Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എതിരാളികളെ വിറപ്പിക്കാൻ ആറു സ്പീഡ് ഗീയർബോക്സുമായി മാരുതി സ്വിഫ്റ്റ്

swift-2018-1 Swift

കാറുകളുടെ പ്രകടനക്ഷമത മെച്ചപ്പെടുത്താൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് തയാറെടുക്കുന്നു. ഡ്രൈവിങ് ക്ഷമത ഉയർത്താനായി ആറു സ്പീഡ് ഗീയർബോക്സ് അവതരിപ്പിക്കാനാണു കമ്പനിയുടെ പദ്ധതി. നിലവിൽ ‘ഓൾട്ടോ’ മുതൽ ‘സിയാസ്’ വരെയുള്ള കാറുകളിൽ അഞ്ചു സ്പീഡ് ഗീയർബോക്സാണു മാരുതി സുസുക്കി ലഭ്യമാക്കുന്നത്. ആദ്യഘട്ടത്തിൽ പുത്തൻ ഹാച്ച്ബാക്കായ ‘സ്വിഫ്റ്റി’ലാവും ഈ പുതിയ ഗീയർബോക്സ് ഇടംപിടിക്കുക. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ അഞ്ചു സ്പീഡ് ഗീയർബോക്സുമായിട്ടായിരുന്നു പുത്തൻ ‘സ്വിഫ്റ്റും’ അരങ്ങേറ്റം കുറിച്ചത്. 

New Gen Maruti Suzuki Swift Launched In India

‘എം എഫ് 30’ എന്ന കോഡ്നാമത്തിൽ വികസിപ്പിച്ച പുത്തൻ ആറു സ്പീഡ് ഗീയർബോക്സ് ഇക്കൊല്ലം മുതൽ ഇന്ത്യയിൽ വിൽക്കുന്ന കാറുകളിൽ ഘടിപ്പിച്ചു തുടങ്ങുമെന്നു മാരുതി സുസുക്കി സ്ഥിരീകരിച്ചിട്ടുണ്ട്. കാറുകളുടെ മൊത്തത്തിലുള്ള ഡ്രൈവിങ് ക്ഷമത ഉയർത്താൻ ഈ ഗീയർബോക്സ് സഹായകമായവുമെന്നാണു മാരുതിയുടെ വിലയിരുത്തൽ. ഘട്ടംഘട്ടമായിട്ടാവും മാരുതി സുസുക്കി പുതിയ ഗീയർബോക്സിന്റെ ലഭ്യത വർധിപ്പിക്കുക. ആദ്യ വർഷം അരലക്ഷം യൂണിറ്റ് ഉൽപ്പാദനമാണു മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. 2020 ആകുമ്പോഴേക്ക് ആറു സ്പീഡ് ഗീയർബോക്സ് ഉൽപ്പാദനം പ്രതിവർഷം നാലു ലക്ഷം യൂണിറ്റോളമായി ഉയരുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടൽ.

മുമ്പ് ‘എസ് ക്രോസി’ൽ മാരുതി സുസുക്കി ആറു സ്പീഡ് ഗീയർബോക്സ് ലഭ്യമാക്കിയിരുന്നു. 1.6 ലീറ്റർ ഡീസൽ എൻജിനൊപ്പമുണ്ടായിരുന്ന ആ ട്രാൻസ്മിഷൻ പ്രതീക്ഷിച്ച വിജയം നേടിയില്ല. ഇപ്പോഴാവട്ടെ അഞ്ചു സ്പീഡ് ഗീയർബോസും 1.3 ലീറ്റർ ഡീസൽ എൻജിനുമായാണു പുതിയ ‘എസ് ക്രോസി’ന്റെ വരവ്. അതേസമയം എതിരാളികളായ ഹ്യുണ്ടേയ് ‘എലീറ്റ് ഐ 20’, ‘വെർണ’, ‘എലാൻട്ര’, ‘ക്രേറ്റ’ എന്നിവയിലൊക്കെ ആറു സ്പീഡ് ഗീയർബോക്സ് ലഭ്യമാക്കുന്നുണ്ട്. ടാറ്റ മോട്ടോഴ്സ് ‘നെക്സൻ’, റെനോ ‘ഡസ്റ്റർ’, ജീപ് ‘കോംപസ്’, മഹീന്ദ്ര ‘എക്സ് യു വി 500’ തുടങ്ങിയവയിലും ആറു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ.