മത്സരം ശക്തമാക്കാൻ മഹീന്ദ്ര, ബ്രെസയുടെ എതിരാളി എക്സ് യു വി 300 ഉടൻ

SsangYong Tivoli

യുവി സെഗ്്മെന്റിലെ രാജാവ് എന്ന പദവി മഹീന്ദ്രയിൽ നിന്ന് മാരുതി തട്ടിയെടുത്തു. ബ്രെസയും എർടിഗയും എസ്ക്രോസും ഉപയോഗിച്ച് ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പനയുള്ള യുവി നിർമാതാക്കൾ എന്ന പേര് മാരുതി സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. വിൽപ്പന കണക്കുകളിൽ മാരുതി മുന്നിട്ടെങ്കിലും നഷ്ടപ്പെട്ട സ്ഥാനം തിരിച്ചു പിടിക്കും എന്ന വാശിയിലാണ് മഹീന്ദ്ര. അതിനായി മികച്ച വാഹനങ്ങൾ തന്നെയാണ് മഹീന്ദ്ര തയാറാക്കുന്നത്. മാരുതിയുടെ ഏറ്റവും അധികം വി‍ൽപ്പനയുള്ള യു വി വിറ്റാര ബ്രെസയെ തന്നെയാണ് മഹീന്ദ്ര ലക്ഷ്യം വെയ്ക്കുന്നത്.

SsangYong Tivoli

മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങിന്റെ ചെറു എസ്‌യുവി ടിവോളിയെ അടിസ്ഥാനമാക്കി നിർമിച്ച എക്സ് യു വി 300 ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പേരോ, പുറത്തിറക്കൽ തിയതിയോ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടൻ തന്നെ വാഹനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് സീറ്റ്, ഏഴ് സീറ്റ് വകഭേദങ്ങളിൽ എക്സ്‌യുവി 300 പുറത്തിറക്കാനാണ് മഹീന്ദ്രയുടെ പദ്ധതി. നാലുമീറ്ററിൽ താഴെ നീളവുമായി എത്തുന്ന അഞ്ചു സീറ്റർ വകഭേദം മാരുതി ബ്രെസ, ടാറ്റ നെക്സോൺ, ഫോഡ് ഇക്കോസ്പോർട് എന്നിവരുമായാണ് മത്സരിക്കുമ്പോൾ നാലു മീറ്ററിൽ മുകളിൽ നീളമുള്ള ഏഴു സീറ്റർ മോ‍ഡൽ ഹ്യുണ്ടേയ് ക്രേറ്റ, റെനോ ഡസ്റ്റർ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കും.

SsangYong Tivoli

നിലവിൽ രാജ്യാന്തര വിപണിയിലുള്ള ടിവോളിയുടെ പ്ലാറ്റ്ഫോമായ എക്സ് 100 നിർ‌മിക്കുന്ന എസ്201 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ചെറു എസ്‌യുവി വികസന ഘട്ടത്തിലെന്നാണ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ. ടിവോളിയുടെ പ്ലാറ്റ്ഫോം മാത്രമല്ല ഡിസൈൻ ഘടകങ്ങൾ കൂടി അടിസ്ഥാനപ്പെടുത്തിയിരിക്കും പുതിയ കോംപാക്റ്റ് എസ്‌യുവി മഹീന്ദ്ര പുറത്തിറക്കുക എന്നാണ് സൂചന. എന്നാൽ ടിവോളിയിൽ നിന്ന് വ്യത്യസ്തമായി വലിയ ടയറുകളും മസ്കുലറായ രൂപവും എക്സ്‌യുവി 300നുണ്ടാകും.

പെട്രോൾ, ഡീസൽ വകഭേദങ്ങളുള്ള കാറിന്റെ പെട്രോൾ പതിപ്പിൽ 1.2 ലീറ്റർ എൻജിനും ഡീസൽ പതിപ്പിൽ 1.5 ലീറ്റർ എൻജിനുമുണ്ടാകും. ഏഴു മുതൽ 12 ലക്ഷം വരെയായിരിക്കും എക്സ്‌യുവി 300 ന്റെ വില. 2016 ഫെബ്രുവരിയിൽ നടന്ന ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ മഹീന്ദ്ര ടിവോളിയെ പ്രദർശിപ്പിച്ചിരുന്നു. 2015 ലാണ് രാജ്യാന്തര വിപണിയിൽ സാങ്‌യോങ് ടിവോളിയെ പുറത്തിറക്കുന്നത്. നിലവിൽ 1.6 ലീറ്റർ പെട്രോൾ ഡീസൽ എൻജിനുകളാണ് ടിവോളിയിലുള്ളത്.