ഓട്ടോയ്ക്ക് കൂട്ടാകാൻ ‘ക്യൂട്ട്’

ക്വാഡ്രിസൈക്കിളായ ‘ക്യൂട്ടി’ന്റെ വൈദ്യുത വകഭേദവും പരിഗണനയിലാണെന്നു നിർമാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ്. എന്നാൽ തുടക്കത്തിൽ പെട്രോൾ, സമ്മർദിത പ്രകൃതി വാതകം(സി എൻ ജി), ദ്രവീകൃത പെട്രോളിയം വാതകം(എൽ പി ജി) എന്നിവയിൽ ഓടുന്ന ‘ക്യൂട്ട്’ ആവും വിൽപ്പനയ്ക്കെത്തുകയെന്നു ബജാജ് ഓട്ടോ രാജ്യാന്തര ബിസിനസ് പ്രസിഡന്റ് രാകേഷ്  ശർമ അറിയിച്ചു. എന്നാൽ ഭാവിയിൽ ബാറ്ററിയിൽ ഓടുന്ന ‘ക്യൂട്ടും’ പ്രതീക്ഷിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. 

പ്രത്യേക വാഹന വിഭാഗമായി ക്വാഡ്രിസൈക്കിളിനെ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അംഗീകരിച്ച സാഹചര്യത്തിൽ ‘ക്യൂട്ടി’ന്റെ ഇന്ത്യൻ അരങ്ങേറ്റത്തിനൊരുങ്ങുകയാണു ബജാജ് ഓട്ടോ. 2012ലെ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച പിന്നാലെ തന്നെ അന്നത്തെ ‘ആർ ഇ 60’ ക്വാഡ്രിസൈക്കിളിന് അംഗീകാരം നേടാനുള്ള നടപടികൾ ബജാജ് ആരംഭിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ അനുമതി വൈകിയതോടെ വിദേശ രാജ്യങ്ങളിൽ ‘ക്യൂട്ട്’ വിൽപ്പനയ്ക്കെത്തിക്കാൻ കമ്പനി നിർബന്ധിതരാവുകയായിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ദിവസാണു വ്യക്തമായ വ്യവസ്ഥകളോടെ മന്ത്രാലയം ക്വാഡ്രിസൈക്കിളുകളെ പ്രത്യേക വാഹന വിഭാഗമായി പ്രഖ്യാപിച്ചത്. ഇതോടെ ‘ക്യൂട്ടി’ന്റെ ആഭ്യന്തര വിൽപ്പനയ്ക്കുള്ള തടസ്സവും നീങ്ങി.

ക്വാഡ്രിസൈക്കിൾ എന്ന വാഹനവിഭാഗം അംഗീകരിക്കപ്പെട്ടതിൽ ആഹ്ലാദമുണ്ടെന്ന് ശർമ പ്രതികരിച്ചു. അവശേഷിക്കുന്ന നടപടിക്രമങ്ങൾ കൂടി പൂർത്തിയാവുന്ന മുറയ്ക്ക് ബജാജ് ഓട്ടോ ‘ക്യൂട്ടി’ന്റെ ഇന്ത്യയിലെ വിൽപ്പന തുടങ്ങും. നഗരങ്ങളിലെ ആദ്യഘട്ട, അവസാന ഘട്ട യാത്രകൾക്കുള്ള അനുയോജ്യ മാർമെന്ന നിലയിലാവും ‘ക്യൂട്ടി’ന്റെ വിപണനമെന്നും അദ്ദേഹം സൂചിപ്പിച്ചു.

പുണെയിലെ ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ)യിൽ നിന്നുള്ള അംഗീകരമാണു നിലവിൽ ‘ക്യൂട്ടി’നായി ബജാജ് തേടുന്നത്. ഇതു ലഭിച്ചാലുടൻ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ‘ക്യൂട്ടി’നു റജിസ്ട്രേഷൻ നേടാനുള്ള അനുമതികൾക്കായി അപേക്ഷിക്കും. ഈ അനുവാദം നേടിയെടുക്കുന്നതിന്റെ അടിസ്ഥാനത്തിലാവും ബജാജ് ഓട്ടോ ‘ക്യൂട്ടി’ന്റെ ഇന്ത്യൻ അരങ്ങേറ്റം നിശ്ചയിക്കുക. ദേശീയ തലത്തിൽ അവതരണം നടത്താതെ അനുവാദം ലഭിക്കുന്ന സംസ്ഥാനങ്ങളിൽ ‘ക്യൂട്ട്’ വിൽപ്പന ആരംഭിക്കാനാണു ബജാജിന്റെ നീക്കം. 

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാര പുലർത്തുന്ന, 216.6 സി സി പെട്രോൾ എൻജിനാണ് ‘ക്യൂട്ടി’ന് കരുത്തേകുന്നത്; 13.5 ബി എച്ച് പി വരെ കരുത്തും 19.6 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഭാവിയിൽ ബി എസ് ആറ് നിലവാരമുള്ള എൻജിനോടെയാവും ‘ക്യൂട്ട്’ എത്തുകയെന്നും ശർമ വെളിപ്പെടുത്തുന്നു. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സോടെ എത്തുന്ന ‘ക്യൂട്ടി’നു ബജാജ് വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം മണിക്കൂറിൽ 70 കിലോമീറ്റർ ആണ്.