സൗരഭ് വത്സ പ്യുഷൊ ഇന്ത്യ വിപണന മേധാവി

ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാൻ തയാറെടുക്കുന്ന വിദേശ കാർ നിർമാതാക്കൾ തന്ത്രപ്രധാന തസ്തികകളിൽ നിയമനം തുടരുന്നു.ഫ്രഞ്ച് നിർമാതാക്കളായ പ്യുഷൊയുടെ വിപണന വിഭാഗത്തെ നയിക്കാൻ സൗരഭ് വത്സയെയാണു കമ്പനി തിരഞ്ഞെടുത്തിരിക്കുന്നത്; മുമ്പ് യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സിനൊപ്പമായിരുന്നു അദ്ദേഹം. 

ഇന്ത്യയിലും കൊറിയയിലുമായി ഒന്നര പതിറ്റാണ്ടോളമാണു വത്സ ജനറൽ മോട്ടോഴ്സിൽ സേവനം അനുഷ്ഠിച്ചത്. 2015 മുതൽജി എം കൊറിയയിൽ ഡയറക്ടർ(പ്രോഡക്ട് ഡഫനിഷൻ) ആണ് അദ്ദേഹം.

ജനറൽ മോട്ടോഴ്സ് പാരമ്പര്യം പേറുന്ന ജയന്ത് കെ ദേവിനെയാണ് ബ്രിട്ടീഷ് ബ്രാൻഡായ എം ജി മോട്ടോർ ഇന്ത്യ ടെക്നോളജി കൺസൽറ്റന്റായി നിയോഗിച്ചിരിക്കുന്നത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) ഗവേഷണ, വികസന വിഭാഗം മേധാവി സ്ഥാനത്തു നിന്ന് അടുത്തയിടെയാണ് അദ്ദേഹം വിരമിച്ചത്. 

ദക്ഷിണ കൊറിയൻ നിർമാതാക്കളും ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയുടെ ഉപസ്ഥാപനവുമായ കിയ മോട്ടോഴ്സ് ഇന്ത്യയുടെ വിൽപ്പന, വിപണന വിഭാഗങ്ങളെ നയിക്കാനെത്തുന്നത് മനോഹർ ഭട്ട് ആണ്. മുമ്പ് മാരുതി സുസുക്കി ഇന്ത്യയ്ക്കൊപ്പമായിരുന്ന ഭട്ട് കിയയിൽ പുതിയ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. കാൽ നൂറ്റാണ്ടോളം മാരുതി സുസുക്കിക്കൊപ്പമായിരുന്ന ഭട്ടിന്റെ പ്രവർത്തന മേഖല വിപണന, വിൽപ്പന, വിൽപ്പനാന്തര സേവന വിഭാഗങ്ങളായിരുന്നു. 

ഇതോടൊപ്പം കിയ മോട്ടോഴ്സ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി യോങ് എസ് കിമ്മും നിയമിതനായിട്ടുണ്ട്. കിയയുടെ വിൽപ്പന, ഇടക്കാല — ദീർഘകാത തന്ത്രങ്ങൾ, ദക്ഷിണ കൊറിയയിലെ കിയ മോട്ടോഴ്സ് കോർപറേഷൻ ആസ്ഥാനവുമായുള്ള ഏകോപനം തുടങ്ങിയവയൊക്കെയാവും കിമ്മിന്റെ ഉത്തരവാദിത്തങ്ങൾ.