മോഡൽ ത്രീ നിർമാണം വർധിപ്പിക്കാൻ ടെസ്‌ല

വൈദ്യുത സെഡാനായ ‘മോഡൽ ത്രീ’യുടെ ഉൽപ്പാദനം ഗണ്യമായി വർധിപ്പിക്കാൻ യു എസ് നിർമാതാക്കളായ ടെസ്‌ല ഇൻകോർപറേറ്റഡ് തയാറെടുക്കുന്നു. ഈ ആഴ്ചയോടെ ‘മോഡൽ ത്രീ’യുടെ പ്രതിദിന ഉൽപ്പാദനം 500 യൂണിറ്റിലെത്തിക്കാനാണു പദ്ധതിയെന്ന് ടെസ്ല ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എലോൺ മസ്ക് വെളിപ്പെടുത്തി. ഇതോടെ ‘മോഡൽ ത്രീ’ കാറിന്റെ പ്രതിവാര ഉൽപ്പാദനം 3,500 യൂണിറ്റോളമായി ഉയരുമെന്നാണു പ്രതീക്ഷ. ഏപ്രിൽ അവസാന വാരം ടെസ്‌ല 2,270 ‘മോഡൽ ത്രീ’യായിരുന്നു നിർമിച്ചത്.

‘മോഡൽ ത്രീ’ ഉൽപ്പാദനം പ്രതീക്ഷിച്ച രീതിയിൽ പുരോഗമിക്കുന്നുണ്ടെന്ന് ഈ മാസം ആദ്യം ടെസ്ല അവകാശപ്പെട്ടിരുന്നു. രണ്ടു മാസത്തിനകം കാറിന്റെ പ്രതിവാര ഉൽപ്പാദനം 5,000 യൂണിറ്റിലെത്തിക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.അതിനിടെ കാർ ഉൽപ്പാദനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മസ്ക് ടെസ്ല ജീവനക്കാരുടെ സഹായവും അഭ്യർഥിച്ചിട്ടുണ്ട്. ഉൽപ്പാദനത്തിനു തടസ്സം സൃഷ്ടിക്കുന്ന എന്തെങ്കിലും കാര്യമുണ്ടെങ്കിൽ അത് ഈ ആഴ്ച തന്നെ അറിയിക്കാനാനാണു മസ്കിന്റെ നിർദേശം. ജീവനക്കാർക്ക് അയച്ച ഇ മെയിൽ സന്ദേശത്തിലാണു മസ്ക് ഈ നിർദേശം മുന്നോട്ടു വച്ചത്. 

ഊർജിത പുനഃസംഘടനയിലൂടെയാണ് കമ്പനി കടന്നു പോകുന്നതെന്നു മസ്ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഉൽപ്പാദന രംഗത്തെ പ്രശ്നങ്ങൾക്കൊപ്പം മുതിർന്ന ജീവനക്കാർ കമ്പനി വിട്ടതും വൈദ്യുത കാറുകൾ വരുത്തിവച്ച അപകടങ്ങളുമൊക്കെ ടെസ്ലയ്ക്കു തലവേദന സൃഷ്ടിക്കുന്നുണ്ട്.  ‘മോഡൽ ത്രീ’ ഉൽപ്പാദനം പ്രതീക്ഷിച്ച നിലവാരത്തിലെത്തിക്കുന്നതിൽ വീഴ്ച സംഭവിക്കാതിരിക്കാൻ തന്ത്രപ്രധാന തസ്തികകളിലെ നിയമനം ത്വരിതപ്പെടുത്തിയെന്നും മസ്ക് അവകാശപ്പെട്ടിരുന്നു.