‘2017 ഒക്ടേവിയ ആർ എസ്’: ആദ്യ ബാച്ച് വിറ്റു തീർന്നു

Octavia RS

പ്രകടനക്ഷമതയേറിയ ‘ഒക്ടേവിയ ആർ എസി’ന്റെ ഇക്കൊല്ലത്തെ വിൽപ്പന അവസാനിച്ചെന്നു ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യ. സാധാരണ ‘ഒക്ടേവിയ’യുടെ പ്രകടനക്ഷമതയേറിയ രൂപമായ ‘ഒക്ടേവിയ ആർ എസ്’ കഴിഞ്ഞ മാസമാണു സ്കോഡ ഇന്ത്യയിലെത്തിച്ചത്; 24.62 ലക്ഷം രൂപയായിരുന്നു കാറിനു വില. 

‘ഒക്ടേവിയ’യുടെ മുന്തിയ വകഭേദത്തിൽ പെർഫോമൻസ് ബോഡി കിറ്റ് സംയോജിപ്പിച്ചതായിരുന്നു ‘ഒക്ടേവിയ ആർ എസ്’. കൂടെ കാറിൽ 230 പി എസ് കരുത്ത് സൃഷ്ടിക്കാൻ പ്രാപ്തിയുള്ള എൻജിനുമെത്തി. ആദ്യ ബാച്ചിൽ 250 ‘ഒക്ടേവിയ ആർ എസ്’ ആണ് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയത്; ഇവ പൂർണമായും വിറ്റു തീർന്നെന്നാണു കമ്പനി അറിയിക്കുന്നത്.

എന്നാൽ അടുത്ത വർഷം ആദ്യം 250 ‘ഒക്ടേവിയ ആർ എസ്’ കൂടി ഇന്ത്യയിലെത്തുമെന്നാണു പ്രതീക്ഷ. അതുകൊണ്ടുതന്നെ രാജ്യത്തെ സ്കോഡ ഡീലർമാർ ഈ കാറുകൾക്കുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിട്ടുമുണ്ട്. പതിനേഴ് ഇഞ്ച് വീലിനു പുറമെ ബ്ലാക്ക് ഔട്ട് ട്രിമ്മോടെ ആക്രമണോത്സുകത പ്രകടിപ്പിക്കുന്ന ബോഡി കിറ്റുമായാണ് ‘2017 സ്കോഡ ഒക്ടേവിയ ആർ എസി’ന്റെ വരവ്. പുത്തൻ ബംപർ, പുകക്കുഴലിന്റെ അഗ്രത്തിൽ സ്റ്റീൽ സ്പർശം, ചെറു സ്പോയ്ലർ എന്നിവയും കാറിലുണ്ട്. അകത്തളത്തിലാവട്ടെ ആർ എസ് ബ്രാൻഡിങ്ങും കോൺട്രാസ്റ്റ് സ്റ്റിച്ചിങ്ങും സഹിതമുള്ള പുതു സീറ്റ്, സ്പോർട്ടി സ്റ്റീയറിങ് വീൽ, പാഡ്ൽ ഷിഫ്റ്റർ, ലിമിറ്റഡ് സ്ലിപ് ഡിഫറൻഷ്യൽ തുടങ്ങിയവയുമുണ്ട്. മിറർലിങ്കും ആപ്പ്ൾ കാർ പ്ലേയും ആൻഡ്രോയ്ഡ് ഓട്ടോയും സപ്പോർട്ട് ചെയ്യുന്ന 9.2 ഇഞ്ച് ടച് സ്ക്രീനും കാറിലുണ്ട്. 

മെച്ചപ്പെട്ട സസ്പെൻഷനുമായി എത്തുന്ന ‘ഒക്ടേവിയ ആർ എസി’നു കരുത്തേകുന്നത് രണ്ടു ലീറ്റർ, ടർബോ പെട്രോൾ എൻജിനാണ്; ആറു സ്പീഡ് ഡി എസ് ജി ഗീയർബോക്സാണു ട്രാൻസ്മിഷൻ. മികച്ച സുരക്ഷ ലക്ഷ്യമിട്ട് ഒൻപത് എയർബാഗ്, ഇ എസ് പി, പ്രെഡിക്റ്റീവ് പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് പ്രൊട്ടക്ഷൻ, ട്രെയ്ലർ അസിസ്റ്റ്, ഡൈനമിക് ഷാസി കൺട്രോൾ തുടങ്ങിവയും കാറിലുണ്ട്.