Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരുഭൂമിയിൽ പരീക്ഷണയോട്ടം നടത്തുന്ന എക്സ്‍യുവി 700

xuv-700 Mahindra XUV 700, Image Source: Social Media

മഹീന്ദ്രയുടെ നിരയിലെ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനം എക്സ് യു വി 700യ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. കരുത്തും ഓഫ്റോ‍ഡ് മികവും സ്റ്റൈലും എല്ലാം ഒരുപോലെ സമം ചേർത്ത ഈ വാഹനം ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായിട്ടാണ് മത്സരിക്കുക.  എക്സ്‌യുവി 700യുടെ മരുഭുമിയിലൂടെയുള്ള പരീക്ഷണയോട്ട ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ താരമാകുന്നത്. മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങ്ങിന്റെ റെക്സ്റ്റണാണ് മഹീന്ദ്രയുടെ പേരിൽ പുറത്തിറങ്ങുന്നത്. വിപണിയിൽ തരംഗം സൃഷ്ടിക്കാനെത്തുന്ന വാഹനം ദീപാവലിക്ക് മുമ്പായി പുറത്തിറക്കുമെന്നാണ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ.

Mahindra Premium SUV @ Auto Expo 18

നേരത്തെ റെക്സ്റ്റൺ ഇന്ത്യൻ വിപണിയിൽ വിൽപ്പനയിലുണ്ടായിരുന്നെങ്കിലും വിപണിയിൽ ചലനങ്ങളുണ്ടാക്കാൻ സാധിക്കാത്തതുമൂലം പിൻവലിക്കുകയായിരുന്നു. പുതിയ റെക്സ്റ്റൺ മഹീന്ദ്രയുടെ ലേബലിൽ വീണ്ടുമെത്തുമ്പോൾ അതേ പേരുതന്നെ പിന്തുടരാൻ സാധ്യതയില്ല. മഹീന്ദ്ര എക്സ്‍‌യുവി 700 എന്ന പേരായിരിക്കും ലഭിക്കുകയെന്ന് സൂചനകളുണ്ട്. 

xuv-700-1 Mahindra XUV 700, Image Source: Social Media

റെക്സ്റ്റണെ അതേപൊലെ തന്നെ പുറത്തിറക്കാതെ മഹീന്ദ്രയുടെ ഡിസൈൻ ഫിലോസഫി അടിസ്ഥാനപ്പെടുത്തി ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യയിലെത്തിക്കുക. മുൻഗ്രില്ലിലും ഇന്റീരിയറിലും അലോയ് വീൽ ഡിസൈനിലുമെല്ലാം മാറ്റങ്ങളുണ്ടാകും. ഡ്യുവൽ ടോണ്‍ കളർ തീമിലുള്ള ക്യാമ്പിൻ, 9.2 ഇഞ്ച് എച്ച്ഡി ടച്ച് സ്ക്രീൻ ഇൻഫർടെൻമെന്റ് സിസ്റ്റം, ആൻഡ്രോയ്‍ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, 360 ഡിഗ്രി ക്യാമറ, 7.0 ഇഞ്ച് എൽസിഡി ഇൻട്രുമെന്റ് ക്ലസ്റ്റർ, ശീതികരിക്കാവുന്ന സീറ്റുകള്‍, ലക്ഷ്വറി അപ്ഹോൾസറി. സ്മാർട് ടെയിൽ ഡേറ്റ് എന്നിവ പുതിയ എസ്‌ യു വിയിലുണ്ട്. 

7 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണുള്ളത്. 2016 പാരിസ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച എൽഐവി-2 കൺസെപ്റ്റിൽ നിന്നാണ് പുതിയ വാഹനം വികസിപ്പിച്ചിരിക്കുന്നത്. ‌‌‌4.85 മീറ്റർ നീളവും 1.96 മീറ്റർ വീതിയും 1.8 മീറ്റർ ഉയരവുമുണ്ടാകും പുതിയ എസ് യു വിക്ക്. 2865 എംഎമ്മാണ് വീൽ ബെയ്സ്. ഇന്ത്യൻ വിപണിയിലുണ്ടായിരുന്ന റെക്സ്റ്റണിനെ അപേക്ഷിച്ച് കാഴ്ചയിൽ കൂടുതൽ പ്രീമിയം ലുക്ക് പുതിയ എസ് യു വിക്കുണ്ടാകും.  

ലാ‍‍‍ഡർഫ്രെയിം ഷാസിയിൽ നിർമ്മിച്ച വാഹനത്തിൽ 2.2 ലീറ്റർ ഡീസൽ എൻജിനാണ് ഉപയോഗിക്കുക. 4000 ആർപിഎമ്മിൽ 187 ബിഎച്ചിപി കരുത്തും  1400 മുതൽ 2800 വരെ ആർപിഎമ്മിൽ‌ 420 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. മണിക്കൂറിൽ 185 കിലോമീറ്ററാണ് ഉയർന്ന വേഗം. ഓട്ടമാറ്റിക്ക്, മാനുവൽ വകഭേദങ്ങളിൽ വാഹനം വിപണിയിലെത്തും. ഫോർച്യൂണറിനെക്കാള്‍ നാലു മുതൽ അഞ്ചു ലക്ഷം രൂപവരെ വിലകുറച്ചായിരിക്കും മഹീന്ദ്ര പുതിയ എസ്‌ യു വിയെ വിപണിയിലെത്തിക്കുക.