ജ്ഞാനേശ്വർ സെൻ ഹോണ്ട വിട്ടു; ഗോയൽ പിൻഗാമി

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയുടെ ഇന്ത്യൻ ഉപസ്ഥാപനത്തിലെ വിൽപ്പന, വിപണന വിഭാഗം മേധാവിയായിരുന്ന ജ്ഞാനേശ്വർ സെൻ കമ്പനിയിൽ നിന്നു രാജിവച്ചു. വ്യക്തിപരമായ താൽപര്യങ്ങൾ പരിഗണിച്ചാണു ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡി(എച്ച് സി ഐ എൽ)ന്റെ സീനിയർ വൈസ് പ്രസിഡന്റ്(മാർക്കറ്റിങ് ആൻഡ് സെയിൽസ്) പദം രാജിവച്ചതെന്നാണു സെന്നിന്റെ നിലപാട്.

ജപ്പാനിൽ ഹോണ്ട മോട്ടോർ കോർപറേഷൻ ആസ്ഥാനത്തു മുതിർന്ന പദവിയിലെത്തിയ ആദ്യ ഇന്ത്യക്കാരനായ രാജേഷ് ഗോയലാവും എച്ച് സി ഐ എല്ലിൽ സെന്നിന്റെ പകരക്കാരനെന്നാണു സൂചന. കോർപറേറ്റ്തലത്തിനൊപ്പം മേഖലാതലത്തിലും നേതൃനിരയിൽ വരുത്തുന്ന വിവിധ മാറ്റങ്ങൾ ഹോണ്ട കാഴ്സ് തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ.  ഹോണ്ട കാഴ്സിൽ നാഷനൽ സെയിൽ സ്ട്രാറ്റജി ആൻഡ് ഡിമാൻഡ് പ്ലാനിങ് വിഭാഗത്തെ നയിച്ചിരുന്ന സന്ദീപ് മദൻ ആവും കമ്പനിയുടെ ഉത്തരമേഖലയിലെ പുതിയ മേധാവി. ദേശീയതലത്തിലെ വിൽപ്പന വിഭാഗം മേധാവിയായി നിവലിൽ ഡീലർ ഡവലപ്മെന്റ് വിഭാഗത്തിന്റെ ചുമതലക്കാരനായ അരവിന്ദ് ഭട്നാഗർ എത്തിയേക്കും.

വ്യാഴവട്ടത്തോളം നീണ്ട സേവനം പൂർത്തിയാക്കിയാണു ജ്ഞാനേശ്വർ സെൻ ഹോണ്ടയുടെ പടിയിറങ്ങുന്നത്. 2006 കമ്പനിക്കൊപ്പം ചേർന്ന സെന്നാണു പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ഹോണ്ടയുടെ കാറുകളെ ഇന്ത്യൻ വിപണിയിൽ ശക്തമായ നിലയിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചത്.

ഇന്ത്യൻ വിപണിക്കു ഡീസൽ മോഡലുകളോടു പ്രതിപത്തിയുള്ള കാലത്ത് ഹോണ്ടയുടെ ശ്രേണിയിലുള്ളത് പെട്രോൾ എൻജിനുകൾ മാത്രമായിരുന്നു. പിന്നീട് ‘ഐ ഡി ടെക് എർത്ത് ഡ്രീംസ്’ ഡീസൽ എൻജിൻ മാത്രമല്ല, പുതുതലമുറ ‘സിറ്റി’യും ‘ഡബ്ല്യു ആർ — വി’യും ‘അമെയ്സു’മൊക്കെ ഇന്ത്യയിൽ വിജയകരമായി അവതരിപ്പിച്ചതു സെന്നിന്റെ നേതൃത്വത്തിലായിരുന്നു. ഇന്ത്യൻ കാർ നിർമാതാക്കളുടെ പട്ടികയിൽ ആദ്യ അഞ്ചു സ്ഥാനത്തിനുള്ളിൽ ഹോണ്ട കാഴ്സ് ഇടം പിടിച്ചതും സെന്നിന്റെ നേതൃപാടവത്തിന് തെളിവാണ്. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിൽ 15 വർഷത്തോളം പ്രവർത്തിച്ച അനുഭവ സമ്പത്തുമായാണു സെൻ ഹോണ്ടയിലെത്തിയത്.

വെറും മൂന്നു വർഷത്തിനിടെ എച്ച് സി ഐ എല്ലിന്റെ രണ്ട് ചീഫ് എക്സിക്യൂട്ടീവുകളെ ഹോണ്ട മാറ്റിയിരുന്നു. കഴിഞ്ഞ ആറു വർഷത്തിനിടയാവട്ടെ നാലു പേരാണ് കമ്പനിയുടെ പ്രസിഡന്റ് ആൻഡ് ചീഫ് എക്സിക്യൂട്ടീവ് പദം അലങ്കരിച്ചത്. 11 വർഷത്തനിടെ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയ്ക്ക് മൂന്നു പ്രസിഡന്റ് ആൻഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മാത്രമാണ് ഉണ്ടായതെന്നും ഇതോടൊപ്പം ഓർക്കണം. ഹോണ്ട കാഴ്സ് ഇന്ത്യയുടെ പുതിയ മേധാവിയായി ഗാകു നകനിഷി ഏപ്രിൽ ഒന്നിന ചുമതലയേൽക്കാനിരിക്കെയാണു സെന്നിന്റെ വിട വാങ്ങൽ. 

ജപ്പാനിൽ ഹോണ്ടയുടെ തന്ത്രപ്രധാന തസ്തികയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനെന്നതാണു ഗോയലിന്റെ മികവ്. ഹാച്ച്ബാക്കായ ‘ബ്രിയൊ’യിലും എൻട്രി ലവൽ സെഡാനായ ‘അമെയ്സി’ലും പ്രാദേശികമായി സമാഹരിച്ച ഘടകങ്ങളുടെ വിഹിതം ഉയർത്തിയതും ഗോയലിന്റെ ഇടപെടലായിരുന്നത്രെ.