Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘യാരിസ്’ യു എ ഇയിലെത്തി; വില 10.59 ലക്ഷം രൂപ

Yaris Yaris

മേയിൽ ഇന്ത്യയിലെത്തുമെന്നു പ്രതീക്ഷിക്കുന്ന ‘യാരിസ്’ സെഡാൻ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷൻ യു എ ഇയിൽ വിൽപ്പനയ്ക്കെത്തിച്ചു. 59,000 ദിർഹം(ഏകദേശം 10.59 ലക്ഷം രൂപ) ആണു കാറിന് യു എ ഇയിലെ വില. ‘യാരിസ്’ എന്ന പേരിൽ ഹാച്ച്ബാക്ക് മോഡൽ ഇപ്പോൾ തന്നെ വിൽപ്പനയ്ക്കുള്ളതിനാൽ ‘യാരിസ്’ സെഡാൻ എന്നാണു പുതിയ കാറിനു യു എ ഇയിൽ പേര്.

Toyota Yaris @ Delhi Auto Expo

ഇന്ത്യയ്ക്കെന്ന പോലെ 1.5 ലീറ്റർ, ഡ്യുവൽ വി വി ടി ഐ പെട്രോൾ എൻജിനോടെയാണു ‘യാരിസ്’ സെഡാൻ യു എ ഇ വിപണിയിലുമെത്തിയിരിക്കുന്നത്. കാഴ്ചയിലും ഇന്ത്യയിലും യു എ ഇയിലും വിൽക്കുന്ന മോഡലുകൾ തമ്മിൽ വ്യത്യാസമൊന്നും പ്രതീക്ഷിക്കുന്നില്ല.

‘കൊറോള ഓൾട്ടിസി’നോടു പ്രകടമായ സാമ്യത്തോടെയാണു ടൊയോട്ട ‘2018 യാരിസ്’ രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ ടൊയോട്ട മോഡലുകളോടു ‘യാരിസി’നുള്ള സാമ്യവും പ്രകടമാണ്. എങ്കിലും മുന്നിലെ ബംപർ ഇൻസർട്ടുകൾ മെലിഞ്ഞ ഗ്രില്ലിലേക്ക് ഉയർന്നു നിൽക്കുന്നതിനാൽ കാറിന് വീതി കുറവാണെന്നു തോന്നിക്കും. എൽ ഇ ഡി ഡേടൈം റണ്ണിങ് ലാംപ്, എൽ ഇ ഡി പാർക്കിങ് ലൈറ്റ് തുടങ്ങിയവയൊക്കെ ‘യാരിസി’ലുണ്ട്. 15 ഇഞ്ച് അലോയ് വീലോടെ എത്തുന്ന കാറിന്റെ പിൻസീറ്റ് 60:40 അനുപാതത്തിൽ വിഭജിച്ച് കൂടുതൽ സംഭരണ സ്ഥലം സൃഷ്ടിക്കാനുമാവും.

യു എ ഇയിൽ പെട്രോൾ എൻജിനോടെ മാത്രമാണു ‘യാരിസ്’ സെഡാൻ ലഭിക്കുക. ആറു സ്പീഡ് മാനുവൽ, എഴു സ്പീഡ് സി വി ടി ഓട്ടോ ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യത. പോരെങ്കിൽ ഇന്ത്യയ്ക്കും ഡീസൽ എൻജിൻ പരിഗണനയിലില്ലെന്നു ടൊയോട്ട വ്യക്തമാക്കിയിട്ടുണ്ട്. എതിരാളികളായ ‘ഹ്യുണ്ടേയ് വെർണ’യും ഹോണ്ട ‘സിറ്റി’യും മാരുതി സുസുക്കി ‘സിയാസു’മൊക്കെ ഡീസൽ എൻജിനോടെ ലഭിക്കുമെന്നതിനാൽ ഈ പരിമിതി ടൊയോട്ടയ്ക്കു കനത്ത വെല്ലുവിളി സൃഷ്ടിച്ചേക്കാം.