മാരുതി ഡിസയറിനെ തോൽപ്പിക്കാൻ പുതിയ അമെയ്സ്, ബുക്കിങ്ങിനു തുടക്കം

All New Honda Amaze

എൻട്രി ലവൽ സെഡാനായ ‘അമെയ്സി’ന്റെ രണ്ടാം തലമുറയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഒരുങ്ങുന്നു. പുതിയ കാറിനുള്ള ബുക്കിങ് ഹോണ്ട ഡീലർഷിപ്പുകൾ വൈകാതെ സ്വീകരിച്ചു തുടങ്ങുമെന്നാണു സൂചന. 21,000 രൂപ അഡ്വാൻസ് ഈടാക്കിയാവുമത്രെ ഡീലർമാർ പുതിയ ‘അമെയ്സി’നുള്ള ബുക്കിങ് സ്വീകരിക്കുക. മിക്കവാറും അടുത്ത മാസം അവസാനത്തോടെ കാർ കൈമാറാനാവുമെന്നാണു ഡീലർമാരുടെ പ്രതീക്ഷ.

കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് രണ്ടാം തലമുറ ‘അമെയ്സ്’ പ്രദർശിപ്പിച്ചിരുന്നു. സാങ്കേതിക വിഭാഗത്തിൽ കാര്യമായ മാറ്റമൊന്നുമില്ലാതെയാവും പുത്തൻ ‘അമെയ്സ്’ എത്തുക. കാറിനു കരുത്തേകാൻ 88 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന 1.2 ലീറ്റർ പെട്രോൾ, 100 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന 1.5 ലീറ്റർ ഡീസൽ എൻജിനുകൾ തന്നെയാവും രംഗത്ത്. പെട്രോൾ എൻജിനു പുറമെ ഡീസൽ വകഭേദത്തിലും സി വി ടി ഓട്ടമാറ്റിക് ഗീയർ ബോക്സ് ലഭ്യമാവുമെന്നതാണ് ഇത്തവണത്തെ പുതുമ. കൂടാതെ അഞ്ചു സ്പീഡ് മാനുവൽ ഗീയർ ബോക്സോടെയും പെട്രോൾ, ഡീസൽ ‘അമെയ്സ്’ വിൽപ്പനയ്ക്കുണ്ടാവും. 

All New Honda Amaze

‘സിറ്റി’യോടു ചേർന്നു നിൽക്കുന്ന തരത്തിലുള്ള രൂപകൽപ്പനയാവും പുതിയ ‘അമെയ്സി’ലെ പ്രധാന മാറ്റം. പിൻഭാഗം കൂടുതൽ വൃത്തിയാക്കാനും ഹോണ്ട ശ്രമിച്ചിട്ടുണ്ട്; ഇതോടെ മൊത്തത്തിൽ സന്തുലിതമായ രൂപമാണ് പുതിയ ‘അമെയ്സി’നു കൈവരുന്നത്. കാറിന്റെ മുന്തിയ വകഭേദങ്ങളിൽ 10 സ്പോക്ക് അലോയ് വീലുകളും ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട്.

അകത്തളത്തിൽ നിലവിലുള്ള ‘അമെയ്സി’ലെ പോലെ ഇരട്ട വർണ ശൈലി തുടരും. ഡാഷ്ബോഡിൽ ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനവും കൂടുതൽ സ്ഥലസൗകര്യവും ഈ ‘അമെയ്സി’ൽ ഹോണ്ട ഉറപ്പാക്കുന്നുണ്ട്. പുതിയ ‘അമെയ്സി’നു നിലവിലുള്ള മോഡലിനെ അപേക്ഷിച്ചു വിലയേറുമെന്നാണു സൂചന. മാരുതി സുസുക്കി ‘ഡിസയർ’, ഫോഡ് ‘ആസ്പയർ’, ഫോക്സ്വാഗൻ ‘അമിയൊ’, ടാറ്റ ‘ടിഗൊർ’ തുടങ്ങിയവയോടാണു ഹോണ്ട ‘അമെയ്സി’ന്റെ മത്സരം.