സുരക്ഷയ്ക്കായുള്ള ഹെൽമെറ്റ് ജീവനെടുത്തപ്പോൾ !

Image Source: Twitter

ഇരുചക്രവാഹനങ്ങൾക്കുണ്ടാകുന്ന അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് ഹെൽമെറ്റ് ധരിക്കണം എന്നു പറയുന്നത്. എന്നാൽ സുരക്ഷയ്ക്കായി ധരിച്ച ഹെൽമെറ്റ് യുവാവിന്റെ ജീവൻ കവർന്നിരിക്കുന്നു. അപകടമുണ്ടായതിന് ശേഷം ഹെൽമെറ്റ് ഊരാൻ സാധിക്കാത്തതാണ് യുവാവിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണം. ജയ്പൂർ ലാൻഡ് റോവർ ഷോറൂമിലെ സെയിൽസ് മാനേജർ രോഹിത്ത് സിങ് ശിഖാവത്താണ് അപകടത്തിൽ മരിച്ചത്. 

രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലെ വേൾഡ് ട്രെയ്ഡ് സെന്ററിന് സമീപമാണ് അപകടമുണ്ടായത്. കാവസാക്കി നിന്‍ജ ഇസഡ് എക്സ് 10 ആർ സൂപ്പർബൈക്കിൽ എത്തിയ രോഹിത്തിന് അപകടം സംഭവിക്കുകയായിരുന്നു. അമിത വേഗത്തിലെത്തിയ ബൈക്ക് റോഡ് മുറിച്ച് കടന്ന രണ്ടു പേരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അപകടത്തില്‍ പെട്ടത് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ബൈക്കിൽ നിന്ന് തെറിച്ചു വീണ രോഹിത്ത് കുറ‍ച്ചു ദൂരം റോഡിലൂടെ നിരങ്ങി നിങ്ങിയതിന് ശേഷമാണ് നിന്നതെന്നും ദൃക്സാക്ഷികൾ പറയുന്നു.

അപകട സമയത്ത് ഓടിക്കൂടിയവർ രോഹിത്തിന്റെ തലയില്‍ നിന്ന് ഹെല്‍മറ്റ് ഊരിമാറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡോക്ടർമാർ ഹെൽമെറ്റിന്റെ സ്ട്രാപ്പ് മുറിച്ചു മാറ്റിയാണ് ഹെൽമെറ്റ് ഊരിയതെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹെൽമെറ്റ് നേരത്തെ തലയിൽ നിന്ന് ഊരാൻ സാധിച്ചിരുന്നെങ്കിൽ ഒരു പക്ഷേ രോഹിത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നു എന്നാണ് ഡോക്ടർമാർ പറയുന്നത്. ഉയർന്ന വേഗത്തില്‍ ഉണ്ടാകുന്ന അപകടത്തിൽ നിന്നും റൈഡറെ രക്ഷിക്കാനായി നിർമിച്ച ഹെൽമെറ്റാണ് രോഹിത്തിന് വിനയായി മാറിയത്.

അപകടത്തിൽ ബൈക്ക് യാത്രികർക്ക് പരിക്കുപറ്റുകയാണെങ്കിൽ വളരെ സുക്ഷിച്ചു മാത്രമേ ഹെൽമെറ്റ് ഊരാൻ ശ്രമിക്കാവും. ഇല്ലെങ്കിൽ ചിലപ്പോൾ യാത്രികന്റെ ജീവന് തന്നെ ഭീഷണിയായേക്കാം.