ഇന്ത്യയിലേക്കുള്ള ടൊയോട്ട വയോസ് പൂര്‍ണ്ണ 'സുരക്ഷിതന്‍'

Vios

അടുത്തവര്‍ഷം ടൊയോട്ട ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന കാറാണ് വയോസ്. മാരുതി സിയാസ്, ഹോണ്ട സിറ്റി, ഹ്യുണ്ടേയ് വെര്‍ന തുടങ്ങിയ വാഹനങ്ങളോട് ഏറ്റുമുട്ടാനെത്തുന്ന കാറിന് ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍. ആസിയാന്‍ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റിലാണ് വയോസ് പൂർണ്ണ സുരക്ഷിതനാണെന്ന് തെളിഞ്ഞത്. തായ്‌ലാന്‍ഡില്‍ നിര്‍മിച്ച് സിംഗപ്പൂര്‍, ലാവോസ്, കംബോഡിയ, മ്യാന്‍മാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വില്‍ക്കുന്ന വയോസാണ് ടെസ്റ്റിനായി ഉപയോഗിച്ചത്.

ഏഴ് എയര്‍ബാഗുകളും ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോളുകളുമുള്ള മോഡലാണ് പരീക്ഷണത്തിന് വേണ്ടി ഉപയോഗിച്ചത്. വാഹനത്തിന്റെ ആകെ ഭാരം 1115 കിലോഗ്രാമാണ്. മറ്റു വിപണികളില്‍ 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഉപയോഗിക്കുന്നതെങ്കിലും ഇന്ത്യയിലെത്തുമ്പോള്‍ ഡീസല്‍ എന്‍ജിനുമുണ്ടാകും. അടുത്ത വര്‍ഷം പകുതിയോടു കൂടി പുതിയ കാറിനെ ഇന്ത്യയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Vios

മികച്ച സ്‌റ്റൈലും ടൊയോട്ടയുടെ വിശ്വാസ്യതയുമായി എത്തുന്ന കാറിന് സി സെഗ്മെന്റില്‍ മികച്ച പ്രതികരണം ലഭിക്കും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ പരീക്ഷണയോട്ടങ്ങള്‍ നടത്തുന്ന കാര്‍ പുറത്തിറങ്ങുന്ന തിയതി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത വര്‍ഷം തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ഫെബ്രുവരിയില്‍ നടക്കുന്ന ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പുതിയ കാറിനെ ടൊയോട്ട പ്രദര്‍ശിപ്പിച്ചേക്കും.