മഹീന്ദ്ര എക്സ് യു വിയിൽ സിനിമയെ വെല്ലുന്ന കിടിലൻ ചെയിസ്

Screengrab

വില്ലനിൽ നിന്ന് ഓടിരക്ഷപ്പെടുന്ന നായിക, അപ്രതീക്ഷിതമായി സഹായിക്കാൻ എത്തുന്ന യുവാവ്. ജീവൻ രക്ഷിച്ച ആളോടുള്ള ആരാധന പ്രണയമായി മാറുന്നു. സിനിമകളിൽ നാം കണുന്ന ഹിറ്റ് ചേരുവയാണിവ. റണ്ണിങ്ങും ചെയ്സിങ്ങും ആക്ഷനുമെല്ലാം അടങ്ങിയ സൂപ്പർ പാക്കേജ്. സിനിമകളിൽ മാത്രം കണ്ട് ശീലിച്ച കിടലൻ ചെയ്സുമായി മഹീന്ദ്ര എത്തിയിരിക്കുന്നു. ഇവിടെ നായകനും നായികയ്ക്കും കൂട്ടായി എത്തുന്നത് പുതിയ എക്സ് യു വിയാണ്. അടുത്തിടെ പുറത്തിറങ്ങിയ എക്സ് യു വി 500 ന്റെ പരസ്യത്തിലാണ് സിനിമയെ വെല്ലുന്ന ഈ ചെയ്സുള്ളത്. 

സ്റ്റൈലിഷ് മാറ്റങ്ങളുമായി മഹീന്ദ്രയുടെ പുതിയ എക്സ്‌യുവി വിപണിയിലെത്തിയത് അടുത്തിടെയാണ്.  ക്രോം ഇൻസേർട്ടുകളോടുകൂടിയ പുതിയ ഗ്രിൽ, ഹൊറിസോണ്ടൽ എൽഇഡി ഡേറ്റംറണ്ണിങ് ലാമ്പോടുകൂടിയ പ്രൊജക്റ്റർ ഹെ‍ഡ്‍ലാമ്പ് എന്നിവയാണ് മുന്നിലെ പ്രധാനമാറ്റങ്ങൾ. റാപ്പ് എറൗണ്ട് ടെയിൽ ലാമ്പുകളും നമ്പർപ്ലെയ്റ്റുകൾക്കുള്ള ക്രോം ആവരണവും പിന്നിലെ പ്രത്യേകതകളാണ്. ഡോറുകളിലെ ക്രോം സ്ട്രിപ്പാണ് വശങ്ങളിലെ പ്രധാന മാറ്റം. ടാൻ കളേഡ് സീറ്റുകളും ഓൾ ബ്ലാക്ക് ഡാഷ്ബോർഡും സെന്റർകൺസോളിലും ഗിയർനോബിലും സ്റ്റീയറിങ് വീലുകളിലുമുള്ള അലുമിനിയം ഫിനിഷുമാണ് ഉള്ളിലെ പ്രധാന മാറ്റങ്ങൾ. 

കൂടാതെ ഇലക്ട്രിക് സൺറൂഫ്, ലോഗോ പ്രൊജക്ഷൻ ലാമ്പോടു കൂടിയ ഒആർവിഎം, സ്മാർട്ട് വാച്ച് കണക്ടിവിറ്റി, ജിപിഎസ് നാവിഗേഷനോടു കൂടിയ ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയും പുതിയ എക്സ് യു വിയിലുണ്ട്. എൻജിനിൽ മാറ്റമില്ലെങ്കിലും പുതിയ വാഹനത്തിന്റെ കരുത്ത് അൽപ്പം കൂടിയിട്ടുണ്ട്. 2.2 ലീറ്റർ എംഹോക്ക് എൻജിന്റെ കരുത്ത് 15 എച്ച്പി കൂടി 155 എച്ച്പിയായിമാറി. ടോർക്ക് 30 എംഎം കൂടി 360 എംഎമ്മുമായി മാറി.  വില 12.32 ലക്ഷം മുതൽ  17.88 ലക്ഷം വരെ.