റോ‍ഡുകണ്ടാല്‍ പറക്കാൻ തോന്നും, പക്ഷേ അരികിലുണ്ട് അപകടം

Accident

കേരളത്തിന്റെ പുറത്തേയ്ക്ക് തീർത്ഥാടനത്തിനും വിനോദയാത്രയ്ക്കും പോകുന്നവർ ശ്രദ്ധിക്കുക എന്ന പേരിൽ കുറച്ചു കാലമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നൊരു സന്ദേശമുണ്ട്. കേരളത്തില്‍ നിന്നുള്ള വാഹനങ്ങളിൽ ലോറി ഇടിപ്പിച്ച് മോഷണം നടത്തുന്നതിനെ പറ്റിയായിരുന്നു അത്. സംഗതി സത്യമാണോ എന്നറിയില്ലെങ്കിലും കേരളത്തിൽ നിന്നുള്ള വാഹനങ്ങളാണ് അന്യ സംസ്ഥാനങ്ങളിൽ കൂടുതലായും അപകടത്തിൽ പെടുന്നത്. ഇതേ തുടർന്നായിരിക്കും ഇത്തരത്തിലൊരു സന്ദേശത്തിന്റെ ഉറവിടം.  കോട്ടയം കോരുത്തോടു നിന്നു തീർഥാടനത്തിനെത്തിയ ബന്ധുക്കളായ ഏഴു പേർ ദേശീയ പാതയിൽ അപകടത്തിൽ മരിച്ചത് ഏറ്റവും പുതിയ ഉദാഹരണം. പക്ഷേ എന്തുകൊണ്ടായിരിക്കാം നമ്മുടെ വാഹനങ്ങൾ കൂടുതൽ അപകടത്തിൽ പെടുന്നത്?. 

തമിഴ്‌നാട്ടിലെ സുഖയാത്ര നൽകുന്ന വിശാലമായ റോഡുകൾ, പരിതികളിലാത്ത വേഗം, പലപ്പോഴും സുരക്ഷിതയാത്ര ഒരുക്കാത്തതിനു കാരണം പലതാണ്. കേരളത്തിലെയും അയൽസംസ്ഥാനങ്ങളിലെയും റോഡുകൾ തമ്മിൽ വലിയ അന്തരമുണ്ട്. ദീർഘദൂര യാത്രയിലെ ക്ഷീണം കൂടിയാകുമ്പോൾ യാത്ര പലപ്പോഴും അപകടത്തിൽ എത്തുന്നു.  തിരക്കു കുറഞ്ഞ വിശാലമായ റോഡുകളിൽ വാഹനങ്ങൾക്കു വേഗം കൂടുതലാണ്. ശരാശരി 100 കിലോമീറ്ററിൽ അധികം വേഗത്തിൽ പോകുന്ന വാഹനം അപകടത്തിൽപെട്ടാൽ ആഘാതം കൂടും. 

റോഡുകൾ നല്ലതെങ്കിലും സുരക്ഷാസൗകര്യങ്ങൾ കുറവ്. പാതയുടെ വീതിയും കൂടുതലാണ്. വിജനമായ ഗ്രാമമേഖലകളിൽ രാത്രിയിൽ പാതയിൽ വെളിച്ചം കാണില്ല. മുന്നറിയിപ്പു സൂചനകളും കുറവ്. അപകടത്തിൽപെടുന്നവർക്കു രക്ഷാപ്രവർത്തനംപോലും വൈകുന്നു. അപകടത്തിൽപെട്ടവരെ ഒരുമണിക്കൂർ എന്ന നിർണായക സമയത്തിനുള്ളിൽ ആശുപത്രിയിൽ എത്തിക്കാനും സാധ്യത കുറവ്. 

രാത്രിയിൽ വിജനമായ മേഖലകളിലെ തിരക്കു കുറഞ്ഞ വിശാലമായ പാതയിലെ യാത്ര ഡ്രൈവറെ ഉറക്കത്തിലേക്കു നയിക്കുന്നു. വിദേശത്തു നാലുമണിക്കൂർ ഡ്രൈവ് ചെയ്‌താൽ ഒരുമണിക്കൂർ വിശ്രമം നിർബന്ധമാണ്.  തമിഴ്‌നാട്ടിലെയും കർണാടകയിലെയും പാതകളിൽ കൂടുതലും ദീർഘദൂര ട്രക്കുകളും ബസുകളുമാണ്. രാത്രിയിൽ ഇവയുടെ എണ്ണം കൂടുതലും. ലോറികളിലും മറ്റും ആവശ്യമായ സുരക്ഷാലൈറ്റുകൾ ഇല്ലാതെയുമുണ്ട്. നല്ല വേഗത്തിൽ പോകുന്ന ഇത്തരം വാഹനങ്ങളുമായി കൂട്ടിമുട്ടിയാൽ അപകടത്തിന്റെ ആഘാതം കൂടും.  വിദഗ്ധരായ ഡ്രൈവർക്കു പകരം വാഹന ഉടമകൾ തന്നെ ഡ്രൈവ് ചെയ്യുന്ന സംഭവങ്ങളും പതിവാണ്.