Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

3 വർഷത്തിനകം വിൽപ്പന 10 ലക്ഷമാക്കാൻ സുസുക്കി

Suzuki Let's Dual Tone Suzuki Let's Dual Tone

മൂന്നു വർഷത്തിനകം ഇന്ത്യയിലെ വിപണി വിഹിതം ഇരട്ടിയാക്കാനാവുമെന്ന് ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ സുസുക്കി മോട്ടോർ സൈക്കിൾസിനു പ്രതീക്ഷ. 2020ൽ വിൽപ്പന 10 ലക്ഷം യൂണിറ്റിലെത്തിക്കാനും വിപണി വിഹിതം 10% ആയി ഉയർത്താനുമാണു സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(എസ് എം ഐ പി എൽ) ലക്ഷ്യമിടുന്നത്. 

സുസുക്കി കോർപറേഷനെ സംബന്ധിച്ചിടത്തോളം ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. പ്രതിവർഷം മൊത്തം 1.70 കോടി ഇരുചക്രവാഹനങ്ങൾ വിറ്റഴിയുന്ന ഇന്ത്യയിൽ അഞ്ചു ശതമാനത്തോളം വിപണി വിഹിതമാണ് എസ് എം ഐ പി എൽ അവകാശപ്പെടുന്നത്. വിപണിയെ നയിക്കുന്ന ഹീറോ മോട്ടോ കോർപും ജപ്പാനിൽ നിന്നുള്ള ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയും ചേർന്നാണ് ഇന്ത്യൻ വിപണിയുടെ 70 ശതമാനത്തോളം അടക്കിഭരിക്കുന്നത്.

കഴിഞ്ഞ വർഷം സുസുക്കി മൂന്നര ലക്ഷം ഇരുചക്രവാഹനങ്ങളാണ് ഇന്ത്യയിൽ വിറ്റത്; ഇക്കൊല്ലം 40% വളർച്ചയോടെ വിൽപ്പന അഞ്ചു ലക്ഷം യൂണിറ്റിലെത്തുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. 2018ലെ വിൽപ്പന ഏഴു ലക്ഷം യൂണിറ്റായും 2020ൽ വിൽപ്പന 10 ലക്ഷം യൂണിറ്റായും ഉയർത്താനാണു സുസുക്കി ലക്ഷ്യമിടുന്നത്.  അടുത്ത വർഷങ്ങളിൽ 40% വളർച്ചാനിരക്ക് നിലനിർത്തി വിൽപ്പന 10 ലക്ഷം യൂണിറ്റിലെത്തിക്കാനാണു പദ്ധതിയെന്നു കമ്പനി മാനേജിങ് ഡയറക്ടർ സതോഷി ഉചിഡയും വിശദീകരിക്കുന്നു. 

ഉൽപന്നങ്ങളുടെ കാര്യത്തിലും ആശയ വിനിമയതന്ത്രങ്ങളിലും സ്ഥിരത നിലനിർത്താൻ കമ്പനിക്കു സാധിച്ചിട്ടില്ലെന്ന് ഉചിഡ അംഗീകരിക്കുന്നു. വ്യാപക വിൽപ്പനയുള്ള വിഭാഗങ്ങളിൽ സാന്നിധ്യം ഉറപ്പാക്കാനും സുസുക്കിക്കു സാധിച്ചിട്ടില്ല. ഇന്ത്യയിലെ തുടക്കം തെറ്റായി ബസ്സിലായിപ്പോയെന്നും ഉചിഡ അഭിപ്രായപ്പെടുന്നു. എന്നാൽ കമ്പനിയുടെ ഇപ്പോഴത്തെ യാത്ര ശരിയായ ബസ്സിലും ശരിയായ ദിശയിലുമാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. 

വിപണിയെ ശരിയായി മനസ്സിലായതോടെ ഫലപ്രദമായ തന്ത്രങ്ങളും പദ്ധതികളുമാണു നിലവിൽ കമ്പനി പിന്തുടരുന്നത്. മുമ്പ് കമ്യൂട്ടർ ബൈക്കുകൾക്കായിരുന്നു ആധിപത്യമെങ്കിലും നിലവിൽ സ്കൂട്ടറുകളോട് ഇന്ത്യയ്ക്കു താൽപര്യമെന്നും അദ്ദേഹം വിലയിരുത്തി.