Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൊയോട്ട ‘യാരിസ്’ ബുക്കിങ്ങിനു തുടക്കം

Yaris Yaris

ഇടത്തരം സെഡാൻ വിഭാഗത്തിൽ അരങ്ങേറ്റത്തിനൊരുങ്ങുന്ന ‘യാരിസി’നുള്ള ബുക്കിങ് ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) തിരഞ്ഞെടുത്ത നഗരങ്ങളിൽ സ്വീകരിച്ചു തുടങ്ങി. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ‘യാരിസി’നുള്ള ബുക്കിങ് ഡൽഹി പോലുള്ള പ്രധാന നഗരങ്ങളിലാണു ടി കെ എം സ്വീകരിക്കുന്നത്. അടുത്ത മാസം മധ്യത്തോടെ ‘യാരിസ്’  സെഡാൻ ഷോറൂമിലെത്തുമെന്നാണു പ്രതീക്ഷ.

Toyota Yaris @ Delhi Auto Expo

അര ലക്ഷം രൂപ അഡ്വാൻസ് ഈടാക്കിയാണു ചില നഗരങ്ങളിലെ ടൊയോട്ട ഡീലർമാർ ‘യാരിസി’നുള്ള ബുക്കിങ് ഏറ്റെടുക്കുന്നത്. മേയ് ആദ്യ വാരം കാർ കൈമാറാമെന്നാണു വാഗ്ദാനം. നിലവിൽ ഹോണ്ട ‘സിറ്റി’യും ഹ്യുണ്ടേയ് ‘വെർണ’യും മാരുതി സുസുക്കി ‘സിയാസു’മൊക്കെ അരങ്ങുവാഴുന്ന ഇടത്തരം സെഡാൻ വിപണി പിടിക്കാനാണു ‘യാരിസി’ന്റെ വരവ്.

അരങ്ങേറ്റ വേളയിൽ പെട്രോൾ എൻജിനോടെ മാത്രമാവും ‘യാരിസ്’ വിൽപ്പനയ്ക്കുണ്ടാവുക; 1.5 ലീറ്റർ, നാലു സിലിണ്ടർ ഡ്യുവൽ വി വി ടി ഐ പെട്രോൾ എൻജിനോടെ മാത്രമാവും കാർ ലഭിക്കുക. പരമാവധി 108 ബി എച്ച് പി വരെ കരുത്ത്  സൃഷ്ടിക്കുന്ന എൻജിനു കൂട്ട് ആറു സ്പീഡ് മാനുവൽ, ഏഴു സ്റ്റെപ് സി വി ടി(ഓട്ടമാറ്റിക്) ട്രാൻസ്മിഷനുകളാവും. മാത്രമല്ല, സമീപ ഭാവിയിലൊന്നും ‘യാരിസി’ന്റെ ഡീസൽ പതിപ്പ് പുറത്തിറക്കാൻ ടി കെ എമ്മിനു പദ്ധതിയുമില്ല. 

കൈകളുടെ ചലനം തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ടയർ പ്രഷർ നിരീക്ഷണ സംവിധാനം, 60:40 അനുപാതത്തിൽ വിഭജിക്കാവുന്ന പിൻസീറ്റ്, ക്രമീകരിക്കാവുന്ന നെക്ക് റെസ്ട്രെയ്ന്റ്, ആംബിയന്റ് ലൈറ്റിങ്, മുകളിൽ ഘടിപ്പിച്ച എയർ കണ്ടീഷനർ വെന്റ്, മുന്നിൽ പാർക്കിങ് സെൻസർ, പവേഡ് ഡ്രൈവർ സീറ്റ് തുടങ്ങിയവയൊക്കെ ‘യാരിസി’ൽ ടി കെ എം ലഭ്യമാക്കുമെന്നാണു പ്രതീക്ഷ. സുരക്ഷാ വിഭാഗത്തിലാവട്ടെ ഓൾ വീൽ ഡിസ്ക് ബ്രേക്ക്, ഡ്രൈവറുടെ മുട്ടിനടക്കം ഏഴ് എയർബാഗ്, ഹിൽ സ്റ്റാർട് അസിസ്റ്റ്, എ ബി എസ്, ഇ ബി ഡി, ഇ എസ് പി തുടങ്ങിയവയൊക്കെയുണ്ടാവും.

ബെംഗളൂരുവിനടുത്ത് ബിദഡിയിലുള്ള ശാലയിൽ നിർമിക്കുന്ന ‘യാരിസി’ൽ പ്രാദേശികമായി സമാഹരിച്ച ഘടകങ്ങളുടെ വിഹിതം ഉയർന്നതലത്തിലാവുമെന്നും ടി കെ എം സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ തികച്ചും മത്സരക്ഷമമായ വിലയ്ക്കു കാർ വിൽപ്പനയ്ക്കെത്തുമെന്നാണു വിലയിരുത്തൽ. 8.70 — 13.70 ലക്ഷം രൂപ വിലനിലവാരത്തിൽ ലഭിക്കുന്ന ‘സിറ്റി’യ്ക്കു വെല്ലുവിളി സൃഷ്ടിക്കാൻ അതിലും 20,000 — 30,000 വിലക്കുറവിൽ ‘യാരിസ്’ എത്തിയാലും അത്ഭുതപ്പെടാനില്ല.