180 കി.മീ സ്പീഡിൽ പൊലീസ് ചേസ്, ട്രെയിന് മുന്നിൽ ജസ്റ്റ് മിസ്!

Screengrab From THE FINAL RACE - Subaru WRX STI vs Mustang

അമിത വേഗത്തിൽ കാറിൽ  പായുന്ന നായകൻ, തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പിറകെ  പാഞ്ഞു പോലീസ്. ചെന്നെത്തുന്നതോ റയിൽവേ ക്രോസ്സിലേക്കും പാഞ്ഞുവരുന്ന ട്രെയിന്റെ മുമ്പിലേക്കും. പിന്നത്തെ കാര്യം പറയാനുണ്ടോ? നായകന്റെ കാർ അതാ പറക്കുന്നു.. ട്രെയിനിന് അപ്പുറവുമിപ്പുറവും പോലീസും നായകനും. അപ്പുറം നിൽക്കുന്ന പോലീസിന് റ്റാ.. റ്റാ.. കാണിച്ച് വിജയശ്രീലാളിതനായി  രക്ഷപ്പെടുന്ന നായകൻ. റെയിൽ പാളത്തിന് അരികെ  ഇളിഭ്യരും രോഷാകുലരുമായി നിൽക്കുന്ന പോലീസുകാർ. സിനിമകളിൽ മാത്രം കാണുന്ന ഈ രംഗങ്ങൾ യഥാർത്ഥത്തിൽ സംഭവിച്ചാലോ? അത്തരത്തിൽ രസകരവും ഉദ്വേഗജനകവുമായ ഒരു സംഭവത്തിനു ലോകം സാക്ഷ്യം വഹിച്ചു. സംഭവം നടന്നത് നമ്മുടെ നാട്ടിലൊന്നുമല്ല കേട്ടോ..അങ്ങ് യു കെ യിലാണ്. 

സിനിമയെ വെല്ലുന്ന ഈ പൊലീസ് ചേസ്  ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇവിടെ കാറോടിക്കുന്നത് നായകനല്ല, 20 വയസുകാരൻ വില്ലനാണ് !. യുകെയിലെ കേംബ്രിഡ്ജ്  ഷെയറാണ് രംഗവേദി. ഏപ്രിൽ 25  രാത്രിയിലാണ് സംഭവം അരങ്ങേറിയത്. പൊലീസ് ഹെലികോപ്റ്ററിൽ നിന്നും കാറിന്റെ ‍ഡാഷ്ക്യാമിൽ നിന്നുമുള്ള ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.

180 കിലോമീറ്റർ വരെ വേഗത്തിൽ പായുന്ന കാർ ട്രെയിനിന്റെ മുന്നിൽ നിന്ന് രക്ഷപ്പെടുന്നത് അത്ഭുതകരമായാണ്. പൊലീസ് ചേസ് ഏറെനേരം നീണ്ടെങ്കിലും കാറിനെ പിടിക്കാനാകുന്നില്ല എന്ന് വിഡിയോയിൽ കാണാം. അവസാനം 160 കിലോമീറ്റർ വേഗത്തിൽ വാഹനം വളയ്ക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രം വിട്ട് മറിയുകയായിരുന്നു. ഡ്രൈവർക്കും വാഹനത്തിലുണ്ടായിരുന്ന മറ്റ് അ‍ഞ്ചുപേർക്കും പരിക്കേറ്റു. വാഹനം ഓടിച്ച 20 കാരന് ഒരു വർഷത്തെ ജയില്‍ ശിക്ഷയും രണ്ടുവർഷം വരെ വാഹനം ഓടിക്കുന്നതിൽ നിന്ന് വിലക്കും വിധിച്ചിട്ടുണ്ട് കോടതി.