Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനം ഇടിച്ചിട്ട് നിർത്താതെ പോകുന്നവർക്ക് ഈ വിഡിയോ പാഠമാകട്ടെ

Image Captured Form Youtube Video Image Captured Form Youtube Video

വാഹനം ഓടിക്കുമ്പോൾ‌ ഒരു നിമിഷത്തെ അശ്രദ്ധമതി അപകടമുണ്ടാകാൻ. ചിലപ്പോൾ അറിഞ്ഞുകൊണ്ടായിരിക്കില്ല അപകടമുണ്ടാകുന്നത്. എന്നാൽ അപകടം നടന്ന ആളെ ആശുപത്രിയിലാക്കാതെ രക്ഷപ്പെടുന്നത് കുറ്റകരമായ അനാസ്ഥ തന്നെയാണ്. വാഹനം ഓടിക്കുന്ന ഡ്രൈവറുടെ തെറ്റുകാരണമല്ല അപകടം സംഭവിക്കുന്നതെങ്കിലും വാഹനം നിർത്തി പരുക്കുളുണ്ടോ എന്ന് നോക്കേണ്ടത് ട്രാഫിക് മര്യാദയാണ്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലെ കോളേജ് വിദ്യാർത്ഥിക്കുണ്ടായ സംഭവം അത്തരത്തിലൊന്നാണ്. വിദ്യാർത്ഥിയെ ഇടിച്ചു തെറിപ്പിച്ച ബൈക്ക് നിർത്താതെ സ്ഥലം വിടുകയായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

Accident happened upfront of nirmala college muvattupuzha

അപകടത്തിൽ പരിക്കേറ്റ മാറാടി ചങ്ങംശേരിയിൽ മുരളിയുടെ മകൾ ആര്യ (20) ഗുരുതരാവസ്ഥയിൽ ആലുവ രാജഗിരി ആശുപത്രിയിൽ ചികിൽസയിലാണ്. തിങ്കളാഴ്ച വൈകിട്ടു നാലുമണിയോടെ മൂവാറ്റുപുഴ – പുനലൂർ റോഡിൽ നിർമലാ കോളജിനു മുന്നിലാണ് അപകടമുണ്ടായത്. കോളെജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിനിയായ ആര്യ ബസിൽ കയറുന്നതിനായി കൂട്ടുകാർക്കൊപ്പം റോഡിനു കുറുകെ കടക്കുമ്പോൾ ബൈക്ക് ഇടിച്ചിടുകയായിരുന്നു. വിദ്യാർത്ഥിയുടെ മുകളിലൂടെ കയറിയ ബൈക്ക് നിർത്താതെ പോയി. സീബ്ര ലൈനുകളുണ്ടെങ്കിലും ഇവിടെ വാഹനങ്ങൾ വേഗം കുറയ്ക്കില്ലെന്ന് വിദ്യാർത്ഥികളുടെ സ്ഥിരം പരാതിയാണ്. നാലു മാസത്തിനിടെ കോളജിലെ വിദ്യാർഥിയടക്കം മൂന്നു പേരാണ് ഇവിടെയുണ്ടായ അപകടങ്ങളിൽ മരിച്ചത്. ഇവിടെ വാഹനങ്ങൾ അമിത വേഗമെടുക്കുന്നതും റോഡ് സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാത്തതും അപകടകാരണമാകുന്നു.

അപകടമുണ്ടായാൽ ചെയ്യേണ്ടത്

വാഹനാപകടത്തിൽ കാൽനടക്കാർക്ക് പരിക്കേൽക്കുകയാണെങ്കിൽ അയാളെ ആദ്യം തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കണം. കൂടാതെ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്യണം. ഒരു കാരണ വശാലും അപകടത്തിൽ പെട്ട ആളെ റോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കരുത്. 

റോഡ് റേസ് ട്രാക്കല്ല‌ 

അനുവദനീയമായതിൽ കൂടുതൽ വേഗം ബൈക്കിൽ എടുക്കേണ്ട. സുരക്ഷിതമായി മാത്രമേ വേഗം വർധിപ്പിക്കാവൂ. ബൈക്കുകൾക്ക് മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗമാണ് സുരക്ഷിതം. മികച്ച മൈലേജ് നേടാനും ഇതുപകരിക്കും. മുന്നിൽ പോകുന്ന വാഹനത്തിനു തൊട്ടു പിന്നാലെ അമിത വേഗത്തിൽ പാഞ്ഞാൽ അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. 

അമിത വേഗവും അമിത ആത്മവിശ്വാസവും ആപത്ത്

അമിതവേഗം കൊണ്ട് നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. 'വാഹനം പൂര്‍ണമായും തന്റെ നിയന്ത്രണത്തിലാണ്, എത്ര വേഗത്തിലും നിയന്ത്രിക്കാനാകും' എന്ന അമിത ആത്മവിശ്വാസമാണ് പലപ്പോഴും അപകടങ്ങള്‍ക്കു കാരണം. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ അപകടം ഒരു പരിധി വരെ കുറയ്ക്കാനാവും. ശ്രദ്ധ മരിക്കുന്നിടത്ത് അപകടം ജനിക്കുന്നു എന്നാണല്ലോ പറയാറ്. മുന്നില്‍ പോകുന്ന വാഹനം സഡന്‍ ബ്രേക്കിട്ടാലും അപകടമുണ്ടാകാത്ത ദൂരത്തില്‍ വേണം എപ്പോഴും സഞ്ചരിക്കാന്‍.

ശ്രദ്ധയോടെ ഓവര്‍ടേക്കിങ്

വളരെയധികം ശ്രദ്ധ വേണ്ട കാര്യമാണ് ഓവര്‍ടേക്കിങ്. മുന്നിലെ വാഹനത്തിന് ഒരു തരത്തിലും അസൗകര്യമുണ്ടാക്കാത്ത തരത്തിലായിരിക്കണം ഓവര്‍ടേക്കിങ്. എതിര്‍ദിശയില്‍നിന്നു വരുന്ന വാഹനത്തെ വ്യക്തമായി കാണാന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യരുത്. വളവുകളിലും റോഡ് കാണാന്‍ പറ്റാത്ത അവസ്ഥകളിലും ഓവര്‍ടേക്കിങ് പാടില്ല. സുരക്ഷിതമായി ഓവര്‍ടേക്കു ചെയ്യാന്‍ സാധിക്കുന്നവിധം റോഡ് കാണാന്‍ പറ്റുമെന്ന് ഉറപ്പുവരുത്തിയിട്ടാകണം ഓവര്‍ടേക്കിങ്. കൂടാതെ പിന്നില്‍നിന്നു വാഹനങ്ങള്‍ തന്നെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. വാഹനത്തിന്റെ വലതുവശത്തുകൂടി മാത്രമേ ഓവര്‍ടേക്ക് ചെയ്യാവൂ.