പുതുചരിത്രം രചിച്ചു റെക്കോഡുകളുടെ സ്വന്തം വലന്റീനൊ

Valentino Rossi, Yamaha, MotoGP, Losail, Qatar, Movistar, SuperStoked, SuperStoked.me

റെക്കോഡുകളുടെ തോഴനായ മോട്ടോ ജി പി റൈഡർ വലന്റീനൊ റോസിയുടെ തൊപ്പിൽ മറ്റൊരു പൊൻതൂവൽ കൂടി. ഒൻപതു ലോക ചാംപ്യൻഷിപ്പുകൾ നേടിയ യമഹ റൈഡർ റോസി മോട്ടോ ജി പിയിലെ ഒട്ടേറെ റെക്കോഡുകൾ സ്വന്തം പേരിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ സ്പാനിഷ് ഗ്രാൻപ്രിക്കിടെയാണു റോസി വീണ്ടും ചരിത്രം സൃഷ്ടിച്ചത്. മത്സരത്തിലെ 15—ാം ലാപ്പിനിടെ റേസിങ്ങിൽ റോസി 40,075 കിലോമീറ്റർ പൂർത്തിയാക്കി; ഒരു തവണ ലോകം ചുറ്റിവരാൻ വേണ്ട ദൂരത്തോളം വരുമിത്. 

ഗ്രാൻപ്രി മോട്ടോർ റേസിങ്ങിൽ 23 സീസണായി തിളങ്ങുന്ന പേരാണ് ഇറ്റാലിയൻ റൈഡറായ വലന്റീനൊ റോസിയുടേത്. സംഭവബഹുലമായ കായിക ജീവതത്തിനിടെ 115 മത്സര വിജയങ്ങളടക്കം 228 പ്രാവശ്യമാണു റോസി വിജയപീഠത്തിൽ ഇടംനേടിയത്. ജെറെസ് ആതിഥ്യമരുളിയ സ്പാനിഷ് ഗ്രാൻപ്രിയുടെ 15—ാം ലാപ്പോടെ റോസി പൂർത്തിയാക്കിയത് 8,730 മത്സര ലാപ്പുകളാണ്; ഭൂമിയുടെ ചുറ്റളവിനോളം പോന്ന 40,075 കിലോമീറ്ററാണ് ഈ മത്സരത്തിനിടെ റോസി പിന്നിട്ടത്.

യഥാർഥ മത്സരത്തിൽ റോസി പൂർത്തിയാക്കിയ ലാപ്പുകൾ മാത്രമാണ് ഈ ചരിത്രനേട്ടത്തിൽ പരിഗണിച്ചത് എന്നതും പ്രത്യേകം ഓർമിക്കണം; മത്സരത്തിനു മുന്നോടിയായ പരിശീലനത്തിലും യോഗ്യതാ നിർണയവേളകളിലുമൊക്കെ പിന്നിട്ട ലാപ്പുകൾ കൂടി കണക്കിലെടുത്താൽ റോസി പിന്നിട്ട മത്സരദൂരം ഇതിലുമെത്രയോ ഏറെയാണ്.  രണ്ടു ദശാബ്ദത്തിലേറെ നീണ്ട കായിക ജീവത്തിനിപ്പുറവും ഗ്രിഡിലെ കടുത്ത പോരാളികളായ മത്സരാർഥികൾക്കൊപ്പമാണ് റോസിയുടെ സ്ഥാനം. നിലവിലുള്ള മോട്ടോ ജി പി ചാംപ്യൻ മാർക് മാർക്വേസിന്റെ പ്രായം മോട്ടോ ജി പിയിൽ റോസി മത്സരിച്ച സീസണുകൾക്ക് ഏറെക്കുറെ തുല്യമാണെന്നതും ഈ അവസരത്തിൽ ഓർക്കാം.

ചരിത്രം സൃഷ്ടിച്ച സ്പാനിഷ് ഗ്രാൻപ്രിയിൽ ജേതാവാകാൻ റോസിക്കു പക്ഷേ സാധിച്ചില്ല; സുസുക്കിയുടെ ആൻഡ്രിയ ഇയാനോണും പ്രമാക് ഡ്യുകാറ്റി ടീമംഗം ഡാനിലൊ പെട്രൂസിയും ഉയർത്തിയ കനത്ത വെല്ലുവിളി അതിജീവിച്ചു നേടിയ അഞ്ചാം സ്ഥാനമായിരുന്നു ജെറെസിൽ റോസിയുടെ നേട്ടം. 2018 സീസണിലും റൈഡേഴ്സ് ചാംപ്യൻഷിപ്പിൽ മുന്നിട്ടു നിൽക്കുന്ന ഹോണ്ടയുടെ മാർക്വെസ് തന്നെയാണു സ്പാനിഷ് ജി പിയിലെയും ജേതാവ്.