്. ഹെൽമെറ്റ് ധരിച്ചാൽ സ്ട്രാപ്പുകൾ ശരിയായി ലോക്കിടണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.