Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇസൂസു ഇന്ത്യയുടെ കയറ്റുമതി അടുത്ത വർഷത്തോടെ

ISUZU

അടുത്ത വർഷത്തോടെ ഇന്ത്യയിൽ നിന്നുള്ള വാഹന കയറ്റുമതി ആരംഭിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഇസൂസു മോട്ടോഴ്സിനു പദ്ധതി. 2012ൽ ഇന്ത്യയിലെത്തിയ ഇസൂസു മോട്ടോഴ്സ് ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയിലാണു പ്രതിവർഷം അരലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയുള്ള ശാല സ്ഥാപിച്ചത്;  തമിഴ്നാട് തലസ്ഥാനമായ ചെന്നൈയിൽ നിന്ന് 50 കിലോമീറ്ററോളം മാത്രം അകലെയാണു കമ്പനിയുടെ ശാല പ്രവർത്തിക്കുന്നത്. ആഭ്യന്തര വിൽപ്പനയ്ക്കായി ലഘുവാണിജ്യ വാഹന(എൽ സി വി)ങ്ങളും സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളുമാണു കമ്പനി ഇവിടെ നിർമിക്കുന്നത്. ഇന്ത്യയ്ക്കു പുറമെ ചൈനയിലും ഇസൂസുവിന് നിർമാണശാലയുണ്ട്.

അടുത്ത വർഷം തുടക്കത്തോടെ ഇന്ത്യയിൽ നിന്നുള്ള വാഹന കയറ്റുമതിയും ആരംഭിക്കാനാവുമെന്നാണു പ്രതീക്ഷയെന്ന് ഇസൂസു മോട്ടോഴ്സ് ഇന്ത്യ ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ ഹിതൊഷി കോനൊ വെളിപ്പെടുത്തി. ഈജിപ്തിലേക്കും മധ്യ പൂർവ മേഖലയിലെ മറ്റു രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കുമാവും ഇന്ത്യൻ നിർമിത വാഹനങ്ങൾ കയറ്റുമതി ചെയ്യുകയെന്നും അദ്ദേഹം അറിയിച്ചു. തുടക്കത്തിൽ വാണിജ്യ വാഹനങ്ങളാവും ഇസൂസു ഇന്ത്യയിൽ നിന്നു കയറ്റുമതി ചെയ്യുക. ആഭ്യന്തര മോഡലുകളിൽ നിന്നു വ്യത്യസ്തമായി വിദേശ വിപണിയുടെ ആവശ്യങ്ങൾ  കൂടി പരിഗണിച്ചു നടപ്പാക്കുന്ന പരിഷ്കാരങ്ങളോടെയാവും വാഹനങ്ങൾ നിർമിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. 

കയറ്റുമതി ആരംഭിക്കുന്നതോടെ ശ്രീസിറ്റി ശാലയുടെ ശേഷി വിനിയോഗം ഗണ്യമായി ഉയരുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.  നിലവിൽ ഒൻപതിനായിരത്തോളം യൂണിറ്റ് മാത്രമാണ് ഈ ശാലയുടെ ഉൽപ്പാദനം.  അതേസമയം ഗുണനിലവാരം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഉൽപ്പാദനം കുറച്ചതെന്നാണു കോനെയുടെ വിശദീകരണം. വ്യാപക ഉൽപ്പാദനത്തിനായി ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതു ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം കരുതുന്നു.

വിദേശ മാതൃക പിന്തുടർന്ന് ഇന്ത്യയിലും യാത്രാവാഹന വിഭാഗത്തിൽ പിക് അപ് ട്രക്കുകൾ വിറ്റഴിക്കാനാണ് ഇസൂസു ശ്രമിക്കുന്നത്. ഇന്ത്യയിൽ പിക് അപ് ട്രക്കുകളെ വാണിജ്യ വാഹന വിഭാഗത്തിലാണു പരിഗണിച്ചു പോരുന്നത്; എന്നാൽ വിദേശ രാജ്യങ്ങളിൽ വാണിജ്യാവശ്യത്തിനൊപ്പം സ്വകാര്യ ഉപയോഗത്തിനും പിക് അപ് ട്രക്കുകൾ പ്രയോജനപ്പെടുത്തുന്നതാണു രീതി. ഈ പ്രവണത ഇന്ത്യയിലും വ്യാപിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇസൂസു മോട്ടോഴ്സ്.