മുംബൈയിൽ 4 വൈദ്യുത ബസ് സർവീസ് കൂടി

Representative Image

മുംബൈ നഗരത്തിൽ നാലു വൈദ്യുത ബസ്സുകൾ കൂടി സർവീസ് ആരംഭിക്കുന്നു. നഗരത്തിൽ സർവീസ് നടത്തുന്ന ‘ബെസ്റ്റി’നു ലഭിച്ച ബസ്സുകൾക്ക് ഏഴു റൂട്ടുകളാണു തിരഞ്ഞെടുത്തിരിക്കുന്നത്. വഡാല ഡിപ്പോയിൽ നടക്കുന്ന ചടങ്ങിൽ യുവ സേന മേധാവി ആദിത്യ താക്കറെയാവും പുതിയ വൈദ്യുത ബസ്സുകൾ നിരത്തിലിറക്കുക. ബാറ്ററിയിൽ നിന്ന് ഊർജം കണ്ടെത്തുന്ന ഈ പുതിയ ബസ്സുകൾക്ക് ഓരോന്നിനും 1.61 കോടി രൂപ വീതമാണു വില. ഒറ്റത്തവണ ചാർജ് ചെയ്താൽ ദിവസം മുഴുവൻ സർവീസ് നടത്താൻ ഈ ബസ്സുകൾക്കു കഴിയും.

ബാക്ക്ബേ ഡിപ്പോയിലാണു പുതിയ ബസ്സുകൾക്കുള്ള ചാർജിങ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ദക്ഷിണ മുംബൈയിലെ ഹ്രസ്വദൂര റൂട്ടുകളിലാവും വൈദ്യുത ബസ്സുകളുടെ ഓട്ടമെന്ന് ‘ബെസ്റ്റ്’ കമ്മിറ്റി അധ്യക്ഷൻ അനിൽ കോകിൽ അറിയിച്ചു.

ബാക്ക്ബേ ഡിപ്പോ — ഛത്രപതി ശിവജി മുംബൈ ടെർമിനൽ(റൂട്ട് നമ്പർ: 138), സി എസ് എം ടി — വേൾഡ് ട്രേഡ് സെന്റർ(സ്പെഷൽ  രണ്ട്), ചർച്ച് ഗേറ്റ് — ഗേറ്റ്വേ ഓഫ് ഇന്ത്യ(112), അഹല്യാബായ് ഹോൾകർ ചൗക്ക് — എൻ സി പി എ(സ്പെഷൽ ഒൻപത്), അഹല്യബായ് ഹോൾകർ ചൗക്ക് — ഫ്രീ പ്രസ് ജേണൽ മാർഗ്(100), സി എസ് എം ടി — ആർ ബി ഐ — എൻ സി പി എ — സി എസ് എം ടി(ഫോർട്ട് ഫെറി ഒന്ന്), സി എസ് ടി എം — ചർച്ച് ഗേറ്റ് — എൻ സി പി എ — സി എസ് എം ടി(ഫോർട്ട് ഫെരി രണ്ട്) റൂട്ടുകളാണു വൈദ്യുത ബസ് സർവീസിനായി ‘ബെസ്റ്റ്’ തിരഞ്ഞെടുത്തിരിക്കുന്നത്.