റെക്കോഡ് വിൽപ്പന തിളക്കത്തിൽ ആസ്റ്റൻ മാർട്ടിൻ

റെക്കോഡ് വിൽപ്പന തിളക്കത്തോടെ 2017 പൂർത്തിയാക്കി ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ആസ്റ്റൻ മാർട്ടിൻ. ‘ഡി ബി 11’, ‘സ്പെഷൽ’ മോഡലുകൾക്ക് ആവശ്യക്കാരേറിയതോടെയാണ് കഴിഞ്ഞ ജനുവരി — ഡിസംബർ കാലത്തെ വിൽപ്പനയിൽ കമ്പനി തകർപ്പൻ നേട്ടം കൊയ്തത്. മൊത്തത്തിലുള്ള കണക്കെടുത്താൽ 2017ൽ 5,098 യൂണിറ്റ് വിൽപ്പനയാണ് ആസ്റ്റൻ മാർട്ടിൻ രേഖപ്പെടുത്തിയത്; കഴിഞ്ഞ ഒൻപതു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരമാണിത്. നോർത്ത് അമേരിക്കയിലും യു  കെയിലും ചൈനയിലുമൊക്കെ ആവശ്യക്കാരേറിയതാണ് കമ്പനിക്കു നേട്ടമായത്. 

റീട്ടെയ്ൽ വിഭാഗത്തിലെ കണക്കെടുത്താൽ 5,117 ആസ്റ്റൻ മാർട്ടിൻ കാറുകളാണു കഴിഞ്ഞ വർഷം വിറ്റു പോയത്; 2016ലെ വിൽപ്പനയായ 3,229 യൂണിറ്റിനെ അപേക്ഷിച്ച് 58% അധികമാണിത്. പോരെങ്കിൽ 2016നെ അപേക്ഷിച്ച് 48% വർധനയോടെ 87.60 കോടി പൗണ്ട് (7935.33 കോടിയോളം രൂപ) വരുമാനം നേടാനും കമ്പനിക്കായി. 

കഴിഞ്ഞ വർഷം റെക്കോഡ് വരുമാനവും ലാഭക്ഷമതയും ഉയർന്ന പണമൊഴുക്കും ഉറപ്പാക്കാൻ കമ്പനിക്കു കഴിഞ്ഞെന്ന് ആസ്റ്റൻ മാർട്ടിൻ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഡോ ആൻഡി പാമർ വിശദീകരിച്ചു. സാമ്പത്തിക തലത്തിൽ ആസ്റ്റൻ മാർട്ടിന്റെ മടങ്ങി വരവ് പൂർത്തിയായെന്നും അദ്ദേഹം അവകാശപ്പെട്ടു. അതുകൊണ്ടുതന്നെ പുത്തൻ മോഡൽ അവതരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കമ്പനിക്കു കഴിയുമെന്നും പാമർ വെളിപ്പെടുത്തി. 

വെയിൽസിലെ സെന്റ് ആഥനിൽ ആസ്റ്റൻ മാർട്ടിന്റെ പുതിയ നിർമാണശാല സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. മിക്കവാറും അടുത്ത വർഷം ഈ ശാല പ്രവർത്തനസജ്ജമാവുമെന്നാണു പ്രതീക്ഷ. കഴിഞ്ഞ 10 വർഷത്തിനിടെ ഇതാദ്യമായി ന്യൂപോർട്ട് പാഗനെലിലെ ശാലയിൽ സ്പെഷലിസ്റ്റ് മോഡലുകളുടെ നിർമാണം നടത്താനും കമ്പനിക്കു കഴിഞ്ഞു. ‘ഡി ബി 11 വോളന്റ്’, പുതിയ ‘വാന്റേജ്’ പോലുള്ള പുതുമോഡലുകൾ അവതരിപ്പിക്കാനും ആസ്റ്റൻ മാർട്ടിൻ ഒരുങ്ങുന്നുണ്ട്.