Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതിക്ക് ആശ്വാസം; ബലേനൊ, ബ്രെസ ആരാധകർക്ക് സന്തോഷം

brezza-baleno

ജാപ്പനീസ് നിർമാതാക്കളായ സുസുക്കി മോട്ടോർ കോർപറേഷന്റെ ഗുജറാത്ത് ശാലയിൽ രണ്ടാം ഷിഫ്റ്റ് പ്രവർത്തനം തുടങ്ങി. ഇതോടെ ആവശ്യക്കാരേറെയുള്ള ‘ബലേനൊ’യുടെയും ‘സ്വിഫ്റ്റി’ന്റെയുമൊക്കെ ലഭ്യത മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ). 2018 — 19ൽ ഗുജറാത്ത് ശാലയിൽ നിന്ന് രണ്ടര ലക്ഷത്തോളം യൂണിറ്റ് ഉൽപ്പാദിപ്പിക്കാനാവുമെന്നാണു സുസുക്കിയുടെ കണക്കുകൂട്ടൽ. 

ഈ മാർച്ചിനകം ഗുജറാത്ത് ശാലയിൽ നിന്ന് ഒന്നര ലക്ഷത്തോളം കാറുകൾ ലഭിക്കുമെന്നാണു മാരുതിയുടെ പ്രതീക്ഷ; പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യാണു ഗുജറാത്ത് ശാലയിൽ നിന്നുള്ള പ്രധാന ഉൽപ്പാദനം. എ, ബി ഷിഫ്റ്റുകളിലായി ഗുജറാത്ത് ശാലയുടെ ഉൽപ്പാദനം പൂർണതോതിലെത്തിയ സാഹചര്യത്തിൽ 2018 — 19ൽ 2.5 ലക്ഷം യൂണിറ്റ് ലഭിക്കുമെന്നു കരുതുന്നതായി മാരുതി സുസുക്കി ഇന്ത്യ സീനിയൽ എക്സിക്യൂട്ടീവ് ഡയറക്ടർ(മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി വെളിപ്പെടുത്തി. ഒക്ടോബർ വരെ ഒറ്റ ഷിഫ്റ്റിൽ മാത്രമായിരുന്നു ശാല പ്രവർത്തിച്ചിരുന്നത് എന്നതിനാൽ 2017 — 18ലെ മൊത്തം ഉൽപ്പാദനം ഒന്നര ലക്ഷം യൂണിറ്റിൽ ഒതുങ്ങുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഗുജറാത്ത് ശാലയുടെ ഉൽപ്പാദനം വർധിക്കുന്നതോടെ ‘ബലേനൊ’യ്ക്കു പുറമെ കോംപാക്ട് എസ് യു വിയായ ‘വിറ്റാര ബ്രേസ’യ്ക്കുള്ള കാത്തിരിപ്പും കുറയുമെന്നു കാൽസി വ്യക്തമാക്കി. ഇടക്കാലത്ത് ‘ബലേനൊ’ ലഭിക്കാൻ ആറു മുതൽ എട്ടു മാസം വരെ കാത്തിരിക്കേണ്ട സാഹചര്യമായിരുന്നു. എന്നാൽ ഇപ്പോൾ പുതിയ കാറിനുള്ള കാത്തിരിപ്പ് എട്ടു മുതൽ പത്തു വരെ ആഴ്ചകളായി കുറഞ്ഞിട്ടുണ്ട്. ഗുജറാത്തിൽ നിന്നുള്ള ഉൽപ്പാദനം വർധിച്ചതാണു സ്ഥിതി മെച്ചപ്പെടുത്തിയതെന്നും കാൽസി അഭിപ്രായപ്പെട്ടു.

അതുപോലെ പുതിയ ‘ബ്രേസ’യ്ക്കുള്ള കാത്തിരിപ്പുകാലവും എട്ടോ പത്തോ ആഴ്ചയായി കുറഞ്ഞിട്ടുണ്ട്. ഗുജറാത്തിൽ നിന്നുള്ള ഉൽപ്പാദനത്തിന്റെ പിൻബലത്തിൽ മനേസാർ, ഗുരുഗ്രാം ശാലകളുടെ പ്രവർത്തനം പുനഃക്രമീകരിച്ചതാണ് ഈ നേട്ടത്തിലേക്കു നയിച്ചത്. കമ്പനി അടുത്തയിടെ പുറത്തിറക്കിയ ‘ഡിസയർ’ സെഡാനും വിപണിയിൽ മികച്ച സ്വീകാര്യത കൈവരിച്ചിട്ടുണ്ട്. ഡിസംബറിലെ വിൽപ്പന കണക്കെടുപ്പിൽ ‘ഓൾട്ടോ’യ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു ‘ഡിസയർ’. ഓട്ടോ എക്സ്പോയോടെ വിപണിയിലെത്തുമെന്നു കരുതുന്ന ‘സ്വിഫ്റ്റി’നും മികച്ച പ്രതികരണമാണു പ്രതീക്ഷിക്കുന്നത്; പ്രതിമാസം 15,000 യൂണിറ്റ് വിൽപ്പന നേടാൻ ഈ കാറിനു കഴിയുമെന്നാണു കണക്കുകൂട്ടൽ.