യൂബർ അപകടം; തനിയെ ഓടുന്ന കാർ പരീക്ഷണം താൽകാലികമായി നിർത്തി ടൊയോട്ടയും

സെൽഫ് ഡ്രൈവിങ് കാറുകളുടെ ഭാവിയെ ചോദ്യം ചെയ്തേക്കാവുന്ന അപകടത്തിനു പിന്നാലെ ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണങ്ങൾ ടൊയോട്ടയും നിർത്തി. യു എസിൽ നടക്കുന്ന പരീക്ഷണങ്ങളാണ് ടൊയോട്ട താൽകാലികമായി നിർത്തിയത്.  അപകടത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്തു വന്നതിനു ശേഷമേ  പരിക്ഷണം തുടരുന്നതിനേപ്പറ്റി ആലോചിക്കുകയുള്ളൂ എന്നാണ് ടൊയോട്ട അറിയിച്ചത്. 

സെൽഫ് ഡ്രൈവിങ് കാറുകളുടെ സുരക്ഷ  ചോദ്യം ചെയ്യുന്ന അപകടം നടന്നതിനെത്തുടർന്ന് വോൾവോയും പരീക്ഷണം നിർത്തിയിരുന്നു.  ഇതിനിടെ ലോകത്തിലെ ആദ്യ സെൽഫ് ഡ്രൈവിങ് കാർ അപകട ദൃശ്യം ടെംപിൾ പോലീസ് പുറത്തു വിട്ടു. കാറിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. എലൈൻ ഹെർസ്ബർഗ് എന്ന സ്ത്രീ പെട്ടന്ന് കാറിന്റെ മുന്നിലേക്ക് വരുന്നതും വാഹനം ഇടിക്കുന്നതും വിഡിയോയിൽ കാണാം. 

അമേരിക്കയിലെ അരിസോണയിലാണ് യൂബറിന്റെ സെൽഫ് ഡ്രൈവിങ് കാറിടിച്ച് സ്ത്രീ മരിച്ചത്. റോഡു മുറിച്ച് കടക്കാൻ ശ്രമിക്കവേയാണ് എലൈൻ ഹെർസ്ബർഗ് എന്ന 49 കാരിയുടെ ജീവൻ യൂബറിന്റെ സെൽഫ് ഡ്രൈവിങ് കാർ കവർന്നത്. എന്നാൽ അപകടം നടന്നത് യൂബറിന്റെ മാത്രം പിഴവുകൊണ്ടാണെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല എന്നാണ് അരിസോണ പൊലീസ് പറയുന്നത്. വിശദമായ പരിശോധനയ്ക്ക് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടും.