പുതുവർഷത്തിൽ വാഹനവില കൂട്ടാൻ സ്കോഡ

പുതുവർഷത്തിൽ വാഹനവില വർധിപ്പിക്കുമെന്നു ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യ. വിവിധ മോഡലുകളുടെ വിലയിൽ രണ്ടോ മൂന്നോ ശതമാനം വർധനയാണു ജനുവരി ഒന്നോടെ നിലവിൽ വരികയെന്നും കമ്പനി വ്യക്തമാക്കി. വിപണി സാഹചര്യങ്ങൾ മാറി മറിഞ്ഞതും സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട ഘടകങ്ങളുമാണു വില വർധന അനിവാര്യമാക്കിയതെന്നും സ്കോഡ വിശദീകരിക്കുന്നു.

നിലവിൽ അഞ്ചു മോഡലുകളാണു സ്കോഡ ഇന്ത്യയിൽ വിൽക്കുന്നത്; ഇടത്തരം സെഡാനായ ‘സ്കോഡ റാപിഡ്’, ‘ഒക്ടേവിയ’, പ്രകടനക്ഷമതയേറിയ ‘ഒക്ടേവിയ ആർ എസ്’, പ്രീമിയം മോഡലുകളായ ‘സുപർബ്’, ‘കോഡിയാക്’ എന്നിവയാണു കമ്പനിയുടെ ശ്രേണിയിലുള്ളത്. പുതുവർഷം പിറക്കുമ്പോൾ വില വർധന പ്രഖ്യാപിക്കുന്നത് വാഹന നിർമാതാക്കളുടെ പതിവുതന്ത്രമാണ്. 2018 മോഡൽ ശ്രേണി അനാവരണം ചെയ്ത സ്കോഡ ഓട്ടോയാണ് ഇക്കുറി വിലവർധന പ്രഖ്യാപനത്തിനു തുടക്കം കുറിച്ചിരിക്കുന്നത്. 

അസംസ്കൃത വസ്തുക്കളുടെ വില വർധന, ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കു നേരിടുന്ന മൂല്യത്തകർച്ച, ഇന്ധനവില വർധന മൂലം കടത്തുകൂലി ഉയർന്നു തുടങ്ങിയ സ്ഥിരം ന്യായീകരണങ്ങൾ നിരത്തി മറ്റു വാഹന നിർമാതാക്കളും വരും ദിനങ്ങളിൽ ഇന്ത്യയിലെ മോഡൽ ശ്രേണിയുടെ വില ഉയർത്തുമെന്നാണു സൂചന.