Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുത്ത വർഷം നില മെച്ചപ്പെടുത്തുമെന്ന് ഇന്ത്യൻ

indian-roadmaster Indian Roadmaster

ഇക്കൊല്ലം വെല്ലുവിളികൾ ധാരാളം നേരിട്ടെങ്കിലും 2018ൽ ഇന്ത്യൻ വിപണിയിലെ നില മെച്ചപ്പെടുമെന്നു യു എസ് ബൈക്ക് നിർമാതാക്കളായ ഇന്ത്യൻ മോട്ടോർ സൈക്കിളിനു പ്രതീക്ഷ. വിപണി സാഹചര്യങ്ങൾ മെച്ചപ്പെട്ടതിനൊപ്പം പുത്തൻ മോഡൽ അവതരണങ്ങളും അടുത്ത വർഷത്തെ പ്രകടനത്തെ സ്വാധീനിക്കുമെന്ന പ്രതീക്ഷയിലാണ് പൊളാരിസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ. ഇന്ത്യൻ വിപണിയിൽ 1,200 സി സിയിലേറെ എൻജിൻ ശേഷിയുള്ള സൂപ്പർ ബൈക്കുകളാണ് ഇന്ത്യൻ വിൽപ്പനയ്ക്കെത്തിക്കുന്നത്. 12.99 ലക്ഷം രൂപ ഷോറൂം വിലയോടെ അടുത്തയിടെ അവതരിപ്പിച്ച ‘സ്കൗട്ട് ബോബർ’ സഹിതം ഒൻപതു മോഡലുകളാണ് ഇന്ത്യൻ ശ്രേണിയിലുള്ളത്. 

അടുത്ത വർഷം 2016ലെ വിൽപ്പനയെ അപേക്ഷിച്ച് 40 — 50% വളർച്ചയാണു കമ്പനി ലക്ഷ്യമിടുന്നതെന്നു പൊളാരിസ് ഇന്ത്യ കൺട്രി ഹെഡും മാനേജിങ് ഡയറക്ടറുമായ പങ്കജ് ദൂബെ വെളിപ്പെടുത്തി. ഇക്കൊല്ലത്തെ വിൽപ്പനയെ അപേക്ഷിച്ച് ഇരട്ടിയോളമാവുമിതെന്നും ദൂബെ വ്യക്തമാക്കി. വിവിധ മാറ്റങ്ങളും പരിഷ്കാരങ്ങളും മൂലം ഇക്കൊല്ലം കടുത്ത വെല്ലുവിളികൾ നിറഞ്ഞതായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കഴിഞ്ഞ നവംബറിൽ മൂല്യമേറിയ നോട്ടുകൾ നിരോധിച്ചതോടെയായിരുന്നു വെല്ലുവിളികളുടെ തുടക്കം. പിന്നാലെ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് മൂന്നിൽ നിന്ന് ബി എസ് നാലിലേക്കു നിലവാരം ഉയർത്തി. അതിനു ശേഷം നടപ്പായ ചരക്ക്, സേവന നികുതി(ജി എസ് ടി) അവതരണവും സൂപ്പർ ബൈക്ക് നിർമാതാക്കൾക്കു തലവേദന സൃഷ്ടിച്ചെന്നു ദൂബെ വിശദീകരിച്ചു. ബി എസ് മൂന്ന് നിലവാരമുള്ള ബൈക്കുകൾ വിറ്റഴിക്കുന്നത് ഇരുചക്രവാഹന വ്യവസായത്തിനാകെ തന്നെ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചെന്നും ദൂബെ അഭിപ്രായപ്പെട്ടു. 

ആഗോളതലത്തിൽ അവതരിപ്പിക്കുന്ന മോഡലുകളും കാലതാമസമില്ലാതെ ഇന്ത്യയിലും വിൽപ്പനയ്ക്കെത്തിക്കുന്ന രീതി ഭാവിയിലും തുടരുമെന്ന് ദൂബെ അറിയിച്ചു. 1,200 സി സി യിലേറെ മോട്ടോർ സൈക്കിളുകളുടെ ഇന്ത്യയിലെ വാർഷിക വിൽപ്പന രണ്ടായിരത്തോളം യൂണിറ്റാണെന്നും അദ്ദേഹം വെളിപ്പെടുത്തി.  ഈ വിഭാഗത്തിൽ നിലവിൽ അഞ്ചു ശതമാനത്തോളം വിപണി വിഹിതമാണ് ഇന്ത്യൻ അവകാശപ്പെടുന്നത്.