നവീകരിച്ച ‘ഡി മാക്സ് വി ക്രോസ്’ ഉടൻ

ലൈഫ്സ്റ്റൈൽ പിക് അപ് ട്രക്കെന്ന വിശേഷണം പേറുന്ന ‘ഡി മാക്സ് വി ക്രോസി’ന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഇസൂസു മോട്ടോർ ഒരുങ്ങുന്നു. മിക്കവാറും അടുത്ത മാസം തന്നെ നവീകരിച്ച ‘ഡി മാക്സ് വി ക്രോസ്’ വിൽപ്പനയ്ക്കെത്തുമെന്നാണു സൂചന. ‘വി ക്രോസ്’, ‘വി ക്രോസ് ഹൈ’ വകഭേദങ്ങളിൽ നവീകരിച്ച ‘ഡി മാക്സ് വി ക്രോസ്’ വിൽപ്പനയ്ക്കുണ്ടാവും; യഥാക്രമം 14.27 ലക്ഷം രൂപയും 15.77 ലക്ഷം രൂപയുമാവും ഇവയ്ക്ക് ആന്ധ്ര പ്രദേശിലെ ഷോറൂം വില. പുതിയ വകഭേദങ്ങൾക്കുള്ള ബുക്കിങ്ങുകൾ ഇസൂസു ഡീലർഷിപ്പുകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഇതുവരെ 14.28 ലക്ഷം രൂപ വിലയ്ക്ക് ‘വി ക്രോസ്’ മാത്രമാണ് ഇസൂസു വിൽപ്പനയ്ക്കെത്തിച്ചിരുന്നത്. 

‘ഡി മാക്സി’ന്റെ അകത്തും പുറത്തുമൊക്കെ വ്യാപക പരിഷ്കാരങ്ങളാണ് ഇസൂസു നടപ്പാക്കിയിരിക്കുന്നത്. പുതിയ സൈഡ് സ്റ്റെപ്, ക്രോം ഹാൻഡിലുള്ള ടെയിൽ ഗേറ്റ് എന്നിവ ഇടംപിടിക്കുന്നുണ്ട്. ‘വി ക്രോസ് ഹൈ’ പതിപ്പിലാവട്ടെ പിൻ ബംപറിലും ക്രോമിയം സ്പർശത്തിനു പുറമെ എൽ ഇ ഡി ഡേ ടൈം റണ്ണിങ് ലാംപും എൽ ഇ ഡി ടെയിൽ ലാംപുമുണ്ട്. അകത്തളത്തിൽ ‘ഡി മാക്സ് വി ക്രോസി’ന് ടച് സ്ക്രീൻ ഓഡിയോ സംവിധാനവും റിയർ കാമറയും ലഭ്യമാക്കി. ആറു തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, കറുപ്പ് ലതർ സീറ്റ്, ക്രൂസ് കൺട്രോൾ സഹിതം മൾട്ടി ഫംക്ഷനൽ സ്റ്റീയറിങ് വീൽ എന്നിവയൊക്കെ ‘വി ക്രോസ് ഹൈ’ പതിപ്പിലുണ്ട്. മികച്ച സുരക്ഷയ്ക്കായി ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളും ട്രാക്ഷൻ കൺട്രോളുമുണ്ട്.

അതേസമയം സാങ്കേതിക വിഭാഗത്തിൽ ഇസൂസു മാറ്റമൊന്നും വരുത്തിയിട്ടില്ല. പിക് അപ്പിന കരുത്തേകുക 2.5 ലീറ്റർ, നാലു സിലിണ്ടർ, ടർബോ ഡീസൽ എൻജിനാണ്. 3,600 ആർ പി എമ്മിൽ 136 ബി എച്ച് പി വരെ കരുത്തും 1,800 — 2,800 ആർ പി എമ്മിൽ 302 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഓൾ വീൽ ഡ്രൈവ് ലേ ഔട്ടോടെ അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ഇന്ത്യൻ വിപണിയിൽ കാര്യമായ വെല്ലുവിളിയില്ലെന്നതാണ് ഇസൂസു ‘ഡി മാക്സ്  വി ക്രോസി’ന്റെ നേട്ടം. അതുകൊണ്ടുതന്നെ എസ് യു വിയായ ‘എം യു — എക്സി’നെ കടത്തിവെട്ടുന്ന വിൽപ്പന കൈവരിച്ചാണ് ഈ പിക് അപ് ട്രക്കിന്റെ മുന്നേറ്റം.