Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോർപറേറ്റ് പാക്കേജുകളുമായി ഫോക്സ്‍വാഗൻ

ameo-diesel-testdrive

കമ്പനികൾക്കും കോർപറേറ്റുകൾക്കുമായി ജർമൻ നിർമാതാക്കളായ ഫോക്സ്‍വാഗൻ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. വാഹനം വാങ്ങുമ്പോഴും സർവീസിങ് വേളയിലും അക്സസറി വിലയിലും ലോയൽറ്റി പദ്ധതികളിലുമൊക്കെ ഈ വിഭാഗത്തിനു പ്രത്യേക ആനുകൂല്യം ലഭിക്കും.

ഉൽപന്നങ്ങളായാലും സേവനങ്ങളായാലും ഉപയോക്താക്കളാണു ഫോക്സ്‍വാഗന്റെ ഇന്ത്യയിലെ പദ്ധതികളുടെ കേന്ദ്രമെന്ന് ഫോക്സ്‍വാഗൻ പാസഞ്ചർ കാഴ്സ് ഡയറക്ടർ സ്റ്റീഫൻ നാപ് അഭിപ്രായപ്പെട്ടു. ഇത്തരം പദ്ധതികളിലൂടെ ആഗോളതലത്തിൽ പെരുമയാർജിച്ച ഫോക്സ്വാഗൻ കാറുകൾ വാങ്ങാനുള്ള അനായാസ മാർഗമാണ് കമ്പനി അവതരിപ്പിക്കുന്നത്. വിൽപ്പന, വിൽപ്പനാനന്തര വിഭാഗങ്ങളിൽ കമ്പനിയുടെ സമഗ്ര സേവനം ഇന്ത്യയിലെ കാർ പ്രേമികളിലെത്തിക്കാനാണു ഫോക്സ്‍വാഗന്റെ നീക്കമെന്നും അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യയിലെ പ്രവർത്തനങ്ങൾ ശക്തമാക്കി അടുത്ത അഞ്ചു വർഷത്തിനകം രാജ്യത്തെ വിപണി വിഹിതം മൂന്നു ശതമാനത്തിലെത്തിക്കാനാണു ഫോക്സ്വാഗന്റെ മോഹം. ഇതിന്റെ ഭാഗമായി ഇന്ത്യൻ വിപണിയോടുള്ള സമീപനത്തിലും ഫോക്സ്‍വാഗൻ സമൂല മാറ്റം വരുത്തിയിട്ടുണ്ട്.

ഐ ടി , കൺസൽറ്റൻസി, ബാങ്കിങ് — ധനകാര്യ സേവന മേഖലകളിലെ ഉദ്യോഗസ്ഥരെയും ഡോക്ടർമാർ, അഭിഭാഷകർ, ആർക്കിടെക്റ്റുമാർ, ചാർട്ടേഡ് അക്കൗണ്ടന്റ്, അധ്യാപകർ തുടങ്ങിയ പ്രഫഷനലുകളെയുമാണു പുതിയ പദ്ധതിയിലൂടെ ഫോക്സ്‍വാഗൻ നോട്ടമിടുന്നത്. കൂടാതെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭകരെയും സർക്കാർ ജീവനക്കാരെയും കന്റീൻ സ്റ്റോഴ്സ് ഡിപ്പാർട്ട്മെന്റ് ജീവനക്കാരെയുമൊക്കെ ഈ പദ്ധതിയിൽ ഫോക്സ്വാഗൻ പരിഗണിക്കുന്നുണ്ട്. ഈ വിഭാഗം ജീവനക്കാരുടെ കുടുംബാംഗങ്ങൾക്കും പുതിയ ആനുകൂല്യങ്ങൾ ലഭ്യമാവുമെന്നാണു ഫോക്സ്‍വാഗന്റെ വാഗ്ദാനം.