Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുത കാർ: ലാഭം ഉറപ്പെന്നു ടാറ്റ മോട്ടോഴ്സ്

tigor

കേന്ദ്ര സർക്കാരിന് ഓരോ വൈദ്യുത കാർ വിൽക്കുമ്പോഴും കമ്പനി ലാഭം നേടുമെന്ന് ടാറ്റ മോട്ടോഴ്സ്. ഊർജ വകുപ്പിനു കീഴിലുള്ള എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ്(ഇ ഇ എസ് എൽ) നടത്തിയ ടെൻഡർ വഴിയാണ് ബാറ്ററിയിൽ ഓടുന്ന കാറുകൾ ലഭ്യമാക്കാനുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓർഡർ ടാറ്റ മോട്ടോഴ്സ് സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയതാവട്ടെ മഹീന്ദ്ര ആൻഡ് മഹീന്ദ(എം ആൻഡ് എം)യുമായിരുന്നു. ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്ത നിരക്കിൽ എങ്ങനെ വൈദ്യുത കാർ വിൽക്കാൻ കഴിയുമെന്ന് മഹീന്ദ്ര അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 

രാജ്യത്തെ കേന്ദ്ര സർക്കാർ ഓഫിസുകളുടെ ഉപയോഗത്തിനായി 10,000 വൈദ്യുത സെഡാനുകളാണ് ആദ്യ ഘട്ടത്തിൽ ഇ ഇ എസ് എൽ വാങ്ങുന്നത്. നിലവിൽ ഇ കാറുകൾ വിൽപ്പനയ്ക്കെത്തിക്കുന്നില്ലെങ്കിലും ടാറ്റ മോട്ടോഴ്സാണു ടെൻഡറിൽ കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്തത്. ഇതോടെ ആദ്യ ബാച്ചിലെ 500 കാറുകൾ ഈ 30നകം ടാറ്റ മോട്ടോഴ്സ് കൈമാറണമെന്നാണു വ്യവസ്ഥ. കോംപാക്ട് സെഡാനായ ‘ടിഗൊറി’ന്റെ വൈദ്യുത പതിപ്പാവും ഇ  ഇ എസ് എല്ലിനു വിൽക്കുകയെന്നു ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കിയിരുന്നു. ഗുജറാത്തിലെ സാനന്ദ് ശാലയിലാവും കമ്പനി ഈ കാറുകൾ നിർമിക്കുക. 

വാർഷിക പരിപാലന കരാർ അടക്കം 11.20 ലക്ഷം രൂപയ്ക്കാണ് ടാറ്റ മോട്ടോഴ്സ് വൈദ്യുത കാർ വാഗ്ദാനം ചെയ്തത്; പ്രധാന എതിരാളികളായ മഹീന്ദ്രയുടെ വിലയെ അപേക്ഷിച്ച് 2.30 ലക്ഷം കുറവായിരുന്നു ഇത്. കാറിനു ടാറ്റ വാഗ്ദാനം ചെയ്ത പ്രവർത്തന ചെലവും(കിലോമീറ്ററിന് 25 പൈസ) മഹീന്ദ്രയുടെ നിരക്കിനെ(കിലോമീറ്ററിന് 1.35 രൂപ) അപേക്ഷിച്ച് കുറവായിരുന്നു.ഓർഡർ പൂർണമായും ടാറ്റയ്ക്കു ലഭിക്കേണ്ടതായിരുന്നെങ്കിലും വിലയുടെ കാര്യത്തിൽ തുല്യത പാലിച്ചാൽ മഹീന്ദ്രയ്ക്കും അവസരം നൽകാൻ ഇ ഇ എസ് എൽ സന്നദ്ധമാവുകയായിരുന്നു. 

ഇ ഇ എസ് എല്ലിനു വിൽക്കുന്ന ഓരോ കാറും കമ്പനിക്കു ലാഭം നേടിക്കൊടുക്കുമെന്ന് ടാറ്റ മോട്ടോഴ്സ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഗ്വന്റെർ ബട്ഷെക്കാണു വ്യക്തമാക്കിയത്. ഇപ്പോഴുള്ള ധാരണ പ്രകാരം 6,500 — 7,000 കാറുകളാണു കമ്പനി ഇ ഇ എസ് എല്ലിനു നൽകുക. എന്നാൽ മഹീന്ദ്ര പിന്മാറുന്ന പക്ഷം അവരുടെ വിഹിതം കൂടി നിർമിച്ചു നൽകാൻ ടാറ്റ മോട്ടോഴ്സ് സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. നവംബർ 30നകം ആദ്യ ബാച്ചിലെ 350 കാറുകൾ ടാറ്റ മോട്ടോഴ്സ് കൈമാറുമെന്നും അദ്ദേഹം വെളിപ്പെടുത്തി. അവശേഷിക്കുന്ന 150 കാറുകളാണ് മഹീന്ദ്ര നൽകേണ്ടത്.