Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഇന്ത്യൻ’ ബൈക്കുകൾക്ക് 3 ലക്ഷം രൂപ വിലക്കിഴിവ്

indian-road-master

ഇറക്കുമതി ചുങ്കം നിരക്കിൽ നടപ്പായ മാറ്റത്തെ തുടർന്ന് അമേരിക്കൻ മോട്ടോർ സൈക്കിൾ നിർമാതാക്കളായ ഇന്ത്യൻ ബൈക്കുകളുടെ വില കുത്തനെ കുറിച്ചു. വിവിധ മോഡലുകളുടെ വിലയിൽ മൂന്നു ലക്ഷം രൂപയുടെ വരെ ഇളവാണ് ഇന്ത്യൻ അനുവദിച്ചത്. ഇതോടെ ‘ഇന്ത്യൻ സ്കൗട്ട് സിക്സ്റ്റി’ വില 10.99 ലക്ഷം രൂപയായി; ‘ഇന്ത്യൻ റോഡ് മാസ്റ്ററി’ന്റെ വില 39 ലക്ഷം രൂപയുമായി. 

ഇറക്കുമതി ചെയ്ത ബൈക്കുകൾക്കുള്ള ഇറക്കുമതി ചുങ്കം 50 ശതമാനമാക്കിയ സർക്കാർ തീരുമാനത്തിൽ ആഹ്ലാദമുണ്ടെന്നു പൊളാരിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും കൺട്രി ഹെഡുമായ പങ്കജ് ദുബെ അഭിപ്രായപ്പെട്ടു. വാഹനങ്ങൾക്കു വില കുറയുന്നതോടെ ഇന്ത്യയിലെ വിൽപ്പന ഗണ്യമായി ഉയരുമെന്നും അദ്ദേഹം പ്രത്യാശിച്ചു. 

യു എസ് നിർമാതാക്കളായ ഹാർലി ഡേവിഡ്സൻ കഴിഞ്ഞ ആഴ്ച യു എസിൽ നിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ വിൽക്കുന്ന മോഡലുകളുടെ വില കുറച്ചിരുന്നു; വിവിധ മോഡലുകളുടെ വിലയിൽ 2.62 — 3.73 ലക്ഷം രൂപ വരെയുള്ള ഇളവാണ് കമ്പനി അനുവദിച്ചത്. മുമ്പ് 28.37 ലക്ഷം രൂപ വിലയുണ്ടായിരുനന ‘റോഡ് കിങ്ങി’ന്റെ വില 24.99 ലക്ഷം രൂപയായി കുറഞ്ഞു. ‘സ്ട്രീറ്റ് ഗ്ലൈഡ് സ്പെഷലി’ന്റെ വിലയാവട്ടെ 33.50 ലക്ഷം രൂപയിൽ നിന്ന് 29.99 ലക്ഷം രൂപയായി. നേരത്തെ 35.61 ലക്ഷം രൂപ വിലയുണ്ടായിരുന്ന ‘റോഡ് ഗ്ലൈഡ് സ്പെഷൽ’ ഇപ്പോൾ 32.99 ലക്ഷം രൂപയ്ക്കു ലഭിക്കും. മുമ്പ് 53.72 ലക്ഷം രൂപ വിലയുണ്ടായിരുന്ന ‘സി വി ഒ ടി എം ലിമിറ്റഡ്’ ഇപ്പോൾ 49.99 ലക്ഷം രൂപയ്ക്കു ലഭ്യമാണ്.

ഇറ്റാലിയൻ നിർമാതാക്കളായ ഡ്യുകാറ്റിയാവട്ടെ ബൊളോണയിലെ ശാലയിൽ നിർമിച്ച് ഇറക്കുമതി ചെയ്യുന്ന മോഡലുകൾക്കാണ് വില കുറച്ചത്; 3.30 ലക്ഷം മുതൽ 8.57 ലക്ഷം രൂപ വരെയാണ് ഡ്യുകാറ്റി അനുവദിച്ച വിലക്കിഴിവ്. ഇതോടെ ‘മോൺസ്റ്റർ 1200’ 20.10 ലക്ഷം രൂപയ്ക്കു ലഭിക്കും; പഴയ വില 23.40 ലക്ഷം രൂപയാണ്. ‘1200 എസി’ന്റെ വില 28.68 ലക്ഷം രൂപയിൽ നിന്ന് 24.63 ലക്ഷം രൂപയായി കുറഞ്ഞു. ‘1200 എസ് ചാർക്കോൾ ഗ്രേ’യുടെ വിലയിൽ 4.06 ലക്ഷം രൂപ കുറവുണ്ട്; 29.79 ലക്ഷം രൂപയായിരുന്ന വില 24.73 ലക്ഷമായി കുറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വിലയേറിയ ബൈക്കായ ‘പനിഗേൽ ആർ ഫൈനൽ എഡീഷൻ’ ഇഫ്പോൾ 51.82 ലക്ഷം രൂപയ്ക്കു ലഭിക്കും; മുൻവിലയായ 60.39 ലക്ഷത്തെ അപേക്ഷിച്ച് 8.57 ലക്ഷം കുറവ്.

യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ സമ്മർദത്തെ തുടർന്നാണ് കേന്ദ്ര സർക്കാർ ഇറക്കുമതി ചെയ്ത മോട്ടോർ സൈക്കിളുകളുടെ ചുങ്ക നിരക്ക് പരിഷ്കരിച്ചത്. 800 സി സിയിൽ താഴെ എൻജിൻ ശേഷിയുള്ളളയുടെ ചുങ്കം 60 ശതമാനത്തിൽ നിന്ന് 50% ആയി കുറച്ചപ്പോൾ മറ്റു മോഡലുകളുടെ നിരക്ക് 75% ആയി പരിഷ്കരിച്ചു.