ഇന്നോവയ്ക്കും ബ്രെസയ്ക്കും എതിരാളി; അരങ്ങ് തകർക്കാൻ മഹീന്ദ്രയുടെ പുതിയ വാഹനങ്ങൾ: വിഡിയോ

Image Captured From Youtube Video

ഇന്ത്യയിലെ യുട്ടിലിറ്റി വാഹന നിർമാതാക്കളിലെ കിരീടം വയ്ക്കാത്ത രാജാവാണ് മഹീന്ദ്ര. ജീപ്പിൽ തുടങ്ങി സ്കോർപ്പിയോയിലൂടെ എസ്‌യുവി പ്രേമികളുടെ മനം കവർന്ന മഹീന്ദ്ര യൂട്ടിലിറ്റി സെഗ്‌മെന്റിലെ തങ്ങളുടെ കുത്തക ഉറപ്പിക്കാനുള്ള പുറപ്പാടിലാണ്. യുവി വിപണിയിലെ മിന്നുന്ന താരങ്ങൾക്കെല്ലാം എതിരാളിയുമായി മഹീന്ദ്ര ഉടനെത്തും. പല ഘട്ടങ്ങളിലായി പരീക്ഷണയോട്ടം നടത്തുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും എല്ലാ വാഹനങ്ങളും ഒറ്റ വിഡിയോയിൽ ലഭിക്കുന്നത് ആദ്യം. സാൻഡി സിങ് എന്ന ബൈക്കറാണ് മഹീന്ദ്രയുടെ പുതിയ വാഹനങ്ങളുടെയെല്ലാം വിഡിയോ ചിത്രീകരിച്ചത്. ഗുജറാത്തിലെ സൂരറ്റിന് അടുത്തുവെച്ചാണ് വാഹനങ്ങളെല്ലാം പരീക്ഷണയോട്ടം നടത്തുന്നത് കണ്ടതെന്ന് സാൻഡി വിഡിയോയിലൂടെ പറയുന്നു. 

പുതിയ എസ്ക്‌യുവി, ബ്രെസയുടെ എതിരാളി, ഇന്നോവയുടെ എതിരാളി, ഫോർച്യൂണറിന്റെ എതിരാളി തുടങ്ങിയ വാഹനങ്ങളെല്ലാം വിഡിയോയിലുണ്ട്. ‌‌ഇന്ത്യയിൽ പ്രീമിയം എസ്‌യുവി വിഭാഗത്തിൽ ഫോർച്യൂണർ, എൻ‌‍‍ഡവർ തുടങ്ങിയ വാഹനങ്ങളോട് മത്സരിക്കാനെത്തുന്നത് മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങ്ങിന്റെ റെക്സ്റ്റനാണ്. യുകെ വിപണിയിൽ പുറത്തിറങ്ങിയ റെക്സ്റ്റൺ മഹീന്ദ്രയുടെ ലേബലിൽ ഇന്ത്യയിലെത്തുമ്പോൾ അതേ പേരുതന്നെ പിന്തുടരാൻ സാധ്യതയില്ല. ലാ‍‍‍ഡർഫ്രെയിം ഷാസിയിൽ നിർമ്മിച്ച വാഹനത്തിൽ 2.2 ലീറ്റർ ഡീസൽ എൻജിനാണ് ഉപയോഗിക്കുക. ഫോർച്യൂണറിനെക്കാള്‍ നാലു മുതൽ അഞ്ചു ലക്ഷം രൂപവരെ വിലകുറച്ചായിരിക്കും മഹീന്ദ്ര പുതിയ എസ്‌ യു വിയെ വിപണിയിലെത്തിക്കുക. 

Rexton

സാങ്‌യോങിന്റെ ചെറു എസ്‌യുവി ടിവോളിയെ അടിസ്ഥാനമാക്കിയാണ് ബ്രെസയുടെ എതിരാളിയെ മഹീന്ദ്ര നിർമിക്കുക. നാലുമീറ്ററിൽ താഴെ നീളവുമായി എത്തുന്ന അഞ്ചു സീറ്റർ വകഭേദം മാരുതി ബ്രെസ, ടാറ്റ നെക്സോൺ, ഫോഡ് ഇക്കോസ്പോർട് എന്നിവരുമായാണ് മത്സരിക്കുമ്പോൾ നാലു മീറ്ററിൽ മുകളിൽ നീളമുള്ള ഏഴു സീറ്റർ മോ‍ഡൽ ഹ്യുണ്ടേയ് ക്രേറ്റ, റെനോ ഡസ്റ്റർ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കും. പെട്രോൾ, ഡീസൽ വകഭേദങ്ങളുള്ള കാറിന്റെ പെട്രോൾ പതിപ്പിൽ 1.2 ലീറ്റർ എൻജിനും ഡീസൽ പതിപ്പിൽ 1.5 ലീറ്റർ എൻജിനുമുണ്ടാകും. ഏഴു മുതൽ 12 ലക്ഷം വരെയായിരിക്കും വില.

Tivoli

യു 321 എന്ന കോഡു നാമത്തിലാണ് ഇന്നോവയുടെ എതിരാളി അറിയപ്പെടുന്നത്. മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററില്‍ വികസിപ്പിക്കുന്ന വാഹനം ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ചിട്ട് നാളുകളേറെയായി. ഉയരം കൂടിയ ഡിസൈന്‍ കണ്‍സെപ്റ്റിലാണ് പുതിയ എംപിവിയുടെ രൂപകല്‍പന. രാജ്യാന്തര വിപണിയില്‍ സാങ്‌യോങിനുള്ള ടുറിസ്മോ എംപിയുടെ ഡിസൈൻ ഘടകങ്ങൾ മഹീന്ദ്രയുടെ എംപിവിയിലും കണ്ടേക്കാം. അടിമുടി മാറ്റങ്ങളുമായിട്ടായിരിക്കും പുതിയ എക്സ്‌‍യുവി എത്തുക. ഇന്റീരിയറിലും എക്സ്റ്റീരിയറിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും എൻജിനിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. പുതിയ വാഹനങ്ങളെയെല്ലാം അടുത്ത മാസം ആദ്യം ന്യൂഡൽഹിയിൽ നടക്കുന്ന രാജ്യാന്തര വാഹന മേളയിൽ പ്രദർശിപ്പിക്കുമെന്നാണ് കരുതുന്നത്.