Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

24,000 ബൈക്ക് തിരിച്ചുവിളിക്കാൻ യമഹ ഇന്ത്യ

yamaha-fz25-1

നിർമാണ പിഴവിന്റെ പേരിൽ ഇന്ത്യയിൽ വിറ്റ ‘എഫ് സീ 25’, ‘ഫേസർ 25’ ബൈക്കുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഇന്ത്യ യമഹ മോട്ടോർ പ്രൈവറ്റ് ലിമിറ്റഡ് ഒരുങ്ങുന്നു. ഹെഡ് കവർ ബോൾട്ട് അയയാനുള്ള സാധ്യത പരിഗണിച്ചാണു കമ്പനി 23,897 ബൈക്കുകൾ തിരിച്ചുവിളിച്ചു പരിശോധിക്കുന്നത്. 2017 ജനുവരി മുതൽ നിർമിച്ച ബൈക്കുകൾക്കാണു പരിശോധന ആവശ്യമെന്നും യമഹ മോട്ടോർ അറിയിച്ചു.

മൊത്തം 21,640 ‘എഫ് സീ 25’ ബൈക്കുകൾക്കും 2,257 ‘ഫേസർ 25’ ബൈക്കുകൾക്കുമാണ് പരിശോധന ആവശ്യമുള്ളതെന്നാണു യമഹയുടെ കണക്ക്. ബൈക്കുകൾ പരിശോധിക്കാനുള്ള നടപടി ഉടൻ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. 

നിർമാണ പിഴവുള്ള ബൈക്കുകളുടെ തകരാർ അംഗീകൃത ഡീലർഷിപ്പുകൾ വഴി സൗജന്യമായി പരിഹരിച്ചു നൽകുമെന്നാണു യമഹയുടെ വാഗ്ദാനം. പരിശോധന ആവശ്യമുള്ള ബൈക്കുകളുടെ ഉടമസ്ഥരെ നേരിട്ടു വിവരം അറിയിക്കുമെന്നും കമ്പനി അറിയിച്ചു.  ഡീലർമാരുടെ പങ്കാളിത്തത്തോടെ വാഹനപരിശോധന സുഗമമാക്കാൻ നടപടി സ്വീകരിക്കുന്നുണ്ടെന്നും ഇന്ത്യ യമഹ മോട്ടോർ വ്യക്തമാക്കി.