1,200 ലേയ്‌ലൻഡ് ട്രക്ക് വാങ്ങാൻ വി ആർ എൽ

Ashok Leyland Guru

ചരക്കു നീക്ക മേഖലയിലെ പ്രമുഖറായ വി ആർ എൽ ലോജിസ്റ്റിക്സ് അശോക് ലേയ്‌ലൻഡിൽ നിന്ന് 1,200 ട്രക്ക് വാങ്ങുന്നു. ‘3123’, ‘3723’ മോഡലുകളിൽപെട്ട 600 വീതം ട്രക്കുകളാണ് വി ആർ എൽ വാങ്ങുക; ഇവയുടെ വില 350 കോടിയോളം രൂപയാണ്.‌ സൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊക്കെ ആധുനികത പുലർത്തുന്ന അശോക് ലേയ്ലൻഡിൽ നിന്നുള്ള ട്രക്കുകൾ വി ആർ എല്ലിനു മുതൽക്കൂട്ടാവുമെന്നാണു പ്രതീക്ഷ. അറ്റകുറ്റപ്പണിക്കുള്ള സമയം കുറയുമെന്നതും സമയനഷ്ടമില്ലാതെ ദീർഘദൂര യാത്ര സാധ്യമാവുമെന്നതുമൊക്കെ വി ആർ എല്ലിന് മെച്ചപ്പെട്ട കാര്യക്ഷമതയും ഉയർന്ന ലാഭക്ഷമതയും സമ്മാനിക്കുമെന്നാണ് അശോക് ലേയ്‌ലൻഡിന്റെ വിലയിരുത്തൽ.

സാധാരണ ഗതിയിലുള്ള നിർമാതാവ് — ഉപയോക്താവ് ബന്ധത്തിനപ്പുറമാണ് വി ആർ എൽ ലോജിസ്റ്റിക്സും അശോക് ലേയ്ലൻഡുമായുള്ള ദീർഘകാല ബന്ധമെന്ന് കമ്പനി മാനേജിങ് ഡയറക്ടർ വിനോദ് കെ ദാസരി അഭിപ്രായപ്പെട്ടു. ഉപയോക്താക്കൾ എന്നതിനപ്പുറം പുതിയ മോഡലുകളുടെ വികസനത്തിലും വി ആർ എൽ നിർണായക സംഭാവന നൽകിയിട്ടുണ്ട്. 1,200 ട്രക്കുകൾക്കുള്ള ഈ ഓർഡർ ലഭിച്ചതോടെ ഇരുകമ്പനികളുമായുള്ള ബന്ധം കൂടുതൽ ദൃഢവും ആഴമേറിയതുമാവുമെന്ന് ദാസരി പ്രതീക്ഷ പ്രകടിപ്പിച്ചു. 

വ്യത്യസ്ത വാണിജ്യ വാഹന നിർമാതാക്കളുമായി സഹകരിക്കുന്നുണ്ടെങ്കിലും കമ്പനിയുടെ വാഹനങ്ങളിൽ 80 ശതമാനത്തോളം അശോക് ലേയ്ലൻഡ് നിർമിച്ച മോഡലുകളാണെന്ന് വി ആർ എൽ ലോജിസ്റ്റിക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ വിജയ് സങ്കേശ്വർ വിശദീകരിച്ചു. അശോക് ലേയ്ലൻഡുമായുള്ള ഈ ദീർഘകാല ബന്ധം ഇരുകമ്പനികൾക്കും ഗുണകരമായിട്ടുണ്ടെന്നും അദ്ദേഹം വിലയിരുത്തുന്നു.