ദുബായിൽ ‘ഊബറി’നൊപ്പം ടെസ്‌ല കാറുകളും

Tesla Model 3

ദുബായിലെ ഊബർ ഉപയോക്താക്കളെ കാത്ത് ഇനി മുതൽ ടെസ്‌ലയുടെ വൈദ്യുത കാറുകളും. വൻനഗരത്തിലെ ആറു വരി പാതകൾ അടക്കിവാഴുന്ന സെഡാനുകളോടും ആഡംബര സ്പോർട്സ് കാറുകളോടും മത്സരിക്കാൻ ‘മോഡൽ എക്സ്’, ‘മോഡൽ എസ്’ എന്നീ വകഭേദങ്ങളിലായി 50 ടെസ്‌ല കാറുകളാണ് ഊബർ ദുബായ് നിരത്തുകളിലെത്തിച്ചിരിക്കുന്നത്.  ദുബായ് ടാക്സി കോർപറേഷനുമായി സഹകരിച്ചാണ് സാൻഫ്രാൻസിസ്കൊ ആസ്ഥാനമായ ഊബർ ദുബായിൽ ‘ഊബർ വൺ’ വഴി ടെസ്‌ല കാറുകളിൽ യാത്ര ചെയ്യാൻ അവസരമൊരുക്കുന്നത്. സ്വയം ഓടുന്ന സാങ്കേതികവിദ്യയുടെയടക്കം പിൻബലമുള്ള ഈ കാറുകളിലെ യാത്രയ്ക്ക് ഉയർന്ന നിരക്കും ഊബർ ഈടാക്കുന്നുണ്ട്.

അടുത്ത രണ്ടു വർഷങ്ങൾക്കിടയിൽ 150 ടെസ്‌ല കാറുകൾ കൂടി വാങ്ങാൻ ദുബായ് ഗതാഗത അതോറിട്ടി ലക്ഷ്യമിടുന്നുണ്ട്. 2030 ആകുമ്പോഴേക്ക് മൊത്തം വാഹനങ്ങളിൽ നാലിലൊന്നും സ്വയം ഓടുന്നവയാക്കാനാണ് അതോറിട്ടിയുടെ പദ്ധതി. ലോകത്ത് ഡ്രൈവറുടെ സഹാമില്ലാതെ സർവീസ് നടത്തുന്ന ഏറ്റവും വലിയ മെട്രോ ശൃംഖല ഇപ്പോൾ തന്നെ ദുബായിലുണ്ട്. ഉപയോക്താക്കൾക്കും പുതുമയുള്ളതും പുരോഗമനാത്മകവുമായ അനുഭവങ്ങൾ പ്രദാനം ചെയ്യാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ദുബായ് ടാക്സി കോർപറേഷനുമായി സഹകരിച്ച് ബാറ്ററിയിൽ ഓടുന്ന കാറുകൾ പുറത്തിറക്കിയതെന്ന് ഊബർ ജനറൽ മാനേജർ(യു എ ഇ) ക്രിസ് ഫ്രീ അഭിപ്രായപ്പെട്ടു. 

പെട്രോളിയത്തിന്റെ കാര്യത്തിൽ സമ്പന്നമെങ്കിലും വൈദ്യുത വാഹനങ്ങളോട് അതീവ താൽപര്യമുള്ള എമിറേറ്റാണ് ദുബായ്. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയുടെയും മധ്യ പൂർവ ദേശത്തെ ഏറ്റവും വലിയ മാളായ ദുബായ് മാളിന്റെയുമൊക്കെ പരിസരത്ത് വൈദ്യുത വാഹനങ്ങൾക്കു ചാർജിങ് സൗകര്യം ഏർപ്പെടുത്തിയും ദുബായ് മാതൃക കാട്ടിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ടെസ്ല ദുബായിൽ പുതിയ ഷോറൂമും തുറന്നിരുന്നു. ടെസ്‌ല കാറുകൾക്കായി രണ്ടു ഡസനോളം ചാർജിങ് കേന്ദ്രങ്ങളാണു നിലവിൽ ദുബായിലുള്ളത്; അൻപതോളം എണ്ണം കൂടി സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.

അടിസ്ഥാന സൗകര്യം ലഭ്യമാണെങ്കിലും യു എ ഇയിൽ ബാറ്ററിയിൽ ഓടുന്ന കാറുകളുടെ വിൽപ്പന പ്രതീക്ഷിച്ചതു പോലെ പടർന്നു പിടിച്ചിട്ടില്ല. ടെസ്‌ലയ്ക്കു പുറമെ റെനോയുടെ ‘ട്വിസി’, ‘സോ’ തുടങ്ങിയവയാണു ദുബായിൽ ലഭ്യമാവുന്നത്. വേനൽക്കാലത്തെ കനത്ത ചൂടിൽ എയർ കണ്ടീഷനിങ് അനിവാര്യമാണെന്നതാണു ദുബായിൽ വൈദ്യുത വാഹന വിൽപ്പനയെ പ്രതികൂലമായി ബാധിക്കുന്നതെന്നാണു വിലയിരുത്തൽ.