വാഹന വിൽപ്പനയിൽ തകർപ്പൻ നേട്ടം സ്വന്തമാക്കി മാരുതി ‘നെക്സ’

രാജ്യത്ത് ഏറ്റവുമധികം യാത്രാ വാഹനം വിൽക്കുന്ന വിപണന ശൃംഖലകളുടെ പട്ടികയിൽ മാരുതി സുസുക്കിയുടെ ‘നെക്സ’യ്ക്കു മൂന്നാം സ്ഥാനം. പ്രീമിയം മോഡലുകളുടെ വിൽപ്പനയ്ക്കുള്ള പ്രത്യേക കേന്ദ്രമെന്ന നിലയിൽ 2015 ജൂലൈയിലായിരുന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ‘നെക്സ’ ശൃംഖല ആരംഭിച്ചത്. തുടർന്നുള്ള മൂന്നു വർഷത്തിനിടയിലാണു വാഹന വിൽപ്പനയിൽ ‘നെക്സ’ തകർപ്പൻ നേട്ടം സ്വന്തമാക്കിയത്.

നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ 10 മാസക്കാലത്ത് 2,70,651 യൂണിറ്റാണു മാരുതി സുസുക്കി ‘നെക്സ’ വഴി വിറ്റഴിച്ചത്. 2017 ഏപ്രിൽ — 2018 ജനുവരി കാലത്ത് 10,88,998 യൂണിറ്റ് വിൽപ്പനയോടെ മാരുതി സുസുക്കിയുടെ ഷോറൂം ശൃംഖലയും 4,43,727 കാർ വിറ്റ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡും മാത്രമാണ് ഇതോടെ ‘നെക്സ’യ്ക്കു മുന്നിലുള്ളത്.

വിൽക്കുന്നതു പ്രീമിയം മോഡലുകൾ മാത്രമാണെങ്കിലും മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യെയും ടാറ്റ മോട്ടോഴ്സിനെയുമൊക്കെ പിന്തള്ളാൻ സാധിച്ചു എന്നതാണു ‘നെക്സ’യുടെ നേട്ടത്തിനു തിളക്കമേറ്റുന്നത്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ 10 മാസക്കാലത്തെ എം ആൻഡ് എം 1,99,968 യൂണിറ്റും ടാറ്റ മോട്ടോഴ്സ് 1,67,208 യൂണിറ്റും വിറ്റെന്നാണു രാജ്യത്തെ വാഹന നിർമാതാക്കളുടെ സൊസൈറ്റി(സയാം)യുടെ കണക്ക്.

മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പനയിൽ 19.9 ശതമാനത്തോളമാണ് കഴിഞ്ഞ ഏപ്രിൽ — ജനുവരി കാലത്ത് ‘നെക്സ’യുടെ വിഹിതം. 2016 — 17ലെ മാരുതി സുസുക്കി വിൽപ്പനയിൽ 10.9% ആയിരുന്നു ‘നെക്സ’ നേടിക്കൊടുത്തത്. കോംപാക്ട് കാറായ ‘ഇഗ്നിസ്’, പ്രീമിയം ഹാച്ച്ബാക്കായ ‘ബലെനൊ’, ഇടത്തരം സെഡാനായ ‘സിയാസ്’, ക്രോസോവർ യൂട്ടിലിറ്റി വാഹനമായ ‘എസ് ക്രോസ്’ എന്നിവയാണു മാരുതി സുസുക്കി ‘നെക്സ’ വഴി വിൽക്കുന്നത്. 2020 ആകുന്നതോടെ മൊത്തം വിൽപ്പനയുടെ 20% ‘നെക്സ’യിൽ നിന്നാവുമെന്നായിരുന്നു മാരുതി സുസുക്കിയുടെ പ്രതീക്ഷ. കഴിഞ്ഞ ജനുവരി 31ലെ കണക്കനുസരിച്ച് 171 നഗരങ്ങളിലായി 299 ‘നെക്സ’ ഷോറൂമുകളാണു മാരുതി സുസുക്കിക്കുള്ളത്. അടുത്ത രണ്ടു വർഷത്തിനിടെ ‘നെക്സ’യുടെ എണ്ണം 400 ആക്കി ഉയർത്താനും കമ്പനിക്കു പദ്ധതിയുണ്ട്.