ഓരോ കാറിനും ഓരോ മരം നടാൻ ലക്സസ്

പരിസ്ഥിതിയെ സംരക്ഷിക്കാൻ പുത്തൻ നടപടിയുമായി ജാപ്പനീസ് ആഡംബര കാർ നിർമാതാക്കളായ ലക്സസ്. വാഹനങ്ങൾ സൃഷ്ടിക്കുന്ന കാർബൺ മലിനീകരണം മുൻനിർത്തി ഇന്ത്യയിൽ വിൽക്കുന്ന ഓരോ കാറിനും ഓരോ മരം വീതം നടാനാണു കമ്പനിയുടെ തീരുമാനം. കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഇന്ത്യയിൽ വിറ്റ ഓരോ കാറിനും ഓരോ മരം വീതം നട്ടതായും ലക്സസ് അറിയിച്ചു.

ഡൽഹിയിലെയും ഗുരുഗ്രാമിലെയും ഗസ്റ്റ് എക്സ്പീരിയൻസ് സെന്ററുകളും ചണ്ഡീഗഢിലെ ആഫ്റ്റർ സെയിൽസ് സർവീസ് സൗകര്യവും ചേർന്ന് രാജസ്ഥാനിലെ സീതമാതാ സാഞ്ച്വറിയുടെ അതിർത്തിയിലാണു ലക്സസ് മരങ്ങൾ നടുന്നത്. മുംബൈ ഗസ്റ്റ് എക്സ്പീരിയൻസ് സെന്ററാവട്ടെ ഗ്രോ ട്രീസ് ഡോട്ട് കോമിന്റെ സഹകരണത്തോടെ മഹാരാഷ്ട്രയിലെ നിംബോറയിലും അമരാവതിയിലുമാണു മരം നടുന്നത്.

ബെംഗളൂരു ഗസ്റ്റ് എക്സ്പീരിയൻസ് സെന്റർ വഴിയും ഹൈദരബാദ്, കൊച്ചി, ചെന്നൈ ആഫ്റ്റർ സെയിൽസ് ഫസിലിറ്റി വഴിയും വിൽക്കപ്പെടുന്ന കാറുകൾക്കുള്ള മരങ്ങൾ കർണാടകത്തിലെ ബിദഡിയിലെ ടൊയോട്ട കിർലോസ്കർ മോട്ടോർ നിർമാണശാല പരിസരത്താണു ലക്സസ് നടുക. മാർച്ചിൽ ഇന്ത്യയിൽ ഔപചാരികമായി അരങ്ങേറ്റം കുറിച്ച ലക്സസിന് ഈ വിപണിയോടുള്ള പ്രതിബദ്ധതയാണു മരം നടീലിൽ പ്രതിഫലിക്കുന്നതെന്ന് ലക്സസ് ഇന്ത്യ പ്രസിഡന്റ് അകിതൊഷി തകെമുര അഭിപ്രായപ്പെട്ടു. ഭാവി തലമുറകൾക്കായി മെച്ചപ്പെട്ട ഭൂമി നിർമിക്കാനുള്ള ഉദ്യമമാണു കമ്പനി നടത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

കാർബൺ മലിനീകരണത്തിന്റെ ദൂഷ്യവശങ്ങളെ പ്രതിരോധിക്കുകയാണ് ഈ മരം നടീൽ വഴി കമ്പനി ലക്ഷ്യമിടുന്നത്. കാർ ഉടമകളെ കൂടി ദൗത്യത്തിൽ പങ്കാളിയാക്കുക വഴി ഈ നടപടിയുടെ സന്ദേശം കൂടുതൽ പേരിലെത്തിക്കാനാവുമെന്നും അദ്ദേഹം വിശദീകരിച്ചു.