‘റെഡി ഗൊ 1.0 ലീറ്റർ എ എം ടി’ പ്രീ ബുക്കിങ് തുടങ്ങി

RediGo

ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സഹിതമെത്തുന്ന ‘റെഡി ഗൊ 1.0 ലീറ്ററി’നുള്ള പ്രീ ബുക്കിങ് നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ഇന്ത്യ തുടക്കമിട്ടു. 10,000 രൂപ മുൻകൂർ നൽകി രാജ്യത്തെ നിസ്സാൻ, ഡാറ്റ്സൻ ഡീലർഷിപ്പുകളിൽ ‘റെഡി ഗൊ 1.0 ലീറ്റർ എ എം ടി’ ബുക്ക് ചെയ്യാൻ അവസരമുണ്ട്. ബുക്കിങ് നടത്തുന്നവർക്ക് ഈ മാസം അവസാനത്തോടെ കാറുകൾ കൈമാറാനാണു ഡാറ്റ്സൻ ലക്ഷ്യമിടുന്നത്.  

ഉപയോക്താക്കളെ മനസ്സിൽ കണ്ടാണു കമ്പനിയുടെ തീരുമാനങ്ങളെല്ലാമെന്ന് നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടർ ജെറോം സൈഗോട്ട് വ്യക്തമാക്കി. ഉപയോക്താക്കളുടെ വേറിട്ട ആവശ്യങ്ങൾ നിറവേറ്റാനായി കഴിഞ്ഞ 20 മാസത്തിനിടെ ‘റെഡി ഗൊ’യുടെ നാലു വകഭേദങ്ങളാണ് കമ്പനി പുറത്തിറക്കിയത്. താങ്ങാവുന്ന വിലയ്ക്ക് അനായാസ നഗരയാത്ര ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ‘റെഡി ഗൊ എ എം ടി’ അവതരിപ്പിക്കുന്നത്. മികച്ച ഗ്രൗണ്ട് ക്ലിയറൻസ്, കൂടുതൽ ഹെഡ് റൂം സ്ഥലം, ഉയർന്ന സീറ്റിങ്, ആകർഷക രൂപകൽപ്പന തുടങ്ങിയവയും ‘റെഡി ഗൊ എ എം ടി’യുടെ മികവുകളാണെന്ന് അദ്ദേഹം വിശദീകരിച്ചു. 

ഇന്റലിജന്റ് സ്പാർക് ഓട്ടമേറ്റഡ് ടെക്നോളജി(ഐ സാറ്റ്)യുടെ പിൻബലമുള്ള 1.0 ലീറ്റർ മന്നു സിലിണ്ടർ എൻജിനാണ് ഈ ‘റെഡി ഗൊ’യ്ക്കു കരുത്തേകുന്നത്. 68 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാൻ പ്രാപ്തിയുള്ള, ഇന്ധനക്ഷമതയേറിയ ഈ എൻജിനു കൂട്ടാവുന്നത് അഞ്ചു സ്പീഡ് ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനാണ്. 

നിലവിൽ 800 സി സി ‘റെഡി ഗൊ’യ്ക്കു പുറമെ ‘റെഡി ഗൊ സ്പോർട്’, ‘റെഡി ഗൊ 1.0 ലീറ്റർ’, ‘റെഡി ഗൊ ഗോൾഡ്’ തുടങ്ങിയവയാണ് വിപണിയിലുള്ളത്. 2016 ജൂണിലായിരുന്നു ‘റെഡി ഗൊ’യുടെ ഇന്ത്യൻ അരങ്ങേറ്റം.

എ എം ടി എത്തുന്നതോടെ ‘റെഡി ഗൊ’ വിലയിൽ 30,000 രൂപയോളം വർധനയുണ്ടാവുമെന്നാണു പ്രതീക്ഷ. അതുകൊണ്ടുതന്നെ ഡൽഹി ഷോറൂമിൽ ‘റെഡി ഗൊ 1.0 ലീറ്റർ എ എം ടി’യുടെ വില 3.90 ലക്ഷം രൂപ മുതൽ 4.10 ലക്ഷം രൂപ വരെയാവാനാണു സാധ്യത.