Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏപ്രിലിൽ വാഹന വില കൂട്ടുമെന്നു ടാറ്റയും

Tata Tiago Tata Tiago

അടുത്ത മാസം മുതൽ വാഹന വില വർധിപ്പിക്കുമെന്നു ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചു. യാത്രാവാഹനങ്ങൾക്ക് മോഡൽ അടിസ്ഥാനത്തിൽ പരമാവധി 60,000 രൂപ വരെയാവും ഏപ്രിൽ ഒന്നിനു പ്രാബല്യത്തിലെത്തുന്ന വർധനയെന്നും കമ്പനി പ്രഖ്യാപിച്ചു. അസംസ്കൃത വസ്തുക്കളുടെ വില വർധനയെ തുടർന്നാണു വാഹന വില കൂട്ടേണ്ടിവന്നതെന്നാണു ടാറ്റ മോട്ടോഴ്സിന്റെ വിശദീകരണം.

അസംസ്കൃത വസ്തുവില ഉയർന്നതിനൊപ്പം വിപണി സാഹചര്യങ്ങളിലെ മാറ്റവും വിവിധ ബാഹ്യകാരണങ്ങളുമാണു കാർ വില വർധന അനിവാര്യമാക്കിയതെന്ന് ടാറ്റ മോട്ടോഴ്സ് പ്രസിഡന്റ്(പാസഞ്ചർ വെഹിക്കിൾ ബിസിനസ്) മയങ്ക് പരീക്ക് അറിയിച്ചു. എന്നാൽ ‘ടിയാഗൊ’, ‘ഹെക്സ’, ‘ടിഗൊർ’, ‘നെക്സൻ’ തുടങ്ങിയ മികച്ച മോഡലുകളുടെ പിൻബലത്തിൽ വിൽപ്പനയിലെ വളർച്ചാ നിരക്ക് നിലനിർത്താനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളുടെ വില അഞ്ചു ശതമാനത്തോളം ഉയർത്തിയ സ്വീഡിഷ് ആഡംബര കാർ ബ്രാൻഡായ വോൾവോയായിരുന്നു ഇക്കുറി വാഹന വില വർധനയ്ക്കു തുടക്കമിട്ടത്. കേന്ദ്ര ബജറ്റിൽ ഇറക്കുമതി ചുങ്ക ഘടനയിൽ വരുത്തിയ പരിഷ്കാരങ്ങളെ തുടർന്നാണ് വില വർധിപ്പിക്കുന്നതെന്നായിരുന്നു ചൈനീസ് കമ്പനിയായ ഗീലിയുടെ ഉടമസ്ഥതയിലുള്ള വോൾവോയുടെ വിശദീകരണം. ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള എല്ലാ മോഡലുകൾക്കും അഞ്ചു ശതമാനം വില വർധിപ്പിക്കാനാണു തീരുമാനമെന്നും വോൾവോ കാഴ്സ് ഇന്ത്യ മാനേജിങ് ഡയറക്ടർ ചാൾസ് ഫ്രംപ് വ്യക്തമാക്കിയിരുന്നു.  

പിന്നാലെ ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡിയും ഇന്ത്യയിൽ വിൽക്കുന്ന മോഡലുകൾക്ക് വില വർധന പ്രഖ്യാപിച്ചു. കേന്ദ്ര ബജറ്റിൽ കസ്റ്റംസ് ഡ്യൂട്ടി നിരക്കുകൾ പരിഷ്കരിച്ച സാഹചര്യത്തിൽ വാഹന വിലയിൽ നാലു ശതമാനം വർധന നടപ്പാക്കുമെന്നായിരുന്നു ഔഡിയുടെ പ്രഖ്യാപനം. വിവിധ മോഡലുകൾക്ക് ഒരു ലക്ഷം മുതൽ ഒൻപതു ലക്ഷം രൂപയുടെ വരെ വർധനയാണ് ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തോടെ നടപ്പാവുകയെന്നും കമ്പനി അറിയിച്ചു.