Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

35 ലക്ഷം പിന്നിട്ട് ജനപ്രിയ ‘ഓൾട്ടോ’

Maruti Suzuki Alto K10 Urbano Edition

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ഓൾട്ടോ’യുടെ ഇതുവരെയുള്ള മൊത്തം വിൽപ്പന 35 ലക്ഷം പിന്നിട്ടു. കമ്പനിയുടെ മോഡൽ ശ്രേണിയിൽ ഇന്ത്യയിലെന്നല്ല, ആഗോളതലത്തിൽ തന്നെ ഏറ്റവുമധികം വിൽപ്പന നേടുന്ന കാറാണ് ‘ഓൾട്ടോ’യെന്നും മാരുതി സുസുക്കി ഇന്ത്യ സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ (സെയിൽസ് ആൻഡ് മാർക്കറ്റിങ്) ആർ എസ് കാൽസി വെളിപ്പെടുത്തി. 

രണ്ട് എൻജിൻ സാധ്യതകളോടെയാണ് ‘ഓൾട്ടോ’ വിൽപ്പനയ്ക്കുള്ളത്: 800 സി സിയും ഒരു ലീറ്റർ ‘കെ 10’ എൻജിനും. പെട്രോളിനു പുറമെ സമ്മർദിത പ്രകൃതി വാതകം(സി എൻ ജി) ഇന്ധനമാക്കുന്ന ‘ഓൾട്ടോ’യും വിപണിയിലുണ്ട്. ക്ലച് ഒഴിവാക്കി, ഓട്ടോ ഗീയർ ഷിഫ്റ്റ് (എ ജി എസ്) ട്രാൻസ്മിഷനോടെയും ‘ഓൾട്ടോ’ ലഭിക്കും. പതിനെട്ട് വർഷം മുമ്പ് 2000—ലാണ് ‘ഓൾട്ടോ’ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 14 വർഷമായി എൻട്രി ലവൽ വിഭാഗത്തിൽ നേതൃസ്ഥാനം നിലനിർത്താൻ ‘ഓൾട്ടോ’യ്ക്കു സാധിച്ചിട്ടുണ്ട്. 2006 മുതൽ പ്രതിവർഷം രണ്ടര ലക്ഷത്തോളം യൂണിറ്റ് വിൽപ്പനയാണ് ‘ഓൾട്ടോ’ നേടുന്നതെന്നാണു മാരുതു സുസുക്കിയുടെ അവകാശവാദം. 

മലിനീകരണ നിയന്ത്രണത്തിൽ പുതിയ മാനദണ്ഡമായ ഭാരത് സ്റ്റേജ് ആറ് (ബി എസ് ആറ്) 2020ൽ നിലവിൽ വരും മുമ്പ് ‘ഓൾട്ടോ’ ഈ നിലവാരവും കൈവരിക്കുമെന്നു കാൽസി അറിയിച്ചു. വാഹനങ്ങൾ പുറന്തള്ളുന്ന പുകയിൽ നിന്ന് ഹാനികരമായ മാലിന്യങ്ങൾ ഒഴിവാക്കാനുള്ള ഏറ്റവും കർശനമായ വ്യവസ്ഥകളാണ് ‘ബി എസ് ആറി’ലൂടെ ഇന്ത്യയിലും നിലവിൽ വരുന്നത്.

അതേസമയം ‘ഓൾട്ടോ’യുടെ വൈദ്യുത പതിപ്പ് തൽക്കാലം പരിഗണനയിലില്ലെന്നു കാൽസി വെളിപ്പെടുത്തി. ഇന്ത്യയിൽ വൈദ്യുത കാർ നിർമാണത്തിനു ചെലവേറുമെന്നതാണ് മാരുതി സുസുക്കി നേരിടുന്ന വെല്ലുവിളി. എൻട്രി ലവൽ വിഭാഗത്തിൽ ഇടംപിടിക്കുന്നതിനാൽ വിലയിലെ കുറവാണ് ‘ഓൾട്ടോ’യുടെ പ്രധാന ആകർഷണം. വൈദ്യുത കാറുകളുടെ പ്രധാന ഘടകമായ ലിതിയം അയോൺ ബാറ്ററികൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്; അതിനാലാണ് ഇത്തരം കാറുകൾക്കു വിലയേറുന്നതെന്നും കാൽസി വിശദീകരിച്ചു.

അതേസമയം മാരുതി സുസുക്കി ശ്രേണിയിലെ ആദ്യ വൈദ്യുത കാർ 2020ൽ പുറത്തെത്തുമെന്നാണു പ്രതീക്ഷ. തികച്ചും വ്യത്യസ്തമായ കാറാവുമിതെന്നും കാൽസി അവകാശപ്പെടുന്നു. 2030 ആകുമ്പോഴേക്ക് യാത്രാവാഹന വിഭാഗത്തിൽ വൈദ്യുത കാറുകളുടെ വിഹിതം ഗണ്യമായി ഉയർത്താനാണു കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.