ഇന്ത്യയിൽ ഡീസലിന്റെ ഭാവി ഭദ്രമെന്നു ഹോണ്ട

ഡീസൽ എൻജിനുകളുടെ ഇന്ത്യയിലെ ഭാവി ഭദ്രമാണെന്നു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ 1.5 ലീറ്റർ ഐ—ഡിടെക് ‘എർത്ത് ഡ്രീംസ്’ ഡീസൽ എൻജിനെ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരത്തിലേക്ക് ഉയർത്താനും കമ്പനി തയാറെടുക്കുന്നുണ്ട്. നിലവിൽ മലിനീകരണ നിയന്ത്രണത്തിൽ ബി എസ് നാല് നിലവാരമാണ് ‘എർത്ത് ഡ്രീംസ്’ എൻജിനുള്ളത്.  2020 മുതലാണ് ഇന്ത്യയിൽ ബി എസ് ആറ് നിലവാരം പ്രാബല്യത്തിലെത്തുക. 

ബി എസ് ആറ് നിലവാരം കൈവരിക്കാനുള്ള പരിഷ്കാരങ്ങളുടെ കനത്ത ചെലവ് പരിഗണിച്ച് പല നിർമാതാക്കളും ഈ ഉദ്യമം ഉപേക്ഷിക്കുന്നതിനിടയിലാണു ഹോണ്ട വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത്. ജർമൻ നിർമാതാക്കളായ ഫോക്സ്വാഗൻ 1.5 ലീറ്റർ, ഇ എ 189 എൻജിനെ ബി എസ് ആറ് നിലവാരത്തിലേക്കു പരിഷ്കരിക്കാനില്ലെന്നു വ്യക്തമാക്കിയിരുന്നു. അതുപോലെ രാജ്യത്തെ ഏറ്റവും ജനപ്രിയ ഡീസൽ എൻജിനായ ഫിയറ്റ് 1.3 ലീറ്റർ മൾട്ടിജെറ്റിനും ബി എസ് ആറ് നിലവാരം നടപ്പാവുന്നതോടെ മരണമണി മുഴങ്ങും. 

ഇതിനിടയിലാണ് ഡീസൽ എൻജിനുകളെ ബി എസ് ആറ് നിലവാരത്തിലെത്തിക്കുമെന്നു വ്യക്തമാക്കി ഹോണ്ട കാഴ്സ് ഇന്ത്യ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ യോയ്ചിരൊ ഊനൊ വ്യത്യസ്തനാവുന്നത്. ഇന്ത്യയിലെ രണ്ടാംനിര, മൂന്നാം നിര പട്ടണങ്ങളിൽ ഡീസൽ എൻജിനുകൾക്ക് ആവശ്യക്കാരേറെയാണെന്നാണു ഊനൊയുടെ പക്ഷം. അതുകൊണ്ടുതന്നെ ഹോണ്ട ഭാരത് സ്റ്റേജ് ആറ് നിലവാരമുള്ള ഡീസൽ എൻജിൻ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അതേസമയം ബി എസ് ആറ് നിലവാരത്തിനുള്ള പരിഷ്കാരങ്ങൾക്കു ചെലവേറുമെന്നതിനാൽ ഭാവിയിൽ ഡീസൽ കാറുകൾക്ക് വില കൂടുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നുണ്ട്. പർട്ടിക്കുലേറ്റ് മാറ്റർ(പി എം) നിയന്ത്രണം ബി എസ് ആറ് നിലവാരത്തിൽ സുപ്രധാനമാണ്; ഡീസൽ എൻജിനിൽ ഈ നിലവാരം കൈവരിക്കാൻ പി എം ഫിൽറ്റുകൾ അനിവാര്യമാണ്. അതുകൊണ്ടുതന്നെ നിലവാരമേറിയ ഡീസൽ എൻജിനുകൾക്കു വില ഗണ്യമായി ഉയരുമെന്ന് ഊനൊ വിശദീകരിച്ചു. ചുരുക്കത്തിൽ 2020 കഴിയുന്നതോടെ പെട്രോൾ — ഡീസൽ കാറുകൾക്കിടയിൽ വിലയിലെ അന്തരം വീണ്ടും ഉയരുമെന്ന് വേണം കരുതാൻ. 

‘എർത്ത് ഡ്രീംസ്’ ശ്രേണിയിലെ 1.5 ലീറ്റർ ഡീസൽ എൻജിനാണ് ഇന്ത്യയിൽ ‘അമെയ്സ്’, ‘ബി ആർ — വി’, ‘സിറ്റി’, ‘ജാസ്’, ‘ഡബ്ല്യു ആർ — വി’ എന്നിവയ്ക്കൊക്കെ കരുത്തേകുന്നത്. ഇതേ പരമ്പരയിലെ 1.6 ലീറ്റർ ഡീസൽ സഹിതം അടുത്ത വർഷം പുതിയ ‘സി ആർ — വി’യും വിൽപ്പനയ്ക്കെത്തുന്നുണ്ട്; ഈ എൻജിൻ തുടക്കം മുതൽ തന്നെ ബി എസ് ആറ് നിലവാരത്തോടെയാണ് വരിക. പ്രാദേശികമായി നിർമാണം തുടങ്ങുന്നതോടെ ഇതേ എൻജിൻ 2019ൽ ഇന്ത്യയിൽ മടങ്ങിയെത്തുമെന്നു കരുതുന്ന ‘സിവിക്കി’ലും ഇടംപിടിക്കും.