ഓട്ടമാറ്റിക് ‘റെഡി ഗൊ’ അടുത്ത വർഷം

Redigo

ബജറ്റ് ബ്രാൻഡായ ഡാറ്റ്സന്റെ വിപണന ശൃംഖല വിപുലീകരിക്കുമെന്നു ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ. വിപണിയിലെത്തി മൂന്നു വർഷത്തിനകം വിൽപ്പനയിൽ ഡാറ്റ്സൻ മികച്ച മുന്നേറ്റം കൈവരിച്ച സാഹചര്യത്തിലാണ് രാജ്യത്തെ ചെറുപട്ടണങ്ങളിൽ കാർ വിൽപ്പനയ്ക്കുള്ള സ്വന്തം ഷോറൂം ശൃംഖല വിപുലീകരിക്കുന്നത്.

കൂടാതെ അടുത്ത വർഷം ആദ്യം ചെറുകാറായ ‘റെഡി ഗൊ’യുടെ ഓട്ടമാറ്റിക് പതിപ്പ് പുറത്തിറക്കാനും ഡാറ്റ്സൻ തയാറെടുക്കുന്നുണ്ട്. നിസ്സാനിൽ നിന്നുള്ള പുതിയ മോഡലുകളും അടുത്ത വർഷം ആദ്യ പകുതിയിൽ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ.

‘ഗോ’, ‘ഗോ പ്ലസ്’, ‘റെഡി ഗൊ’ തുടങ്ങി ഡാറ്റ്സൻ ശ്രേണിയിലെ കോംപാക്ട് കാറുകളുടെ വിൽപ്പനയ്ക്കായി നൂറോളം ഔട്ട്ലെറ്റുകളാണ് ഇപ്പോഴുള്ളത്. ഇതിനു പുറമെ നിസ്സാന്റെ 275 ടച്പോയിന്റുകൾ വഴിയും ഡാറ്റ്സൻ കാറുകൾ വിൽപ്പനയ്ക്കെത്തുന്നുണ്ട്. 

കഴിഞ്ഞ ഏപ്രിലിൽ 52 ഡാറ്റ്സൻ ഔട്ട്ലെറ്റുകളാണു നിലവിലുണ്ടായിരുന്നതെന്ന് നിസ്സാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജെറോം സൈഗോട്ട് വെളിപ്പെടുത്തി. നടപ്പു സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേക്ക് ഔട്ട്ലെറ്റുകളുടെ എണ്ണം 150 ആക്കി ഉയർത്താനാണു പദ്ധതി. പ്രധാനമായും രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളിലാണു കമ്പനി പുതിയ ഷോറൂം തുറക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. മെട്രോ ഇതര പട്ടണങ്ങളിലു ചെറു നഗരങ്ങളിലും ‘റെഡി ഗൊ’യ്ക്കു മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും സൈഗോട്ട് അവകാശപ്പെട്ടു. 

ഇന്ത്യയിലെ നിസ്സാൻ വിൽപ്പനയിൽ പകുതിയോളമാണ് ഇപ്പോൾ ഡാറ്റ്സൻ ബ്രാൻഡിന്റെ സംഭാവന. കഴിഞ്ഞ ഉത്സവകാലത്ത് 3,200 ‘റെഡി ഗൊ’ വിറ്റ് നിസ്സാൻ റെക്കോഡും സൃഷ്ടിച്ചിരുന്നു.

എതിരാളികളെ അപേക്ഷിച്ച് വിലക്കുറവാണെന്നതാണ് ‘റെഡി ഗൊ’യുടെ പ്രധാന ആകർഷണമെന്ന് സൈഗോട്ട് അഭിപ്രായപ്പെട്ടു. കൂടാതെ ‘റെഡി ഗൊ’ ഉടമസ്ഥർക്ക് സമഗ്ര സർവീസ് പാക്കേജായ ഡാറ്റ്സൻ കെയറും ഇപ്പോൾ കുറഞ്ഞ നിരക്കിൽ ലഭ്യമാണ്.